എച്ച് വൺ എൻ വൺ പനി : പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം യുവതി മരണമടഞ്ഞു

മനാമ : ബഹ്റൈനിൽ പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ യുവതി മരണമടഞ്ഞു. മരണകാരണം എച്ച് വൺ എൻ വൺ വൈറസ് മൂലമാണെന്നാണ് വിവരം. കർണ്ണാടക സ്വദേശി രൂപ മനോഹർ (33) ആണ് വെള്ളിയാഴ്ച മരണമടഞ്ഞത്.
ബഹ്റൈനിൽ ആദ്യമായാണ് ഈ വൈറസ് മൂലം ഒരാൾ മരണമടയുന്നത്. ഗർഭിണിയായിരുന്ന ഇവരെ രണ്ടാഴ്ച മുന്പ് ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിക്കേണ്ട ദിവസമായി ഡോക്ടർ അറിയിച്ചിരുന്നത് 15 ദിവസം കഴിഞ്ഞായിരുന്നുവെങ്കിലും സിസേറിയൻ ശസ്ത്രക്രിയയിലൂടെ രണ്ടാഴ്ച മുന്പുതന്നെ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച യുവതിക്ക് പനി ബാധിക്കുകയും സൽമാനിയാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഫെബ്രുവരി 9ന് രാത്രി പന്ത്രണ്ട് മണിയോടെ യുവതി മരണമടഞ്ഞു.
കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. ഇത് കൂടാതെ രണ്ട് കുട്ടികൾ കൂടി ഇവർക്കുണ്ട്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ നാട്ടിലയക്കും.