പുകയില, കോളനികുതി : ആശങ്കയിൽ കോൾഡ് സ്റ്റോറുകൾ

മനാമ : 2018ന്റെ ആദ്യപാദത്തിൽ പുകയില, കോള ഉത്പന്നങ്ങളുടെ മേൽ നടപ്പിലാക്കാനിരിക്കുന്ന നികുതി വർദ്ധനവ് കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവ രണ്ടും ഏറ്റവുമധികം വിൽക്കുന്ന കോൾഡ് സ്റ്റോർ ഉടമകൾ. മലയാളികളടക്കം നിരവധി പേർ ജോലി ചെയ്യുന്ന പ്രധാനപ്പെട്ട മേഖലയാണിത്. പുതിയ നികുതി വരുന്നതോടെ പുകയില, ഊർജ്ജ പാനീയങ്ങൾ എന്നിവയ്ക്ക് നൂറു ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് അന്പതു ശതമാനം നികുതിയുമാണ് നൽകേണ്ടത്.
അതേസമയം ബഹ്റിൈനിലെ ജനസമൂഹം ഈ വിലവർദ്ധനവിനോട് പൊരുത്തപ്പെടുമെന്ന വിശ്വാസമാണ് സാന്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. 2015ൽ ഉണ്ടായ എണ്ണ വിലവർദ്ധനവിനെ ഉൾക്കൊണ്ടത് പോലെ ജനങ്ങൾ ഒടുവിൽ ഇതും സ്വീകരിക്കുമെന്നാണ് അവരുടെ അഭിപ്രായം. ആരോഗ്യത്തിന് ഹാനികരമെന്ന രീതിയിലാണ് പുകയില, കോള ഉത്പന്നങ്ങളുടെ മേൽ പാപനികുതി എന്ന പുതിയ നിരക്ക് കൊണ്ടുവരുന്നത്. 2015 ഡിസംബറിൽ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ പ്രമേയത്തിലാണ് ബഹ്റൈനിൽ എക്സൈസ് നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകുന്നത്.
ഇങ്ങിനെയൊരു ആശങ്ക നിലനിൽക്കുന്പോഴും, സൗദി അറേബ്യയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന വാറ്റ് നികുതി ബഹ്റൈനിലെ മറ്റ് വ്യാപാര മേഖലകളിൽ ഊർജ്ജം വർദ്ധിപ്പിക്കുമെന്നാണ് നീരിക്ഷകരുടെ അഭിപ്രായം. പ്രത്യേകിച്ച് ജ്വല്ലറി, ഇലക്ട്രോണിക്സ് മേഖലകളിലാണ് കൂടുതൽ ക്രയവിക്രയങ്ങൾ പ്രതീക്ഷിക്കുന്നത്. 2018 ജൂൺ മാസത്തോടെ ബഹ്റൈനിലും വാറ്റ് നിലവിൽ വരുമെന്നാണ് അറിയുന്നത്.