ഗതാഗത കുരുക്കുകൾ നിയന്ത്രിക്കാൻ പുതിയ സംവിധാനം വരുന്നു

മനാമ : രാജ്യത്തെ ഗതാഗതനിയന്ത്രണ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അഥവാ എഐ എന്ന നൂതന സാങ്കേതിക വിദ്യ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബഹ്‌റൈൻ. ട്രാഫിക് ലൈറ്റുകളുമായി ബന്ധിപ്പിച്ച് ഗതാഗത നിയന്ത്രണം ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഈ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. നിലവിലുള്ള ഗതാഗത നിയന്ത്രണ രീതികളിൽ നിന്നും മെച്ചപ്പെട്ടതും പ്രായോഗികവുമാണ് പുതിയ സംവിധാനമെന്നും അധികാരികൾ അറിയിക്കുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും, പ്രതിരോധ വകുപ്പിന്റെയും, സുരക്ഷാ കമ്മിറ്റിയുടെയും പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. കൃത്യമായ ഇടവേളകളിൽ വരുന്ന ട്രാഫിക് സിഗ്നലുകൾക്ക് പകരം ഗതാഗത കുരുക്കുണ്ടാകുന്പോൾ ട്രാഫിക് സിഗ്നലുകൾ സ്വയമേ നിയന്ത്രിച്ച് ഗതാഗതം സുഗമമാക്കാനും, വാഹനാപകടങ്ങൾ കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. കൃത്യമായ ഇടവേളകളിൽ ഇപ്പോഴുള്ള ഗതാഗത നിയന്ത്രണത്തേക്കാൾ മെച്ചപ്പെട്ട സംവിധാനമാകും ഇത്. കൂടാതെ സിഗ്നലുകളെ കടന്നു പോകുന്ന വാഹനങ്ങളെക്കൂടി നിരീക്ഷിക്കുവാനും ഇതിലൂടെ സാധിക്കും. ഗതാഗത മേഖലയിലെ നിയന്ത്രണത്തിന് ആവശ്യമായുള്ള ചിലവ് കുറയ്ക്കാനും, ഗതാഗത നിയമങ്ങൾ പാലിക്കാത്തവരെ കൃത്യമായി മനസ്സിലാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ഈ പുതിയ സംവിധാനത്തെ അധികൃതർ നോക്കി കാണുന്നത്.