മണിയന്റെ കാഴ്ചയ്ക്ക് വേണ്ടിയൊരു സംഗീത നിശ

മനാമ : ജീവിതത്തിലെ നിറമുള്ള കാഴ്ചകൾ പെട്ടെന്നൊരുനാൾ കണ്ണുകളിൽ തെളിയാതാകുന്പോഴാണ് നമ്മൾ കാഴ്ച ശക്തിയുടെ വില അറിയുക. ഒരുകാലത്ത് ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ്ബിൽ സംഗീതാസ്വാദകരുടെ മനസ്സ് കവർന്ന റിഥം ആർട്ടിസ്റ്റും അങ്കമാലി സ്വദേശിയുമായ മണിയൻ (44) ഇന്ന് തന്റെ കാഴ്ചയ്ക്ക് ജീവിതത്തിന്റെ തന്നെ വിലയുണ്ട്. കാരണം മൂന്ന് മാസങ്ങൾക്ക് മുൻപ് രക്തസമ്മർദ്ദം കൂടി രണ്ട് കണ്ണുകളിലേയ്ക്കും ഇരുട്ട് കയറി കാഴ്ച നഷ്ടമായപ്പോൾ മണിയന് സംഗീതസാന്ദ്രമായ സ്വന്തം ജീവിതം തന്നെ ഇരുട്ടിലായിരിക്കുന്നു.
2005ൽ ബഹ്‌റൈനിലെത്തിയ മണിയൻ ഒരു കന്പനിയിൽ കുറച്ചുകാലം സെക്യൂരിറ്റി ജീവനക്കാരനായും, പിന്നീട് ഇന്ത്യൻ ക്ലബ്ബിന്റെ റെസ്റ്റോറന്റിൽ സപ്ലയറായും, അവിടത്തെ സംഗീത പരിപാടികളിൽ റിഥം ആർട്ടിസ്റ്റായും അഞ്ച് വർഷത്തോളം ബഹ്‌റൈനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ മൂലം നാട്ടിലേയ്ക്ക് തിരിച്ചുപോയ അദ്ദേഹത്തിന് പിന്നീടുള്ള ജീവിതത്തിൽ കൂടുതലൊന്നും സന്പാദിക്കാൻ കഴിഞ്ഞില്ല. ശാരീരിക പ്രശ്നങ്ങൾക്കൊപ്പം കാഴ്ചയും നഷ്ടമായതോടെ മുന്നോട്ടുള്ള ജീവിതം തീർത്തും ദുരിതപൂർണ്ണമാവുകയായിരുന്നു. സാന്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് മണിയന്റേത്. ജീവിതവ്യഥകളിൽ കൂടെ നിൽക്കേണ്ട ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. എട്ടിലും ആറിലും പഠിക്കുന്ന രണ്ട് കുഞ്ഞ് മക്കളാണ് ഉള്ളത്. ബന്ധുക്കളുടെ കാരുണ്യം കൊണ്ടാണ് ഇപ്പോൾ വീട്ടുകാര്യങ്ങൾ നടന്നു പോകുന്നത്. കുട്ടികളെ നോക്കുന്നതും മണിയന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും പ്രായമായ അമ്മയാണ്. ഇപ്പോൾ കാഴ്ച്ചശക്തി നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും വെളിച്ചത്തിലേയ്ക്ക് എത്താൻ അധികം ദൂരമില്ലെന്നാണ് മണിയനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. അഞ്ച് ലക്ഷം രൂപയുടെ ഓപ്പറേഷൻ നടത്തിയാൽ മണിയന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് അവരുടെ അഭിപ്രായം.
മണിയന്റെ ദുരവസ്ഥ മനസ്സിലാക്കിയ ബഹ്‌റൈനിലെ അദ്ദേഹത്തിന്റെ പഴയകാല സുഹൃത്തുക്കൾ മണിയന്റെ ചികിത്സയ്ക്ക് വേണ്ടി സംഗീത കലാകാരന്മാരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മ്യൂസിഷ്യൻസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 5ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ‘മണിയൻ സാന്ത്വന സംഗീതം’ എന്ന സംഗീത പരിപാടി സംഘടിപ്പിക്കുക്കുകയാണ്. ബഹ്‌റൈനിലെ 25ഓളം സംഗീത കലാകാരന്മാർ ഒന്നിക്കുന്ന സംഗീത പരിപാടിയിൽ സൗജന്യമായിട്ടാണ് ഓർക്കസ്ട്ര ഒരുക്കുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന തുക പൂർണ്‍ണമായും മണിയന്റെ ചികിത്സാ സഹായ നിധിയിലേയ്ക്ക് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.