മറീന ചാന്പ്യൻ കപ്പ് യുവ കേരളയ്ക്ക്

മനാമ : ബഹ്റൈൻ എക്സപാറ്റ് ഫുട്ബോൾ ക്ലബ്ബായ മറീന എഫ്.സി നടത്തിയ പ്രഥമ ചാന്പ്യൻ കപ്പിൽ യുവ കേരള ജേതാക്കളായി. ഏതിരില്ലാത്ത ഒരു ഗോളിന് എഫ്.സി മനാമയെ തോൽപ്പിച്ചാണ് യുവ കേരള ജേതാക്കളായത്. ഇരുടീമികളും മികച്ച മുന്നേറ്റം നടത്തിയ ഫൈനൽ മത്സരത്തിൽ പാസ്സിംഗിലും പന്തടക്കത്തിലും ഒരുപടി മുന്നിൽ നിന്ന യുവകേരള മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ സ്ട്രൈക്കർ ഹർഷാദ് വാവ നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ കപ്പ് നേടിയെടുത്തു. ടൂർണ്ണമെന്റിലുടനീളം മികച്ച ഫോമിൽ കളിച്ച യുവ കേരള സെമിയിൽ ശക്തരായ ഷോട്സ്റ്റോപ്പേഴ്സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്.
ടൂർണ്ണമെന്റിലെ മികച്ച ഗോൾകീപ്പറായി യുവയുടെ അസ്്ലമും മികച്ച കളിക്കാരനായി യുവയുടെ ഷംസീറും ഗോൾ വേട്ടക്കാരനായി യുവയുടെ തന്നെ എയ്ഞ്ചലോ ഡീസൂസയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്റ്റോപ്പർ ബാക്കിനുള്ള പുരസ്ക്കാരം എഫ്.സി മനാമയുടെ സന്തോഷിനാണ്.