ജ്വല്ലറി­ അറേ­ബ്യ അന്താ­രാ­ഷ്ട്ര പ്രദർ‍ശനത്തി­നു­ തു­ടക്കമാ­യി­


മനാമ : ഈ വർ‍ഷത്തെ ജ്വല്ലറി അറേബ്യ അന്താരാഷ്ട്ര ജ്വല്ലറി പ്രദർ‍ശനം ബഹ്റൈനിൽ ആരംഭിച്ചു. ഇന്നലെ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ‍  വിവിധ മന്ത്രിമാരും മന്ത്രാലയങ്ങളിൽ ‍നിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസിയിൽ‍ നിന്നടക്കമുള്ള നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.നവംബർ‍ 25 വരെ ബഹ്‌റൈൻ‍ ഇന്റർ‍നാഷണൽ‍ എക്‌സിബിഷൻ‍ സെന്ററിൽ‍ നടക്കുന്ന പ്രദർ‍ശനത്തിന് വൻ‍പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

21,000 ചതുരശ്ര മീറ്റർ‍ വിസ്തീർ‍ണ്ണമുള്ള പ്രദർ‍ശന നഗരിയാണ് ഇതിനായി ഒരുങ്ങിയിട്ടുള്ളത്. ജ്വല്ലറി അറേബ്യക്ക് വർ‍ഷം തോറും സ്വീകാര്യത വർ‍ദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദർ‍ശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകരായ അറേബ്യൻ‍ എക്‌സിബിഷൻ‍ മാനേജ്‌മെന്റ് സെയിൽ‍സ് ആന്റ് മാർ‍ക്കറ്റിംഗ് ഡയറക്ടർ‍ ഫൗസി അൽ‍ ഷിഹാബി അറിയിച്ചു. ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളിൽ‍ നിന്നായി അറുനൂറോളം സ്ഥാപനങ്ങൾ‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദർ‍ശനത്തിൽ‍ പങ്കെടുക്കുന്നുണ്ട്.

എല്ലാ വർ‍ഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ‍, ബ്രസീൽ‍, ഗ്രീസ്, ജർ‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്റ്, തുർ‍ക്കി, മലേഷ്യ, സിംഗപ്പൂർ‍ എന്നിവിടങ്ങളിൽ‍ നിന്നാണ് ഏറ്റവും കൂടുതൽ‍ സ്ഥാപനങ്ങൾ‍ എത്താറുള്ളത്. അഞ്ചു ദിവസം നീണ്ടു നിൽ‍ക്കുന്ന പ്രദർ‍ശനത്തിൽ‍ ദിവസേന വൈകിട്ട് നാലു മുതൽ‍ രാത്രി പത്തുമണിവരെ പൊതുജനങ്ങൾ‍ക്ക് പ്രവേശനം അനുവദിക്കും. ബഹ്‌റൈനിലെ പ്രത്യേക സാഹചര്യത്തിൽ‍ സന്ദർ‍ശകർ‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ‍ വളരെ കർ‍ശനമായ സുരക്ഷയിലാണ് പ്രദർ‍ശനം സംഘടിപ്പിക്കുന്നത്.ഇന്ത്യയിൽ‍ നിന്ന്  നിരവധി സ്ഥാപനങ്ങളാണ് പ്രദർ‍ശനത്തിൽ‍ പങ്കെടുക്കാനായി എത്തിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed