ഗതാഗത നിയമലംഘനം : മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് പിൻവലിച്ചു
മനാമ : രാജ്യത്തു നടപ്പിലാക്കിയ പോയിന്റ് രീതിയിലുള്ള ഗതാഗത നിയമങ്ങളുടെ ഭാഗമായി നിയമം തെറ്റിച്ച മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് പിൻവലിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. തുടർച്ചയായി ഗതാഗത നിയമ ലംഘനം നടത്തി 20 പോയിന്റുകൾ ലഭിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസാണ് ഇത്തരത്തിൽ പിൻവലിക്കുന്നതെന്ന് ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. ഗതാഗത മന്ത്രാലയം നടത്തുന്ന ബോധവൽക്കരണ പരിശീലന ക്ലാസിൽ സംബന്ധിക്കുകയും അതോടനുബന്ധിച്ചു നടത്തുന്ന ടെസ്റ്റിൽ പാസാവുകയും ചെയ്താൽ മാത്രമേ പിൻവലിച്ച ഡ്രൈവിംഗ് ലൈസൻസ് പുനഃസ്ഥാപിച്ചു കിട്ടുകയുള്ളൂ. രാജ്യത്തു നടക്കുന്ന80 ശതമാനം വാഹനാപകടങ്ങളും ഡ്രൈവർമാരുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2014ലാണ് രാജ്യത്തെ ഗതാഗത നിയമം പരിഷ്കരിച്ചു കൊണ്ട് പോയിന്റ് സിസ്റ്റം നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചത്. 2015 മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഗതാഗത നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന്റെഭാഗമായി മിക്ക പ്രധാന കേന്ദ്രങ്ങളിലുംനൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ക്യാമറകളും മറ്റും സ്ഥാപിക്കുകയും ചെയ്തു.
ഗതാഗത നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് 2 പോയിന്റും പരമാവധി 10 പോയിന്റുമായിരിക്കും ഒരു തവണ ലഭിക്കുന്നത്. ഒരു വർഷത്തിൽ 20 പോയിന്റ് എത്തിയാൽ പിഴ ചുമത്തുകയും മൂന്നുമാസത്തേയ്ക്ക് ലൈസൻസ് തടഞ്ഞുവെയ്ക്കുകയും ചെയ്യും. വർഷത്തിൽ ഇത് രണ്ടു തവണ എത്തിയാൽ ആറ് മാസത്തേയ്ക്കും മൂന്നു തവണ പോയിന്റ് എത്തിയാൽ ഒരു വർഷത്തേയ്ക്കും ലൈസൻസ് സസ്പെന്റ് ചെയ്യും. നിയമലംഘനം വീണ്ടുംതുടരുന്ന പക്ഷം ലൈസൻസ് തന്നെ റദ്ദാക്കാനും ഈ നിയമം ശുപാർശ ചെയ്യുന്നു.ഡ്രൈവർമാരുടെ നിയമ ലംഘനത്തിന്റെ തോത് അനുസരിച്ചും അവർ വരുത്തിെവയ്ക്കുന്ന ആഘാതങ്ങളെ പരിഗണിച്ചും ആയിരിക്കും പോയിന്റ് നിശ്ചയിക്കുന്നത്. മദ്യ ലഹരിയിൽ വാഹനമോടിക്കുക, റോഡിൽ വാഹനാഭ്യാസങ്ങൾ നടത്തുക, വിപരീത ദിശയിൽ വാഹനമോടിക്കുക, ചുവപ്പ് സിഗ്നൽ മറികടക്കുക, അമിതവേഗത, ട്രാഫിക് പോലീസിനെ ധിക്കരിച്ചു വാഹനമോടിക്കൽ, തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പോയിന്റുകൾ ആണ് നൽകുന്നത്. വാഹനത്തിന്റെ രൂപഘടനയിൽ അനുവാദമില്ലാതെ മാറ്റം വരുത്തൽ, സീറ്റ് ബെൽറ്റ് ധരിക്കാതെയിരിക്കുക, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയ്ക്കും പോയിന്റുകൾ ഉണ്ട്.
വാഹനമോടിക്കുന്ന സമയത്തു മൊബൈൽ ഫോൺ ഉപയോഗിച്ചു പിടിക്കപ്പെട്ടാൽ അതിനു 3 പോയിന്റുകളാണ് ചുമത്തുക. എമർജൻസി ലൈനിലൂടെ വാഹനമോടിക്കുന്നതിനും ഇതേ പോയന്റ് ചുമത്തും. ലൈസൻസ് കൈയിൽ കരുതാതെയിരിക്കുക, ലൈസൻസിൽ രേഖപ്പെടുത്തിയതല്ലാതെയുള്ള വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 2 പോയന്റുകൾ വീതം ചുമത്തും. റെഡ് സിഗ്നൽ മറികടക്കുക, അമിതവേഗതയിൽ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 7 പോയിന്റുകളാണ് നൽകുക. അപകടങ്ങൾ വരുത്തിവെച്ച് നിർത്താതെ പോവുക, മനപ്പൂർവ്വം ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ ലംഘനങ്ങൾക്ക് 5 പോയിന്റുകൾ വീതവും മദ്യ ലഹരിയിൽ വാഹനമോടിക്കുന്നവർക്ക് 8 പോയിന്റും അപകടത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ 10 പോയിന്റുകളും അവരുടെ പേരിൽ ചുമത്തും. പോയിന്റ് സന്പ്രദായം നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് 20 പോയിന്റുകൾ ചുമത്തപ്പെട്ട് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്ന സംഭവം ഉണ്ടായതെന്ന് ട്രാഫിക് ജനറൽ അതോറിറ്റി പറഞ്ഞു. ഇതു കൂടാതെ നിയമലംഘനങ്ങളുടെ വ്യാപ്തി അനുസരിച്ചു 3000 ദിനാർ വരെ പിഴ സംഖ്യയും ഈടാക്കും.


