ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിനായി യു.പി.പി ഒരുങ്ങി

മനാമ : ആസന്നമായ ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്ന് വർഷമായി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച തങ്ങൾക്കൊപ്പം 70 ശതമാനം രക്ഷിതാക്കൾ ഉണ്ടെന്ന അവകാശ വാദവുമായി യു.പി.പി ഭാരവാഹികൾ രംഗത്തെത്തി. ഇന്നലെ സൽമാനിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സ്‌കൂൾ ഭരണ സമിതിക്കെതിരെ നിരവധി ആരോപണങ്ങളാണ് യു.പി.പി ഭാരവാഹികൾ ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ സ്‌കൂൾ ഭരണം നടത്തിയവർ മാനേജ്മെന്റ് വൈദഗ്ധ്യമില്ലാത്തതിനാൽ സ്‌കൂളിന്റെ സാന്പത്തിക സ്ഥിതി പരിതാപകരമാവുകയും നിരവധി അദ്ധ്യയന ദിനങ്ങൾ കുട്ടികൾക്ക് നഷ്ടവുമാവുകയും ചെയ്തു.
രണ്ടായിരത്തി പതിനാലിൽ നടന്ന തിരഞ്ഞെടുപ്പിൽ അന്നത്തെ കമ്മറ്റിക്കെതിരെ നുണകളും ദുഷ് പ്രചരണങ്ങളും നടത്തി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയവർ സ്ഥാനമാനങ്ങൾക്ക് വേണ്ടി തമ്മിലടിച്ചും പരസ്പരം പഴി പറഞ്ഞും കൂട്ടം തെറ്റുകയും കാര്യക്ഷമതയില്ലാതാകുകയും ചെയ്ത കഴിവു കെട്ട ഭരണ സമിതി രക്ഷിതാക്കളോടും പൊതു സമൂഹത്തോടും കണക്കും മാപ്പും പറയണമെന്ന് യു.പി.പിയുടെ ചെയർമാൻ സ്ഥാനാർത്ഥി അജയകൃഷ്ണൻ, യു.പി.പി രക്ഷാധികാരി എബ്രഹാം ജോൺ എന്നിവർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടി കൂട്ടിയുണ്ടാക്കപ്പെടുന്ന വ്യത്യസ്ത ചേരിയിൽപ്പെട്ടവരുടെ ഒരു അഡ്ജസ്റ്റ്മെന്‍റ് മുന്നണിക്കും സ്കൂൾ ഭരണം നടത്തി കൊണ്ടു പോകാനാവില്ലെന്ന് അടി വരയിട്ട് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പ്രകടന പത്രികയിൽ ഫീസ് കുറയ്ക്കാമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ശേഷം ജനറൽ ബോഡിയിലെ അജണ്ടയിൽ പോലും ഉൾപ്പെടുത്താതെ രക്ഷിതാക്കൾക്ക് ഇരുട്ടടിയെന്നോണം രണ്ടും മൂന്നും ദിനാർ ഫീസ് കൂട്ടി, ട്യൂഷൻ ഫീസിനത്തിലും, ട്രാൻസ്പോർട്ട് ഇനത്തിലും അധിമായി കൂട്ടിയ ഫീസിന്‍റെ (മൊത്തം ഏഴ് ലക്ഷത്തിലധികം ദിനാറിന്‍റെ) കണക്ക് പൊതു സമൂഹത്തെയും രക്ഷിതാക്കളെയും ഇതുവരെ അറിയിച്ചിട്ടില്ല. ഒക്ടോബറിൽ കാലാവധി കഴിഞ്ഞ കമ്മറ്റി ഏപ്രിൽ മാസം അവതരിപ്പിക്കാനുള്ള കണക്കുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. സ്വന്തം ആളുകൾക്ക് വേണ്ടി സൃഷ്ടിച്ച തസ്തികകൾ വഴി ശന്‍പള ഇനത്തിൽ മൂന്ന് വർഷം കൊണ്ട് വരുത്തിയ സാന്‍പത്തിക ബാധ്യത അഞ്ച് ലക്ഷം ദിനാർ കവിയുമെന്നും ഇവർ ആരോപിക്കുന്നു. നൂറിൽ താഴെ സി.സി. ടി.വി ക്യാമറയുടെ ചിലവ് മുപ്പത്തിയാറായിരം ദിനാറെന്നത് വളരെ ഭീമമായ തുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ട്രാൻസ്പോർട്ട് കന്‍പനിയെ മാറ്റിയത് വഴി പ്രതിമാസം എട്ടായിരം ദിനാർ വെച്ച് ലാഭമുണ്ടാക്കിയെന്ന് അന്ന് പത്ര കുറിപ്പ് ഇറക്കി പറഞ്ഞ രണ്ടര വർഷത്തെ രണ്ട് ലക്ഷം ദിനാർ എന്തിനുപയോഗിച്ചെന്ന് പറയണമെന്നും യു.പി.പി ആവശ്യപ്പെടുന്നു.
അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ശന്‍പള വർദ്ധനവ് മുൻകാല പ്രാബല്ല്യത്തോടെ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണം. കഴിഞ്ഞ ഫെയറിന്‍റെ കണക്ക് എത്രയും പെട്ടെന്ന് രക്ഷിതാക്കൾ മുൻപാകെ സമർപ്പിക്കണം. പോയിന്‍റ് രണ്ട് ശതമാനം വിജയ ശതമാനം ഉയർന്നെന്ന് അവകാശപ്പെടുന്നത് പരിഹാസ്യമാണ്.
തികച്ചും പരിതാപാകരമായ ഇന്നത്തെ അവസ്ഥയിൽ നിന്നും ഇന്ത്യൻ സ്കൂളിൽ ഫീസ് വർദ്ധനവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം സാധ്യമാവണമെങ്‍കിൽ യു.പി.പി നേതൃത്വം നൽകുന്ന കമ്മറ്റി ശക്തമായി തിരിച്ചു വരേണ്ടത് സ്കൂളിന്‍റേയും രക്ഷിതാക്കളുടേയും ആഗ്രഹവും ആവശ്യവുമാണെന്നും ഫീസ് വർദ്ധനവും പരാതികളുമില്ലാത്ത അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള പുതിയ കാലഘട്ടത്തിന്‍റെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കാനുള്ള യു.പി.പിയുടെ പോരാട്ടത്തിന് സമൂഹത്തിലെ മുഴുവൻ ആളുകളുടേയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും യു.പി.പി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും യു.പി.പി രക്ഷാധികാരിയുമായ എബ്രഹാം ജോൺ, യു.പി.പി ചെയർമാൻ അജയകൃഷ്ണൻ, തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പി.എസ്.രാജ് ലാൽതന്‍പാൻ, മീഡിയ കൺവീനർ എഫ്.എം ഫൈസൽ, സ്ഥാനാർത്ഥികളായ ഡോക്ടർ റോയ് സെബാസ്റ്റ്യൻ, ഡോക്ടർ സുരേഷ് സുബ്രമണ്യം, റഷീദ് എൻ.കെ വാല്ല്യകോട്, ബിജു ജോർജ്ജ്, എം.ടി വിനോദ് കുമാർ, അബ്ദുൽ സഹീർ, സുനിൽ എസ്.പിള്ള, ജ്യോതിഷ് പണിക്കർ, വി.എം ബഷീർ, അബ്ബാസേഠ്, ചോട്ടുലാൽ, ജോർജ്ജ് മാത്യു, എബി കുരുവിള, കൃഷ്കുമാർ, കെ.എം തോമസ്, അജിത് കുമാർ എന്നിവർ പങ്‍കെടുത്തു.