ജനശ്രദ്ധയാകർഷിച്ച് സീ ഫെസ്റ്റിവൽ

മനാമ : ബഹ്‌റൈൻ ബേയിൽ വ്യാഴാഴ്ച ആരംഭിച്ച 'സീ ഫെസ്റ്റിവലി'ന്റെ രണ്ടാം എഡിഷനിൽ നിരവധി പേർ പങ്കെടുത്തു. ഇതുവരെ 5000ൽ അധികം പേർ സീ ഫെസ്റ്റിവൽ സന്ദർശിച്ചു. ഫെസ്റ്റിവലിൽ, മുങ്ങൽ വിദഗ്ദരായ ഇസ അൽ മുഹൈസ, താനി ദാവൂദ് മായാ, അബ്ദുൽറഹ്മാൻ അലി, പ്രശസ്ത ഫോട്ടോഗ്രാഫർ ഖലീഫ ഷഹീൻ, പുരാവസ്തു സൂക്ഷിപ്പുകാരൻ സലാഹ് അൽ ഹസൻ എന്നിവർ തങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയും യുവാക്കൾക്ക് പ്രചോദനം നൽകുകയും ബഹ്‌റൈന്റെ സമുദ്ര ചരിത്രത്തെപ്പറ്റി വിശദീകരിക്കുകയും ചെയ്തു.
വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പ് മന്ത്രി സയ്യിദ് ബിൻ റാഷിദ് അൽ സയാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമുദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച സമാപ്പിക്കുന്ന എക്സിബിഷനിലെ ടെക്നോ അക്വാ വേൾഡ് ഫോർ ഗെയിംസ്, മൾട്ടിമീഡിയ ഫോട്ടോ ഗ്യാലറി, തിയേറ്റർ എന്നിവ ഉൾപ്പെടുന്ന ഒരു ഇൻഡോർ ഏരിയ, മുത്തുച്ചിപ്പി, ജ്വല്ലറി വ്യാപാരം എന്നിവ എല്ലാ പ്രായത്തിലുള്ള സന്ദർശകരെയും ആകർഷിക്കുന്നു. സർഫിംഗ് സിമുലേറ്റർ, ഫ്രീ ഡൈവിംഗ് ഷോ എന്നിവയാണ് ആകർഷകമായ മറ്റ് കാഴ്ചകൾ. കടൽ വിഭവങ്ങളും സീ ഫെസ്റ്റിവലിൽ ലഭ്യമാണ്.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയുമാണ് 'സീ ഫെസ്റ്റിവൽ' നടക്കുക. 2 ബഹ്‌റൈൻ ദിനാറാണ് ടിക്കറ്റ് നിരക്ക്. 4 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.