ആധാർ കേസ് : മമതയ്ക്ക് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി : ആധാർ കേസിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. മമതയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പാർലമെന്റ് പാസാക്കിയ നിയമം ഒരു സംസ്ഥാനത്തിന് ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, മമത നിയമത്തിന് അതീതയല്ലെന്നും പറഞ്ഞു. വ്യക്തി എന്ന നിലയിൽ മമതയ്ക്ക് കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാരിന്റെ പേരിൽ കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി അറിയിച്ചു.
മൊബൈൽ ഫോൺ സിം കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്താണ് ബംഗാൾ സർക്കാർ കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. ഫോൺ കണക്ഷൻ റദ്ദാക്കിയാലും മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആധാർ നിബന്ധന ചോദ്യം ചെയ്ത് ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.