വയലിൻ തന്ത്രികളിൽ നാദപ്രപഞ്ചം ഒരുക്കി ഇമ്മോർട്ടൽ രാഗ

മനാമ : മെലഡികളുടെയും ശാസ്ത്രീയ സംഗീതത്തിന്റെയും അടിപൊളി ഗാനങ്ങളുടെയും ഈണങ്ങളിലൂടെ വയലിൻ തന്ത്രികൾ സഞ്ചരിച്ചപ്പോൾ ആസ്വാദക മനസ്സിൽ ആനന്ദ തരംഗം സൃഷ്ടിച്ച സംഗീതവിസ്മയം നവ്യാനുഭവമായി. ചോയ്സ് അഡ്വർടൈസിംഗ് കന്പനിയുടെയും മലയാളി ബിസിനസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ ഇന്ത്യൻ സ്‌കൂളിൽ െവച്ച് നടന്ന സിംഫണി നൈറ്റ് ആണ് ആസ്വാദകർക്ക് ആനന്ദപ്പെരുമഴ സമ്മാനിച്ചത്.
പ്രശസ്ത വയലിനിസ്റ്റ് ശബരീഷും സംഘവുമാണ് ഇമ്മോർട്ടൽ രാഗ എന്ന ബാൻഡുമായി അരങ്ങിൽ എത്തിയത്. മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളുടെ ഈണങ്ങൾ വയലിനിലൂടെ ഒഴുകിയെത്തിയപ്പോൾ അകന്പടിയായി സുമേഷിന്റെ കീ ബോർഡും, ജാഫറിന്റെ ഡ്രംസും, ലീഡ് ഗിറ്റാറിൽ ജസ്റ്റിനും, ബേസ് ഗിറ്റാറിൽ ജെയ്സണും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടനുബന്ധിച്ച ചടങ്ങിൽ കലാകാരന്മാരെ ആദരിക്കുകയും ചെയ്തു. ചോയ്സ് അഡ്വർടൈസിംഗ് ചെയർമാൻ ഡോ ജോർജ്ജ് മാത്യു, ബിസിനസ് ഫോറം സെക്രട്ടറി ബഷീർ അന്പലായി, അഷ്‌റഫ് മായഞ്ചേരി, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ദാഹജലവിതരണം നടത്തിയ ടീമിന് ആദരവ് നൽകി. കൂടാതെ പ്രവാസി കമ്മീഷൻ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനിലെ സാമോഹ്യ പ്രവർത്തകൻ സുബൈർ കണ്ണൂർ, ഇന്ത്യൻ സ്‌കൂളിൽ തരംഗ് 2017ൽ കലാരത്‌ന, കലാശ്രീ അവാർഡുകൾ നേടിയ കൃഷ്ണ ആർ നായർ, കാർത്തിക് മേനോൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.