‘മഹാകവി പി -കവിതയും ജീവിതവും’ : ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

മനാമ : എയ്തെറ്റിക്ക് ഡെസ്ക് പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി ‘മഹാകവി പി −കവിതയും ജീവിതവും’ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. പി.ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. മലയാളകാവ്യ സരണിയിൽ കാൽപ്പനികതയുടെ തെളിനീർ ധാരയായിരുന്നു മഹാകവി പി. കുഞ്ഞിരാമൻ നായരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു അവധൂതനെപ്പോലെ ജീവിതം ധൂർത്തടിച്ച കുഞ്ഞിരാമൻ നായർ ഒന്നും സ്വന്തമായി കരുതി വെയ്ക്കാതെ സ്വച്ഛന്ദമായി ജീവിച്ച് ഒരു മനുഷ്യകാലത്തിന്റെ അബോധമായ സ്മൃതിയെ പുനഃസ്ഥാപിക്കുകയായിരുന്നു. നിലാവും നിളയും നിശയുമെല്ലാം അതിനു മുന്പൊന്നും മലയാളി അനുഭവിച്ചിട്ടില്ലാത്തൊരു സൗന്ദര്യത്തികവിൽ പി കൈരളിക്ക് സമ്മാനിച്ചു. 1948ൽ നീലേശ്വരം രാജാവ് നൽകിയ ഭക്തകവിപ്പട്ടം പി. കുഞ്ഞിരാമൻ നായരുടെ കവിതകളെ വേണ്ട വണ്ണം നോക്കിക്കാണുന്നതിൽ നിന്നും തടസപ്പെടുത്തി. തന്റെ ആത്മാംശമുള്ള കളിയച്ഛനെന്ന കവിതയിൽ വേഷം ആടാതെ പോയ സഭാകന്പക്കാരനായ നടനാണ് താനെന്ന് സ്വയം വിലയിരുത്തുന്നു. 1905ൽ കാസർഗോഡ് ജില്ലയിൽ വെള്ളിക്കോത്ത് ജനിച്ച അദ്ദേഹം 1978ൽ തിരുവനന്തപുരത്ത് സി.പി സത്രത്തിൽ വെച്ച് മരണപ്പെടുന്നതുവരെയുള്ള 73 വർഷക്കാലമൊരു ഭ്രമാത്മകമായൊരു കാവ്യപ്രതിഭാസമായിത്തീരുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളീയ പ്രകൃതിയുടെ ഭാവ വൈവിധ്യത്തെ ഭാഷയുടെ ലോകത്ത് പുനർ നിർമ്മിച്ച അസാമാന്യ പ്രതിഭയായിരുന്നു പി. കുഞ്ഞിരാമൻ നായരെന്ന് അനിൽ വേങ്കോട് അഭിപ്രായപ്പെട്ടു. പ്രകൃതിയിലേയ്ക്ക് നോക്കിയിരുന്ന് പ്രണയത്തിലേയ്ക്കും ഭക്തിയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും പ്രവേശിക്കുന്ന ഒരു മിസ്റ്റിക്കിന്റെ ജീവിതമായിരുന്നു പിയുടേത്. ഭാഷാ ചിത്രങ്ങളുടെ വർണ്ണലോകം ചമച്ച മലയാള ഭാഷയുടെ വാൻഗോഗ് ആണ് പി. കുഞ്ഞിരാമൻ നായരെന്നും അദ്ദേഹം പറഞ്ഞു.
താൻ ജീവിക്കുന്ന കാലത്തെ സാമൂഹത്തോടെപ്പം വേഷം കെട്ടിയാടാതെ മാറി സ്വന്തം വഴിക്ക് നടക്കുകയായിരുന്നു പി കുഞ്ഞിരാമൻ നായർ എന്നും സാമൂഹ്യഘടനയോട് കലഹിക്കാതെ അത് അത്രമേൽ അവഗണിച്ച് പ്രകൃതിയോട് ചേർന്ന് കവിയുടെ തന്നെ കാൽപ്പാടുകളിൽ പി ജീവിക്കുകയായിരുന്നുവെന്നും സുധീഷ് രാഘവൻ പറഞ്ഞു. നമ്മുടെ കാഴ്ചയിലും അനുഭവത്തിലും മങ്ങിയതും വളരെ സാധാരണവുമായതിനെ പി എന്ന കവിയുടെ കവിതയിൽ വർണ്ണാഭമായി മാറുന്നു എന്ന് ഇ.എ സലിം പറഞ്ഞു. ആത്മനെ നിരസിച്ച് പ്രകൃതിയോട് ചേർന്ന് ജീവിച്ചതിന്റെ കാഴ്ചകളാണ് ഇങ്ങനെ കവിതകളായത് എന്നും അദ്ദേഹം പറഞ്ഞു.
എ.സി.വി ബഷീർ, രഞ്ജൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജയചന്ദ്രൻ അധ്യക്ഷനായിരുന്നു.