മാലിന്യപ്രശ്നം : അന്വേഷണം വേണമെന്ന് എം.പിമാർ

മനാമ : രാജ്യം രൂക്ഷമായ മാലിന്യ പ്രശ്നം നേരിടുന്ന സാഹചര്യത്തിൽ പാർലമെന്ററി അന്വേഷണ കമ്മിറ്റി പ്രശ്നത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 10ഓളം എം.പിമാർ ചേർന്ന് നിവേദനം തയ്യാറാക്കി. നിവേദനം എല്ലാവരും ഒപ്പു വെച്ചെങ്കിലും ഇതുവരെ കൗൺസിൽ അധികാരികൾക്ക് കൈമാറിയിട്ടില്ലെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി അംഗം ജമാൽ ബുഹസ്സൻ അറിയിച്ചു.
അന്വേഷണ കമ്മിറ്റിയ്ക്ക് ഒരു നിവേദനം സമർപ്പിക്കുന്നതിന് കുറഞ്ഞത് അഞ്ച് എം.പിമാരെങ്കിലും ഒപ്പു വെച്ചിരിക്കണം. ആകെ 25 എം.പിമാർ നിവേദനത്തെ അനുകൂലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജൂലൈ ആദ്യവാരത്തിൽ നോർത്തേൺ ഗവർണറ്റിലും, സതേൺ ഗവർണറ്റിലും രൂക്ഷമായ മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് കാരണം വർക്സ്, മുനിസിപ്പാലിറ്റിസ് അഫയേഴ്‌സ് ആന്റ് അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റെ അലംഭാവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രാലയവും, പുതിയ ക്ലീനിങ് കന്പനിയും തമ്മിലുള്ള കരാറിലെ കുറവുകളാണ് പ്രശ്നത്തിന്റെ മൂലകാരണം.
ഇപ്പോഴും പലയിടങ്ങളിലും ചവറ്റുകുട്ടകളും, കണ്ടെയ്നറുകളും എത്തിക്കാൻ കന്പനിയ്ക്ക് സാധിച്ചിട്ടില്ല. പഴയ കന്പനി ഒരു കൂട്ടം വീടുകൾക്കായി മൂന്ന് ചവറ്റുകുട്ടകൾ സ്ഥാപിച്ചിരുന്ന സ്ഥാനത്ത് പുതിയ കന്പനി സ്ഥാപിച്ചിട്ടുള്ളത് ഒരു ചവറ്റുകുട്ട മാത്രമാണ്. ഈ കാരണത്താലാണ് മാലിന്യം കുന്നുകൂടുന്നത്.
മന്ത്രാലയം കരാർ വിശദമായി പഠിച്ചിട്ടില്ലെന്നും, അതാത് പ്രദേശങ്ങളിലെ കൗൺസിലുമായി ചർച്ച ചെയ്യാതെയാണ് കന്പനിയുമായി കരാർ ഒപ്പു വെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്പ് ജോലിയിലുണ്ടായിരുന്ന ക്ലീനിങ് കന്പനിയായ സ്പിൻസിന് പകരം സ്പാനിഷ് കന്പനിയായ അർബേസറിനെ മാലിന്യ നിർമ്മാർജ്ജനത്തിനായി ചുമതലപ്പെടുത്തിയിരുന്നു. പുതുതായെത്തിയ അർബേസറിന് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനാൽ മാലിന്യനിർമ്മാർജ്ജനം താറുമാറാകുകയും, മാലിന്യപ്രശ്നം രൂക്ഷമാകുകയും ചെയ്തിരുന്നു. സംഭവത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചിരുന്നു.