ഇടതുമുന്നണിയുടെ അപവാദപ്രചരണങ്ങൾ സർക്കാരിനോടുള്ള ഭയം കൊണ്ട്: ടോമി കല്ലാനി

മനാമ: കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി ഉമ്മൻചാണ്ടി സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ അഴിച്ചു വിടുന്നത് ഉമ്മൻ ചാണ്ടി സർക്കാരിനെ ഭയപ്പെടുന്നത് കൊണ്ടാണെന്നും സരിതയെ കൂട്ട് പിടിച്ചു കേരളത്തിൽ അവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുമെന്നും കോട്ടയം ജില്ല കോൺഗ്രസ് പ്രസിഡണ്ട് ടോമി കല്ലാനി പറഞ്ഞു. കോട്ടയം ജില്ല ഒ.ഐ.സി.സി കമ്മിറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാൻ ബഹ്റിനിലെത്തിയ അദ്ദേഹം ഫോർ പി.എം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്.
ഉമ്മൻ ചാണ്ടി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നടപ്പിലാക്കിയ ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതി വരുന്ന തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് അധികാരത്തിൽ കയറാൻ. അപവാദ പ്രചരണങ്ങൾ ഉണ്ടാക്കുന്നതിൽ ഇടതു മുന്നണിക്ക് പ്രത്യേക പാരന്പര്യവും കഴിവുമുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഭയന്ന അവർ അതുകൊണ്ടാണ് ജനക്ഷേമ പ്രവർത്തനങ്ങൾ മറന്ന് ഇത്തരം തരം താണ പ്രവർത്തികളിൽ ഏർപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളരെ ശക്തമായ നിലയിലാണ് ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നത്. അതിനു കാരണം കോൺഗ്രസ്സിനു ഇപ്പോൾ ആദർശാധിഷ്ടിത മുഖം ഉണ്ടെന്നുള്ളതാണ്. വി.എം സുധീരനെ പോലെ
ജനപക്ഷ നിലാപാടെടുക്കുകയും രാഷ്ട്രീയത്തിനതീതമായി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ കീഴിൽ അതിശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംഘടനാ തലത്തിൽ കേരളത്തിൽ പുതിയ രൂപ ഭാവം തന്നെ ഉണ്ടാവുകയും ഗ്രൂപ്പുകൾ ഇല്ലാതെ ഒറ്റക്കെട്ടായി കോൺഗ്രസ് മുന്നോട്ട് പോവുകയും ചെയ്തു. സുധീരൻ നയിച്ച ജനരക്ഷാ യാത്രയിൽ ഉണ്ടായ പാർട്ടി പ്രവർത്തകരുടെ പ്രാധിനിധ്യം തന്നെ ജന പിന്തുണയ്ക്കുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂർ വിമാനത്താവളവും അടക്കമുള്ള കേരളത്തിലെ വികസന പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ എക്കാലത്തെയും മികച്ച നേട്ടമായി തന്നെ ജനങ്ങൾ വിലയിരുത്തുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടായ യു.ഡി. എഫിന്റെ പരാജയം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർക്സിസ് പാർട്ടി പറയുന്ന അപവാദ പ്രചരണങ്ങൾക്ക് തെളിവ് കൊടുക്കട്ടെ. ഉമ്മൻ ചാണ്ടി 14 മണിക്കൂറാണ് സോളാർ കമ്മീഷന്റെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതെന്ന കാര്യം കേരളത്തിലെ ജനങ്ങൾ കണ്ടതാണെന്നും അതുപോലെ തെളിവ് നൽകാൻ ഇടതു മുന്നണി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.