മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ; പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ബഹ്റൈനിലെ ഫൗലാത്ത് ഹോൾഡിംഗ് കമ്പനി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് തങ്ങളുടെ ചില പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫൗലാത്ത് ഹോൾഡിംഗ് കമ്പനി അറിയിച്ചു. ബഹ്‌റൈൻ സ്റ്റീൽ, സോൾബ് കമ്പനി (Solb Company) എന്നിവയുടെ മാതൃസ്ഥാപനമായ ഫൗലാത്ത്, നിലവിലെ സാഹചര്യം മുൻനിർത്തി 'ഫോഴ്സ് മജ്യൂർ' (Force Majeure) പ്രഖ്യാപിച്ചു.
മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾ, കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിലുണ്ടായ തടസ്സങ്ങൾ, വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ എന്നിവ പ്രവർത്തനങ്ങളെയും വിതരണ ശൃംഖലയെയും ബാധിച്ച സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ ഈ തീരുമാനം. ജീവനക്കാരുടെയും കരാറുകാരുടെയും മറ്റ് പങ്കാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സുരക്ഷിതമായ സാഹചര്യം പുനഃസ്ഥാപിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എടുത്ത തികച്ചും സ്വാഭാവികമായ നടപടിയാണിതെന്ന് കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ ഗ്രൂപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഉപഭോക്താക്കൾ, വിതരണക്കാർ, മറ്റ് ബിസിനസ് പങ്കാളികൾ എന്നിവരുമായി കമ്പനി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് മാറ്റങ്ങൾ അറിയിക്കുമെന്നും ഫൗലാത്ത് ഹോൾഡിംഗ് അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹകരിക്കുന്ന എല്ലാ പങ്കാളികളോടും കമ്പനി നന്ദി രേഖപ്പെടുത്തി.
aa



