സൗജന്യ കാൻസർ ചികിത്സ : ബഹ്റിനുൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രചരണങ്ങൾ മുഴുവൻ ശരിയല്ല

കോട്ടക്കൽ ആര്യവൈദ്യശാലയിൽ വിവിധ തരം കാൻസർ രോഗങ്ങൾക്കുള്ള മുഴുവൻ ചികിത്സയും സൗജന്യമായി ലഭ്യമാകുന്നുവെന്ന വാട്സ് ആപ്പ് പ്രചരണങ്ങൾ മുഴുവനായും ശരിയല്ലെന്ന് കോട്ടക്കൽ ആര്യ വൈദ്യശാല പ്രത്യേക ഒ പി വിഭാഗം ഡോക്ടർ കെ.എം.മധു.
കുറച്ചു നാളുകളായി ബഹ്റിനിലുൾപ്പെടെ വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം കോട്ടക്കൽ ആര്യ വൈദ്യശാലയിൽ കാൻസർ രോഗത്തിന് സൗജന്യമായ ചികിത്സ ലഭ്യമാണെന്നതായിരുന്നു. എല്ലാ വിധ കാൻസർ രോഗം ഉള്ളവർക്ക് രൂപ ഇല്ലാതെ ചികിത്സയും മരുന്നും റേഡിയേഷനും നൽകുന്നുവെന്നും, ഡോ. പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചെലവ് ഏറ്റെടുത്ത് നടത്തുന്നുവെന്നുമാണ് വാട്സ് ആപ്പ് പ്രചരണം.
എന്നാൽ ഇങ്ങനെ മുഴുവൻ ചെലവ് ഏറ്റെടുക്കുകയോ റേഡിയേഷൻ അടക്കമുള്ള ചികിത്സകൾ നൽകുകയോ ചെയ്യുന്നില്ലെന്നും, ഓരോ കാൻസറിനും അനുയോജ്യമായ ആയുർവേദ മരുന്നുകൾ സൌജന്യമായി നൽകുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു.
രണ്ടു തരത്തിലുള്ള കാൻസർ രോഗികളാണ് സാധാരണയായി കോട്ടക്കലിൽ എത്താറുള്ളത്, കീമോയോ റേഡിയേഷനോ കഴിഞ്ഞ ശേഷം അതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നവരും, അതുപോലെ തന്നെ എന്തെങ്കിലും കാരണങ്ങളാൽ ഈ ചികിത്സകൾ ചെയ്യാത്തവരും ആണ് ഇതിലുള്ളത്. ഇത്തരത്തിൽ വരുന്ന രോഗികൾക്ക് അനുയോജ്യമായ ആയുർവേദ മരുന്നുകൾ ഒരു ഉപാധികളും കൂടാതെ ഇവിടെ നൽകി വരുന്നു.
ആയുർവേദം മാത്രമാണ് ഇവിടെയുള്ള ചികിത്സാരീതി. ഇതുപയോഗിച്ച് മാത്രമാണ് ചികിത്സയും. എല്ലാ കാൻസറും പൂർണമായും സുഖപ്പെടുത്തുമെന്ന് ഉറപ്പ് നൽകനാവില്ലെങ്കിലും ഭൂരിഭാഗം രോഗികളുടെ നിലയിലും മെച്ചപ്പെട്ടിട്ടുണ്ട്, അവരുടെ ക്വാളിറ്റി ഓഫ് ലൈഫും മെച്ചപ്പെട്ടതായി അദ്ദേഹം പറയുന്നു.
ഒരിക്കൽ അമ്മയോടൊപ്പം ഇവിടെയെത്തിയ ഒരു ബയോ ടെക്നോളജി വിദ്യാർത്ഥിയാണ് ഇക്കാര്യം പുറം ലോകമറിയണമെന്ന ആഗ്രഹാത്താൽ ഒരു സന്ദേശം നിർമ്മിച്ച് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അതോടൊപ്പം സത്യാവസ്ഥയുമായി ബന്ധമില്ലാത്ത പലതും ആരൊക്കെയോ എഴുതി ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു.
പൂർണമായും ആയുർവേദം മാത്രം പിന്തുടരുന്ന ഇവിടെ നിന്ന് വൃക്ക മാറ്റി വെച്ചവർക്കുള്ള ചില അലോപ്പതി മരുന്നുകളും സൗജന്യമായി ലഭിക്കുമെന്നു കൂടി ചേർത്ത് ഒരു മൊബൈൽ നമ്പറും ഒപ്പം ചേർത്തിട്ടുണ്ട്. എന്നാൽ ഈ നമ്പർ ആരുടേതാണെന്ന് ആര്യവൈദ്യശാലയിലെ ഡോ. മധുവിന് പോലും അറിയില്ലെന്നതാണ് വാസ്തവം.
ഡോ. പി. കെ വാര്യർ നേരിട്ട് രോഗിയെ പരിശോധിക്കുമെന്നും സന്ദേശത്തിലുണ്ട്. ഇത് സത്യമാണ്, എല്ലാ ബുധനാഴ്ച്ചയും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രമാണ് അദ്ദേഹത്തെ കാണാൻ സാധിക്കൂ എന്നുമാത്രം. ചാരിറ്റബിൾ ഹോസ്പിറ്റൽ സ്പെഷ്യൽ ഒപിയിൽ 0483-2806639 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
1999 മുതലാണ് ഇത്തരത്തിൽ ഒരു സ്പെഷ്യൽ ഒ പി ഇവിടെ പ്രവർത്തിച്ചു തുടങ്ങിയത്. ഇതിനോടകം നൂറു കണക്കിന് കാൻസർ രോഗികൾ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്.
ലത സി എൻ