പ്രധാന മന്ത്രി ‘ഗ്രാവിറ്റി പ്രൊജക്റ്റ് ’ സന്ദർശിച്ചു; യുവാക്കൾക്ക് അനുമോദനം

മനാമ: സംഹാൻ ഹോൾഡിംഗ് കന്പനിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രാവിറ്റി പ്രോജക്ടിന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അനുമോദനം. 290 കിലോമീറ്റർ വരെ വേഗത ഉറപ്പാക്കുന്ന 12 മീറ്റർ നീളവും 4.3 മീറ്റർ വിസ്തീർണവുമുള്ള ഗ്ലാസ് ഫ്ലൈറ്റ് ചേയ്ന്പറോട് കൂടിയ ലോകത്തെ ഏറ്റവും ഉയരമുള്ള ഇൻഡോർ സ്കൈ ഡൈവിംഗ് പ്രൊജക്റ്റായ ‘ഗ്രാവിറ്റി’ രാജ്യത്തെ ടൂറിസം മേഖലയിൽ ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് പ്രൊജക്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ ഖലീഫ പ്രോജക്ടിന്റെ പ്രവർത്തനത്തെക്കുറിച്ചും ഇത് ഇൻഡോർ സെൽഫ് ഫ്ളൈയിംഗ് അമേച്ച്വറുകൾക്കും, പ്രൊഫഷണലുകൾക്കും നൽകുന്ന സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പദ്ധതിയിൽ മതിപ്പ് പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇത് തയ്യാറാക്കിയ യുവാക്കളെ അനുമോദിച്ചു. ഇത്തരം വ്യത്യസ്തമായ പദ്ധതികൾ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് നിരീക്ഷിച്ച അദ്ദേഹം സൃഷ്‌ടിപരതയുള്ള ഈ സംരംഭം സന്ദർശകർക്ക് കായികവും മാനസികോത്സാഹവും പ്രദാനം ചെയ്യുന്നവയായിരിക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.