ബാലചന്ദ്രകുമാർ‍ വെളിപ്പെടുത്തിയ കാര്യങ്ങൾ‍ സ്ഥിരീകരിച്ച് പൾസർ സുനി


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു പൾ‍സർ‍ സുനിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ‍ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ‍. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബാലചന്ദ്രകുമാർ‍ വെളിപ്പെടുത്തിയ കാര്യങ്ങൾ‍ സുനി സ്ഥിരീകരിച്ചതായാണ് വിവരം. നടൻ ദിലീപിനെ കാണാനെത്തിയപ്പോൾ‍, സുനിൽ‍ കുമാറിനൊപ്പം കാറിൽ‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്‍റെ സഹോദരന്‍ സുനിൽ‍ കുമാറിനു പണം നൽ‍കിയതു കണ്ടിട്ടുണ്ടെന്നും ഉൾ‍പ്പെടെയുള്ള കാര്യങ്ങൾ‍ ബാലചന്ദ്ര കുമാർ‍ വെളിപ്പെടുത്തിയിരുന്നു.  

ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾ‍സർ‍ സുനി സമ്മതിച്ചതായി വിവരമുണ്ട്. അതേസമയം ഇക്കാര്യങ്ങളിൽ‍ അന്വേഷണസംഘം ഔദ്യോഗിക വെളിപ്പെടുത്തലുകൾ‍ക്കു തയാറായിട്ടില്ല.  നേരത്തെ രണ്ടുതവണ പൾ‍സർ‍ സുനിയെ ജയിലിലെത്തി കണ്ടശേഷം മാതാവ് ശോഭന സംവിധായകൻ ബാലചന്ദ്രകുമാർ‍ പറയുന്നത് ശരിയാണെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നു സുനി പറഞ്ഞതായും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.  ഇതോടൊപ്പം ചില കാര്യങ്ങൾ‍ സുനിക്ക് പറയാനുണ്ടെന്നും സുനിതന്നെ എല്ലാം തുറന്നുപറയുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടി. സംവിധായകരായ ബാലചന്ദ്രകുമാർ‍, ബൈജു കൊട്ടാരക്കര എന്നിവരിൽ‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.  കേസുമായി ബന്ധപ്പെട്ടു ബാലചന്ദ്രകുമാർ‍ ക്രൈംബ്രാഞ്ചിനു നേരത്തേ കൈമാറിയ ശബ്ദസാന്പിളുകളുമായി ബന്ധപ്പെട്ടുളള സ്ഥിരീകരണമാണ് ബാലചന്ദ്രകുമാറിൽ‍നിന്നു തേടിയത്. ദിലീപിനു ജാമ്യം ലഭിക്കാൻ ഉന്നതന്‍റെ മകൻ ഒരു സംവിധായകനോടു പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ബൈജു കൊട്ടാരക്കയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.

You might also like

Most Viewed