ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു




തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.
1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.
1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല.
നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ...തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയിൽ നിന്നു പിറന്നു.
ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്. ഒട്ടുമിക്ക സംഗീത സംവിധായകർക്കുമൊപ്പം പ്രവർത്തിച്ച ബിച്ചു തിരുമല 70 ലും 80 ലും തീർത്തത് പാട്ടുകളുടെ പുതുവസന്തം. ഈണങ്ങൾക്കനുസരിച്ച് അർത്ഥഭംഗി ഒട്ടും ചോരാതെ സന്ദർഭത്തിന് ചേരും വിധമുള്ള അതിവേഗപ്പാട്ടെഴുത്തായിരുന്നു ഈ രചയിതാവിന്‍റെ പ്രധാന സവിശേഷത.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed