അതിരുകളില്ലാത്ത ജീവിതം


ഒരിക്കൽ‍ ഒരു രാജാവ് തന്റെ വനയാത്രയിൽ‍ വെച്ച് മഹാതേജസ്വിയായ ഒരു സന്യാസിയെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ആത്മീയ പ്രാഭവത്തിൽ‍ ആകൃഷ്ടനായ ആ രാജാവ് അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിക്കുകയും തന്നോടൊപ്പം കുറച്ചുനാൾ‍ താമസിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ‍ സന്യാസി ക്ഷണം നിരസിക്കുകയാണുണ്ടായത്. എന്നാൽ‍ രാജാവിന്റെ നിർ‍ബന്ധപൂർ‍വ്വമായ അപേക്ഷയെ മാനിച്ച് അവസാനം ആ സന്യാസി രാജാവിനൊപ്പം കൊട്ടാരത്തിലേയ്ക്ക് തിരിച്ചു.

മഹാജ്ഞാനിയായ സന്യാസിയെത്തുന്നതോടെ തന്റെ കൊട്ടാരം മുഴുവൻ ആത്മീയ അന്തരീക്ഷം നിറഞ്ഞ് ധ്യാനത്തിലും പ്രാർ‍ത്ഥനയിലും മുഴുകുമെന്നാണ് രാജാവ് വിചാരിച്ചത്. എന്നാൽ‍ സംഭവിച്ചത് മറിച്ചാണ്. ആട്ടവും പാട്ടും മറ്റു ബഹളങ്ങളും ആഡംബരങ്ങളും ഏറുകയാണുണ്ടായത്. സന്യാസി ഒന്നിനും എതിരു പറഞ്ഞതുമില്ല. ഇതെല്ലാം കണ്ട് രാജാവ് അന്പരന്നു. അദ്ദേഹം സന്യാസിയോട് ചോദിച്ചു, ലൗകികമായ ആഡംബരങ്ങളിൽ‍ മുഴുകുന്ന ഞാനും അങ്ങും തമ്മിലെന്തു വ്യത്യാസം? അപ്പോൾ‍ സന്യാസി പുഞ്ചിരിച്ചുകൊണ്ടു രാജാവിനോട് ഇപ്രകാരം പറഞ്ഞു, രണ്ട് വെളുത്ത കുതിരകളെ ഏർ‍പ്പാടാക്കുക. നമുക്കൊരിടം വരെ പോകാനു
ണ്ട്. 

രാജഭൃത്യന്മാർ‍ കുതിരകളുമായെത്തിയപ്പോൾ‍ സന്യാസി ഒരു കുതിരയുടെ പുറത്തു കയറിയിട്ട് രാജാവിനെ ക്ഷണിച്ചു. കാട്ടിലൂടെയും മേട്ടിലൂടെയും സന്യാസി മുന്പിലും രാജാവ് പിറകിലുമായി കുതിരയെ ഓടിച്ചുപോയി. രാജ്യാതിർ‍ത്തിയിലെ പുഴയ്ക്ക് കുറുകെ സന്യാസിയുടെ കുതിര നീന്തിത്തുടങ്ങി. അപ്പോൾ‍ തന്റെ കുതിരയെ കടിഞ്ഞാൺ പിടിച്ചു നിർ‍ത്തിയിട്ട് രാജാവ് വിളിച്ചു പറഞ്ഞു, പുഴയ്ക്കപ്പുറം അന്യരാജ്യമാണ്. എനിക്കവിടെ അധികാരമില്ല. സന്യാസി ചിരിച്ചുകൊണ്ടു രാജാവിനോട് പറഞ്ഞു, അതാണ് താങ്കളുടെ പരിധി! ഒരു സന്യാസിയ്ക്ക് അതിരുകളില്ല. അവന് എവിടെയും പ്രവേശിക്കാം. അവന് ഈ ലോകം മുഴുവൻ കുടുംബമാണ്.

You might also like

Most Viewed