മരുച്ചൂടും മലയാളക്കുളിരും

കരിന്നീലക്കടലും തീരത്തെ തിരകളൊരുക്കുന്ന നീളൻ വെള്ളിവരയും അതിരിടുന്ന കരിന്പച്ചപ്പണിഞ്ഞ മലയാളക്കര കാഴ്ച്ചയുടെ വഴിയിൽ നിന്നും മെല്ലെമെല്ലെ അകന്നലിഞ്ഞില്ലാതായി. മേഘമേലാപ്പിനെയും ചിറകിനടിയിലാക്കി ഗൾഫ് എയർ മുത്തിന്‍റെ ദ്വീപു ലക്ഷ്യമാക്കി കുതിച്ചു. നിലനിൽപ്പിനായുള്ള അനിവാര്യമായ യാത്ര. അതിവൈകാര്യതയ്ക്ക് വഴങ്ങാത്തതിനാലും ഭൂമിമലയാളത്തെ സത്വത്തിൽ നിന്നും മാറ്റാത്തതിനാലും പിറന്നമണ്ണുവിട്ടുള്ള ഈ പലായനം ഇതുവരെ ഒരിക്കലും മനസ്സിൽ വേദനക്കുള്ള കാരണമായിട്ടില്ല. അതിജീവനത്തിനായി ജന്മനാട് വിട്ടുള്ള യാത്ര പതിറ്റാണ്ടുകളായി തുടരുന്നതിനാൽ അങ്ങനെയൊരു സ്വാതന്ത്ര്യം ഒരിക്കലും ഉണ്ടായതുമില്ല എന്നതാണ് വാസ്തവം. ഇഷ്ടങ്ങളും നഷ്ടങ്ങളും നഷ്ടബോധങ്ങളുമാണല്ലോ വേദനകൾക്കുള്ള കാരണങ്ങൾ. നഷ്ടങ്ങളൊക്കെ ആപേക്ഷികമാണെന്ന ബോധം അടിയുറച്ച മനസ്സിന് അതുകൊണ്ടു തന്നെ വേദനിക്കേണ്ട കാര്യവും ഇല്ല തന്നെ. നഷ്ടങ്ങൾ മാത്രമല്ല മറ്റു പലതും ആപേക്ഷികവും ക്ഷണികവുമാണെന്ന കൂടുതൽ വിശാലമായ തിരിച്ചറിവു പക്ഷെ ഉണ്ടാക്കുന്നത് നേരത്തേ നമ്മൾ സൂചിപ്പിച്ച നൊന്പരമാണ്. എന്തുകൊണ്ടെന്നറിയാനോ പറഞ്ഞറിയിക്കാനോ ആകാത്ത വേദനയാണ്.
രാജ്യാന്തര വിമാനത്താവള കെട്ടിടത്തിന്‍റെ ശീതീകരിച്ച കെട്ടിട ചുവരുകളുടെ സുരക്ഷിതത്വത്തിൽ നിന്നും ഇന്നലെ പുറത്തേക്കു കടന്ന നിമിഷത്തിലായിരുന്നു വാസ്തവത്തിൽ ആ വേദന ജീവിതത്തിൽ ആദ്യമായി അനുഭവപ്പെട്ടത്. അക്ഷരാർത്ഥത്തിൽ പൊള്ളിക്കുന്ന ചൂടിന്‍റെ ഒരു തിരമാല ശരീരത്തെയാകെ പുൽകി എന്നെ സ്വാഗതം ചെയ്തപ്പോൾ. ബാഗിൽ നിന്നും കറുത്ത കണ്ണട ധൃതിയിൽ മുഖത്തെടുത്തു വെച്ചു. മുറിക്കയ്യൻ ഷർട്ടിനു പകരം മുഴുക്കയ്യൻ ഷർട്ടു തന്നെ ഇടാമായിരുന്നുവെന്ന് കൈകൾ ഓർമ്മിപ്പിച്ചു. ചൂടിനൊപ്പം വരവേൽക്കാൻ പൊടിക്കാറ്റും ചേർന്നതോടേ കാര്യങ്ങൾ കുശാലായി. ഭുമിമലയാളത്തിലെ പൊട്ടിക്കുളമായ വഴികളെയും വ്യവസ്ഥാ പാളിച്ചകളെയും പറ്റി ഇടമുറിയാതെ പുലഭ്യം പറഞ്ഞുകൊണ്ടിരുന്ന എനിക്കുള്ള പ്രകൃതിയുടെ മറ്റൊരു പാഠം. കേരളത്തിൽ ചൂടു കൂടുക തന്നെയാണ്. ഹരിത മേലാപ്പും കാറ്റും ഒക്കെയുണ്ടങ്കിലും പുഴുക്കം അസഹനീയം തന്നെ. പലകാരണങ്ങൾ കൊണ്ടും വൈദ്യുതി മുടങ്ങുന്നതിനാൽ വിയർപ്പിൽ കുളിക്കാതെ തരമില്ല. എങ്കിലും അതൊരിക്കലും നമ്മൾ ഇവിടെയനുഭവിക്കുന്ന വറചട്ടിയിലേതിന് സമാനമായ ചൂടിന് സമാനമായിട്ടില്ല. പ്രകൃതിയൊരുക്കിയ പ്രതിഭാസങ്ങൾ പലതുണ്ടെങ്കിലും ഇവിടുത്തെ മണൽക്കാറ്റിനു സമാനമായ ദുരിതങ്ങൾ നമ്മുടെ നാട്ടിൽ ഇതുവരെ അനുഭവപ്പെട്ടു തുടങ്ങിയിട്ടുമില്ല. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടെ പലപ്പോഴും നമ്മളീ ഘടകങ്ങൾക്കൊന്നും അത്ര പ്രാധാന്യം കൊടുക്കാറില്ല. അതിജീവനം അത്ര പ്രധാനമാണ്.
പക്ഷേ അതിജീവനത്തിന്‍റെയും പുരോഗതിയുടെയും ഒക്കെപ്പേരു പറഞ്ഞു നമ്മിൽ പലരും നഷ്ടപ്പെടുത്തുന്നത് വലിയ സൗഭാഗ്യങ്ങളാണ്. ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും അന്യരുടെ ഇഷ്ടങ്ങൾ തങ്ങളുടെയും ഇഷ്ടങ്ങളാക്കിയതു മൂലമുണ്ടാകുന്ന അബദ്ധാവസ്ഥയുമാണ് പലരെയും ഇങ്ങനെ കുടുക്കുകളിലാക്കുന്നത്. അയത്ഥാർത്ഥമായ സാമൂഹിക മേന്മകൾ കയ്യെത്തിപ്പിടിക്കാമെന്ന മോഹത്തിൽ യഥാർത്ഥത്തിലുള്ള നന്മകൾ പലതുമാണ് നമ്മുടെ കൈകളിൽ നിന്നും വഴുതിപ്പോകുന്നത്. പ്രവാസ സുഖങ്ങൾ സ്വന്തമാക്കാനായുള്ള പാച്ചിലിനിടെ നമ്മൾ സാമൂഹിക ഘടനയിലെ ബാധ്യതകളിലും പ്രതിബദ്ധതകളിലും നിന്നൊളിച്ചോടുക കൂടിയാണ് ചെയ്യുന്നത്. ജന്മം നൽകിയ മാതൃത്വത്തിന് വാർദ്‍ധക്യത്തിന്‍റെ വഴികളിൽ കാലുറയ്ക്കാതെ വരുന്പോൾ ആ കാലുകളിൽ ഒരൽപ്പം വേദന സംഹാരി തടവിക്കൊടുക്കാനോ ഏറെക്കാഴ്ചകൾ കണ്ട വൃദ്ധപിതൃത്വം അകക്കണ്ണിന്‍റെ കാഴ്ചയെ കൂടുതലാശ്രയിക്കുന്പോൾ അവിടെ കൈത്താങ്ങാവാനോ നമുക്കു കഴിയുന്നില്ല. പൈതൃകത്തിന്‍റെ അനുഭവജ്ഞാനമാർജ്ജിക്കാനുള്ള പിന്‍മുറക്കാരന്‍റെ അവകാശവും പ്രവാസത്തിന്‍റെ പ്രതീക്ഷകളുടെയും സാദ്ധ്യതകളുടെയും പേരിൽ സൗകര്യ പൂർവ്വം നമ്മൾ തല്ലിക്കൊഴിക്കുന്നു. അവസാനം വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്ന ഒരു ന്യൂനപക്ഷമൊഴിച്ചുള്ള ബഹുഭൂരിപക്ഷം ബാലൻസ് ഷീറ്റിലെ ലാഭ നഷ്ടക്കണക്കെടുക്കും മുന്പ് നിരാശകളുടെ നീർക്കുമിളകളിലും വാത്മീകങ്ങളിലും ഒതുക്കപ്പെടുകയോ ഒതുങ്ങപ്പെടുകയോ ചെയ്യുന്നു.
ഇതൊന്നും ഒഴിവാക്കപ്പെടാനാവാത്ത കാര്യങ്ങളാണ്. ഇവിടെ നമ്മൾ എന്നും എപ്പോഴും ഓർമ്മിക്കേണ്ട ചില ഘടകങ്ങളുണ്ട്. നിലനിൽപ്പിനും അതിജീവനത്തിനും ജീവിത വിജയത്തിനുമായാണ് നമ്മൾ നാടിന്‍റെ നന്മകളിൽ നിന്നും അനിവാര്യമായ പലായനത്തിന്‍റെ പാതയിലൂടെ അകന്നകന്ന് സാദ്ധ്യതകളുടെ ഈ മരുപ്പറന്പിലെത്തി നിൽക്കുന്നത്. ബാദ്ധ്യതകളും ഉത്തരവാദിത്തങ്ങളും പണത്തൂക്കം കൊണ്ടു മാത്രം നിറവേറ്റുന്നത്. നമുക്കുള്ള നന്മകളെല്ലാം നഷ്ടമാക്കി, നമ്മുടെ നല്ല ആവാസ വ്യവസ്ഥയുടെ പുണ്യവും നഷ്ടമാക്കി മരുച്ചൂടിന്‍റെയും പൊടിക്കാറ്റിന്‍റയും അതിശക്തമായ ഒരുപാടൊരുപാടു പാരകളുടെയും നടുവിലേക്കു സ്വയം പറിച്ചു നടുന്പോൾ ഓരോ നിമിഷങ്ങളും ഓരോ ഫിൽസും ഓരോ ദിനാറും എത്രത്തോളം വിലപ്പെട്ടതാണ് എന്ന കാര്യം നമുക്കോരോ നിമിഷവും ആവർത്തിച്ചാവർത്തിച്ചോർമ്മിക്കാം. എണ്ണവിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ അരക്ഷിതാവസ്ഥ നിഴൽ വിരിക്കുന്ന ഗൾഫ് മേഖലയിലെ പ്രവാസിയുടെ നിലനിൽപ്പ് അതീവ ദുഷ്കരം തന്നെയാണ്. തിരിച്ചു പോക്ക് അനിവാര്യതയാണ്. അത് അകറ്റി നിർത്താനാവുന്നിടത്തോളം കാലം അലസതയില്ലാതെ ബുദ്ധിപരമായി ഈയവസരം ഉപയോഗിക്കുകയാണു വേണ്ടത്. ഭൂമിമലയാളത്തിന്‍റെ നന്മകൾ നഷ്ടപ്പെടുത്തിയാണ് നമ്മൾ ഈ മരുപ്പറന്പിൽ ഭാഗ്യം തേടുന്നത്.
നാട്ടിൽ ഇന്നലെ മഴയായിരുന്നു. മണ്ണും മനസും കുളിർപ്പിക്കുന്ന തോരാത്ത മഴ.