ഫ്ളക്സിന്റെ രാഷ്ട്രീയം...
ഇന്ന് രാവിലെ കണ്ണൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരുന്ന വഴിയിൽ എന്നെ ഏറെ ചിന്തിപ്പിച്ചത് റോഡിന്റെ ഇരുവശവും മുകളിൽ കാണുന്നത് പോലെ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകളാണ്്. നമ്മുടെ കേരളനാട്ടിൽ വഴിനീളെ മന്ത്രിമാർക്കും, സ്ഥലം എം.എൽ.എമാർക്കും, പഞ്ചായത്ത് മെന്പർക്കും വരെ അഭിനന്ദനങ്ങളുടെ കുത്തൊഴുക്കാണ് ഇത്തരം ബോർഡുകളിൽ നിറയുന്നത്. നാട്ടിൽ ഒരു റോഡ് നിർമ്മിച്ചാൽ, പൊളിഞ്ഞ പാലം വൃത്തിയാക്കിയാൽ, ഒരു ബസ് വെയിറ്റിങ്ങ് ഷെഡ് നിർമ്മിച്ചാൽ ഒക്കെ ഇത്തരം അഭിനന്ദന ഫ്ളക്സുകൾ കവലകളിൽ ഉയരും. ഇതൊക്കെ ചെയ്യാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇവരെ തെരെഞ്ഞെടുത്ത് ജയിപ്പിച്ച് നിയമസഭയിലേയ്ക്കും, പാർലിമെന്റിലേയ്ക്കും പാവം ജനം അയച്ചതെന്ന ചോദ്യത്തിന് ഉത്തരം സ്വാഹ. ഇവരൊക്കെ ടി.എയും, ഡി.എയും, ശന്പളവും, മറ്റ് സൗകര്യങ്ങളും ലഭിക്കാത്തവരാണോ എന്ന ചോദ്യത്തിനും വെളുക്കെയുള്ള ചിരി മാത്രം മറുപടി. അഭിനന്ദിക്കാനാണെങ്കിൽ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പകർന്നു നൽക്കുന്ന അദ്ധ്യാപകരെയോ, രോഗികളെ രാവും പകലും ശ്രുശൂഷിക്കുന്ന നഴ്സുമാരായ സഹോദരിമാരെയോ ഒന്നഭിനന്ദിച്ചുകൂടെ എന്നും ഞാൻ ചിന്തിച്ചു പോയി. അപ്പോഴാണ് കൂടെയുണ്ടായിരുന്ന രാഷ്ട്രീയക്കാരനായ സുഹൃത്ത് ഇത്തരം ഫ്ളക്സ് ബോർഡിന്റെ രഹസ്യങ്ങൾ പറഞ്ഞ് തന്നത്. നമ്മൾ കാണുന്ന 99 ശതമാനവും ബോർഡുകളും സ്വന്തം പണം ചിലവാക്കി ഈ നേതാക്കൾ തന്നെ സ്വയം വെയ്ക്കുന്നതാണ്. രാഷ്ട്രീയത്തിൽ സെൽഫ് മാർക്കറ്റിങ്ങിന് വലിയ സ്ഥാനമുണ്ടെന്നത് തിരിച്ചറിഞ്ഞവരാണിവർ. നാലാൾ അറിയണമെങ്കിൽ ഇത്തരം ഗിമിക്കുകൾ അത്യാവശ്യമാണത്രെ. മുന്പൊക്കെ ഫ്ളെക്സ് വരുന്നതിന് മുന്പ് നോട്ടീസുകളിലായിരുന്നു ഇവരുടെ വിളയാട്ടം. പിന്നെയുണ്ടായിരുന്നത് പൊതുയോഗങ്ങളിൽ തനിക്ക് കിട്ടുന്ന മാലകളും, ഷാളുകളും ആൾക്കൂട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് ഓളം സൃഷ്ടിക്കുന്ന ഏർപ്പാടായിരുന്നു. എന്നാൽ ഫ്ളക്സ് സൗകര്യം വന്നപ്പോൾ കഥയാകെ മാറി. എപ്പോൾ വേണമെങ്കിലും തന്റെ നാട്ടുകവലകളിൽ നിറഞ്ഞുനിൽക്കാൻ ഇവയാണ് മികച്ച മാർഗ്ഗമെന്ന് രാഷ്ട്രീയക്കാർ മനസ്സിലാക്കി. നാട്ടിൽ നിന്ന് മാറി വിദേശ രാജ്യങ്ങളിൽ കറങ്ങിയടിക്കുന്പോഴും, നാട്ടുക്കാർക്ക് തന്നെ ഓർത്തു രോമാഞ്ചം കൊള്ളാൻ നല്ല ഡിസൈനുള്ള സ്വയം അഭിനന്ദിക്കുന്ന ഇത്തരം ബോർഡുകൾ തന്നെ ധാരാളം എന്ന് ഇവർ കണ്ടെത്തി.