വെടക്കാക്കി തനിക്കാക്കാൻ


സൂര്യ ടി.വിയിൽ നിന്നും വഴി പിരിഞ്ഞു റേഡിയോ വോയിസും ഡി.ടിയും ഒക്കെയായി സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ച ഇടക്കാലത്ത് തമിഴകത്തെ കലൈഞ്ജർ ടി.വിയിൽ കേരളാ സെയ്തികൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതും പതിവായിരുന്നു. ഭൂമി മലയാളത്തിലെ കൊച്ചുപിച്ചടച്ച് രാഷ്ട്രീയക്കാരും മാധ്യമങ്ങളും അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന് നിലവിളിച്ചു കൊണ്ടിരുന്ന കാലം. പി.ജെ ജോസഫ് പിച്ചും പേയും പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്ന കാലം. അണക്കെട്ട് തകർന്നാൽ ഒലിച്ചിറങ്ങി അറബിക്കടലിൽ ജല സമാധിയടയാൻ സാധ്യതയുള്ളവരും അല്ലാത്തവരുമായ സകലമാന മാക്കാച്ചിക്കുഞ്ഞുങ്ങളെയും മുല്ലപ്പെരിയാർഭീതി ഗ്രസിച്ചിരുന്ന കാലം.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍  കേരള കാര്‍ട്ടൂണ്‍ അക്കാദമി  സംഘടിപ്പിച്ച മുല്ലപ്പെരിയാർ പ്രതിഷേധ കാർട്ടൂണ്‍ പ്രദര്‍ശനത്തിന് അക്കാദമി വൈസ് ചെയറ്‍മാൻ എന്ന നിലയിൽ ചുക്കാൻ പിടിച്ച്  തളര്‍ന്നു നിൽക്കുമ്പോഴാണ് കലൈഞ്ജരിൽ നിന്നും ലൈവ് റിപ്പോര്‍ട്ടിംഗിങ്ങിനുള്ള മുന്നറിയിപ്പ് വരുന്നത്. ചാനലുടമ കലൈഞ്ജർ കരുണാനിധി തമിഴകം വാഴും കാലം. കേരളത്തിലുയരുന്ന പ്രതിഷേധം വെറും നാടകം മാത്രമാണെന്ന തരത്തിൽ തമിഴകത്തെ പിന്തുണച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് കലൈഞ്ജർ ടി.വിക്ക് ആവശ്യം. 
രണ്ടു നാളത്തെ ഓട്ടത്തിന്റെ തളര്‍ച്ച ഒരു വശത്ത്. പല മാധ്യമങ്ങളിലെ റിപ്പോർട്ടിംഗിനായി മുല്ലപ്പെരിയാറിനെ പറ്റി വായിച്ചും അന്വേഷിച്ചും അറിഞ്ഞ വിവരങ്ങൾ വച്ച് അണക്കെട്ടിന്റെ ദുർബ്ബലാവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഉണര്‍ത്തുന്ന ആശങ്കകൾ മറുവശത്ത്. അടുത്ത പരിചയമുള്ള തമിഴ് ന്യൂസ്  റീഡറുടെ ചോദ്യം  ഫോണിൽ. അവരുടെ ആവശ്യത്തിനു വിപരീതമായി മുല്ലപ്പെരിയാറിലെയും എറണാകുളം ജില്ലയിലെയും ജനങ്ങളുടെ ജീവനും സ്വത്തിനും അണക്കെട്ടുയർത്തുന്ന ഭീഷണികളെ കുറിച്ചു തമിഴും മലയാളവും ഇംഗ്ലീഷും ഒക്കെ ചേര്‍ന്നുള്ള രാഷ്ട്രീയ പ്രസംഗം പോലുള്ള റിപ്പോർട്ടിംഗ്. ഇടവിടാതെയുള്ള സംസാരത്തിൽ ഇടപെടാനുള്ള ന്യൂസ് റീഡറുടെ ശ്രമങ്ങൾ വൃഥാവിലായപ്പോൾ അഞ്ചു മിനിറ്റിനും അപ്പുറം ടെലിഫോണ്‍ ഡിസ്കണക്ടായി. സെക്രട്ടറിയേറ്റനു മുൻപിൽ പ്രദർശനം നടക്കുന്ന സ്ഥലത്ത് സംഭവം കേട്ട് ചുറ്റും കൂടിയവരുടെ നീണ്ട കയ്യടി. പക്ഷെ അതോടെ കലൈഞ്ജരിൽ നിന്നുള്ള വിളികൾക്ക് അവസാനമായി. കാരണം മുല്ലപ്പെരിയാർ അവരുടെ ആവശ്യമാണ്‌. അതിൽ വിട്ടു വീഴ്ച ചെയ്യാൻ തമിഴകം ഒരു തരത്തിലും തയ്യാറല്ല. മറുവശത്ത് കൈലൈഞ്ജരിൽ നിന്നുള്ള വരുമാനം എനിക്ക് അതിലും ആവശ്യമാണ്‌ എന്ന കാര്യം തൽക്കാലത്തേക്കെങ്കിലും ഞാൻ മറക്കുകയും ചെയ്തു. 
 
തികച്ചും വൈകാരികമായ പ്രവൃത്തി മൂലമാണ് അന്ന് കലൈഞ്ജർ ടി.വിയുമായുല്ല ബന്ധം എനിക്ക് നഷ്ടമായത്. ആ സംഭവം കഴിഞ്ഞിങ്ങോട്ട് കൊല്ലമഞ്ചു കഴിഞ്ഞിട്ടും മുല്ലപ്പെരിയാർ  അണക്കെട്ടിൽ ഒന്നും സംഭവിച്ചിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പ് തമിഴ്നാട് 142 അടി വരെ ഉയർത്തുകയും ചെയ്തു. ഇതൊക്കെ പരിഗണിക്കുമ്പോൾ അന്ന് ഞാൻ മാത്രമല്ല കേരളം മുഴുവനും നടത്തിയ പ്രതികരണവും പ്രതിഷേധവും വൈകാരികമല്ല അതി വൈകാരികമാണെന്നു വിലയിരുത്തേണ്ടി വരും. ഈ അതി വൈകാരികതയ്ക്കിടെ നമ്മൾ പലപ്പോഴും നമ്മൾ യുക്തിയും യാഥാര്‍ത്ഥ്യങ്ങളും മറക്കുകയും ചെയ്തു. താല്ക്കാലിക സാമ്പത്തിക നേട്ടങ്ങൾക്കായി നമ്മിൽ ചിലരെങ്കിലും കേരളത്തിന്റെ താൽപ്പര്യങ്ങൾ വിറ്റുതുലയ്ക്കുകയും ചെയ്തു.
എന്നാൽ തമിഴകത്തിന്റെ കാര്യം അങ്ങനെയല്ല. മഴ നിഴല്‍ പ്രദേശമായ മധുരയുടെ ഹരിതാഭ മുല്ലപ്പെരിയാറിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ഒരു വലിയ ഭൂ പ്രദേശത്തിന്‍റെ ദാഹമകറ്റുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള തണ്ണീരാണ്. അണക്കെട്ട് ദുർബ്ബലമാണൊ അല്ലയോ, അത് കൊണ്ട് മലയാളി ഭീഷണിയിലാണോ അല്ലയോ എന്നതൊന്നും അവർക്ക് പ്രശ്നമല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ ഏതായാലും വെള്ളം ചേര്‍ക്കാൻ തമിഴനെ കിട്ടില്ല. ഇക്കാര്യത്തിൽ വരുമ്പോൾ ആജന്മ ശത്രുക്കളായ അമ്മാവും കലൈഞ്ജരും ഒറ്റക്കയ്യാണ്. 
 
ഈ തന്ത്രങ്ങളുടെ ഭാഗം തന്നെയാണ് മുല്ലപ്പെരിയാറിൽ ലഷ്കർ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന അവരുടെ പുതിയ ആശങ്കയും അതിന്‍റെ പേരില്‍ കേന്ദ്ര സേനയം വിന്യസിക്കണമെന്ന ആവശ്യവും. മുല്ലപ്പെരിയാറിലെ കേരള സ്വാധീനവും നിയന്ത്രണവും ഇല്ലാതെയാക്കുകയെന്ന വെടക്കാക്കി തനിക്കാക്കൽ തന്ത്രം. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ലക്ഷ്യ ബോധത്തോടെയും നിശ്ചയ ദാർഢ്യത്തോടെയും സ്വാർത്ഥ താല്‍പ്പര്യങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടുള്ള നടപടികൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സോളാർ,സരിത്യാദി സ്വാര്‍ത്ഥ താൽപ്പര്യങ്ങൽക്കുപരി നാടിനു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മുടെ നേതാക്കൾക്ക് മനസുംസമയവുമുണ്ടാകുന്ന കാലം സംജാതമാവട്ടെ എന്ന് സ്വയം ആശംസിക്കാം സമാധാനിക്കാം. അതുവരെ മുല്ലപ്പെരിയാറിനെയും ഭൂമിമലയാളത്തെയും ദൈവം കാക്കട്ടെ.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed