അത്ഭുതം സംഭവിക്കും
അരുവിക്കരയിൽ അത്ഭുതം സംഭവിക്കും എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. സ്ഥാനാര്‍ത്ഥികളൊക്കെ പറയുന്നത് അങ്ങനെയാണ്. പ്രധാന മുന്നണികളുടെയും ബീജേപ്പീയുടെയും സ്ഥാനാര്‍ത്ഥികളൊക്കെ ഇതേ അഭിപ്രായക്കാരാണ്. വിജയം ഉറപ്പ്. അതിൽ തന്നെ ഇടതു സ്ഥാനാര്‍ത്ഥി എം.വിജയകുമാറാണ് അത്ഭുതം സംഭവിക്കുമെന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഭൂരിപക്ഷത്തിന്റെ കാര്യത്തതിൽ അത്ഭുതകരമായ വര്‍ദ്ധനവ് ഉണ്ടാകും എന്നാണു മണ്ഡലത്തിന്റെ സ്വന്തം വിജയകുമാര്‍ സഖാവിന്റെ വിശ്വാസം. അങ്ങനെ സംഭവിച്ചാൽ അത് അത്ഭുതകരം തന്നെയായിരിക്കും. കാരണം അഭൂത പൂർവ്വമായ കൗതുകങ്ങൾ നിരഞ്ഞതായിരുന്നല്ലോ ഇത്തവണ ഇടതു പക്ഷത്തിന്റെ പ്രചാരണം.
വരാന്നു പറഞ്ഞിട്ട ചേട്ടൻ വരാതിരുന്നാലോ എന്ന പാട്ട് ഒാര്‍മ്മപ്പെടുത്തുന്ന രീതിയിൽ വിജയ കുമാറിനെയും പാര്‍ടി സ്നേഹികളെയും ആശങ്കയുടെ മുൾ മുനയിൽ നിർത്തിയെങ്കിലും വി. എസ് എന്ന ജനകീയൻ തന്നെ മുന്നില്‍ നിന്ന് നയിച്ച പോരാട്ടമായിരുന്നു അരുവിക്കരയിലേത്. പ്രചാരണത്തിൽ മേല്‍ക്കൈ നേടി വി.എസ് നിറഞ്ഞാടുമ്പോഴായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി സാക്ഷാൽ ശ്രീമാൻ കോടിയേരി സഖാവ് പറയുന്നത് പ്രചാരണം നയിക്കുന്നത് പിണറായി സഖാവാണെന്ന്. മണ്ഡലത്തിൽ ഒരു കവല പ്രസംഗം പോലും നടത്താതെ മായാവിയെ പോലെ മറഞ്ഞിരുന്ന പിണറായി സഖാവ് അവസാനം ഒറ്റ വാര്‍ത്താ സമ്മേളനത്തിലൂടെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. അങ്ങനെ ഒരു പാവം പ്രഖ്യാപിത പാര്‍ടി വിരുദ്ധനെ കൊണ്ട് പകലന്തിയോളം പ്രചാരണ വേല ചെയ്യിച്ച് അതിന്‍റെ കൂലിയും ക്രെഡിറ്റും പിണറായി മുതലാളി സ്വന്തമാക്കി. ഇങ്ങനെയൊക്കെ വൈരുദ്ധ്യാത്മക ഭൗതിക വാദം പാര്‍ടി പ്രാവര്‍ത്തികമാക്കിയ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം ജയിച്ചാൽ അത് തികച്ചും അത്ഭുതകരമായിരിക്കും.
മക്കൾ രാഷ്ട്രീയത്തിനെതിരെ ഗുരുവായ ലീഡര്‍ക്കെതിരെ പോലും പടവാളുയര്‍ത്തിയ ജി.കാര്‍ത്തികേയന്റെ മകൻ അതേ മക്കൾ രാഷ്ട്രീയത്തിന്‍റെ മാത്രം പിൻബലത്തിൽ സ്ഥാനാര്‍ത്ഥിയാവുന്നിടത്ത് തുടങ്ങുന്നു ഭരണ പക്ഷത്തെ കൗതുകങ്ങൾ. സരിതയും കോഴയും കഴിഞ്ഞാൽ കൂട്ടിക്കിഴിക്കലിൽ എടുത്തു പറയാൻ ഒരു വിഴിഞ്ഞം പോലും ഇതുവരെയില്ലാത്ത സര്‍ക്കാരിന്‍റെ ഭരണ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറയാൻ മടിയില്ലാത്ത മുഖ്യൻ തന്നെ ശബരീനാഥിനെ ജയിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. ഒരു പക്ഷെ ചരിത്രത്തിൽ ഇതുവരെ കാണാത്തത്ര അഴിമതിക്കഥകളും മക്കൾ രാഷ്ട്രീയാരോപനങ്ങളും ഒക്കെ മറന്നു ശബരീനാഥിനെ ജനം ജയിപ്പിച്ചാൽ അതും ഒരു അത്ഭുതം തന്നെ ആയിരിക്കും.
അടുത്തത് ബി.ജെ.പിയുടെ ഊഴം. ഇരു മുന്നണികൾക്കും ശക്തമായ വേരോട്ടവും വിജയ ചരിത്രവും ഒക്കെയുള്ള മണ്ഡലത്തിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് അവരുടെ സ്ഥാനാര്‍ത്ഥിയുടെ പക്ഷം. അതിമോഹമാണ് മോനെ, ദിനേശാ എന്ന മോഹന്‍ലാൽ വചനമാണ് അറിയാതെ മനസ്സിൽ കടന്നു വരുന്നത്. മണ്ഡലത്തിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണവും ഇതുവരെ പാര്‍ട്ടിക്കു കിട്ടിയ വോട്ടുകളുടെ എണ്ണവുമൊക്കെ ഇത് ശരി വയ്ക്കുന്നു. അതുമല്ല ബി.ജെ.പിക്ക് സാധ്യത വന്നാല്‍ തന്നെ അവരുടെ വഴി മുടക്കാൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ട അഡ്ജസ്റ്റു മെന്റുകൾക്ക് അരുവിക്കരയിലും സാധ്യതയുണ്ടെന്ന കാര്യവും അവർ മറക്കുന്നു. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കാണണം. അതിനൊപ്പം കേന്ദ്രത്തില്‍ നിന്നുള്ള വസുന്ധര, ലളിത്, സുഷ്മാദി വര്‍ത്ത മാനങ്ങളും. അങ്ങനെയുള്ള സാഹചര്യത്തിൽ ബിജെപി ജയിച്ചാലും അത് തികച്ചും മഹാത്ഭുതം തന്നെയാവും.
ചുരുക്കത്തിൽ ആര്, എത്ര ഭൂരിപക്ഷത്തിനു ജയിച്ചാലും അത് തികച്ചും അത്ഭുതകരം തന്നെ ആയിരിക്കും. പൊതു ജനത്തിന്റെ അത്ഭുതകരമായ സഹന നിദർശനവും.