ചില ശുചിത്വാശങ്കകൾ


വി. ആർ. സത്യദേവ്

നമുക്കെല്ലാവർക്കും എല്ലായ്പ്പോഴും ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാകും. അങ്ങനെയുള്ളപ്പോൾ അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കാവും നമ്മളൊക്കെ പ്രാധാന്യം നൽകുക. കുട്ടികൾ പരീക്ഷക്കാലത്തും പലപ്പോഴും ടെലിവിഷൻ കാണാൻ താല്പ്പര്യം കാണിക്കാറുണ്ട്. പക്ഷെ അപ്പോഴൊക്കെ മുതിർന്നവർ അവരെ ശാസിക്കുന്നു. പരീക്ഷയെ നേരിടാൻ പരമാവധി കാര്യങ്ങൾ മനസ്സിരുത്തി പഠിക്കുകയാണ് വേണ്ടതെന്ന് മുതിർന്നവർ തിരിച്ചറിയുന്നു. ആ തിരിച്ചറിവു മൂലമാണ് കുഞ്ഞുങ്ങളെ ഉപദേശിക്കാനും ശാസിക്കാനുമൊക്കെ മുതിർന്നവർ തയ്യാറാകുന്നത്. ഈ മുതിർന്നവരിൽ പലർക്കും പക്ഷെ തങ്ങളുടെ ചെറുപ്പകാലത്ത് പഠനത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ് ഉണ്ടായിരുന്നുകൊള്ളണമെന്നില്ല. പഠിക്കേണ്ട കാലത്തു വേണ്ടപോലെ പഠിക്കാതിരുന്നതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിച്ചവരാണ് ആ മുതിർന്നവരിൽ പലരും. അനുഭവങ്ങളാണ് പഠന കാര്യത്തിൽ അവരെ കരുതലുള്ളവരാക്കുന്നത്.

കൗതുകകരമായ ഒരു കാര്യം, പഠനകാര്യത്തിൽ കുഞ്ഞുങ്ങളെ ഉപദേശിക്കുന്ന മുതിർന്നവരിൽ പലരും മുതിർന്നവർ ചെയ്യേണ്ട കാര്യങ്ങൾ വരുന്പോൾ അതിൽ പാലിക്കേണ്ട മുൻഗണനാ ക്രമം പാലിക്കാൻ ശ്രദ്ധിക്കാറില്ല എന്നതാണ്. ഇത് തികച്ചും മനുഷ്യ സഹജമാണ്. നമുക്കെല്ലാം ഇഷ്ടം, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ചെയ്യാനാണ്. ചെയ്യാനുള്ള കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്യാൻ ശീലിക്കുക എന്നതാണ് ഇതിനു നമ്മൾ ചെയ്യേണ്ട ആദ്യ ചുവടുവെപ്പ്. ആഹാരം കഴിക്കണം, പാട്ട് കേൾക്കണം, ജീവിത പങ്കാളിയെ സഹായിക്കണം, സ്നേഹിക്കണം, സമൂഹവുമായി ഇടപെടണം... അങ്ങനെ നീണ്ട പട്ടികകളാണ് നമ്മുടെ ഓരോരുത്തരുടെയും TO DO പട്ടികകളിൽ ഉള്ളത്. ഇതിന്റെയൊക്കെ മുൻ‍ഗണനാ ക്രമം പാലിക്കൽ എളുപ്പമല്ല. പഠന കാര്യത്തിൽ കുഞ്ഞുങ്ങളെ ശാസിക്കുന്ന നമ്മൾ മുതിർന്നവർ പാലിക്കേണ്ട മുൻ‍ഗണനാ ക്രമം പാലിക്കുന്നതിൽ പലപ്പോഴും പിഴവ് വരുത്തുന്നു. ഒന്ന് ശ്രദ്ധിച്ചാലറിയാം ഈ മുൻ‍ഗണനാ ക്രമം പാലിച്ച് വേണ്ട കാര്യങ്ങൾ വേണ്ട നേരത്ത് വേണ്ടത് പോലെ ചെയ്യുന്നവരാണ് ജീവിത വിജയം നേടുന്നത്. നമ്മുടെ കഴിവിനും സ്വാധീനത്തിനുമൊക്കെ ജീവിത വിജയ കാര്യത്തിൽ വലിയ പങ്കുണ്ട്. പക്ഷെ അതിലും വളരെ വലുതാണ്‌ ഇപ്പോൾ പരാമർ‍ശിച്ച മുൻ‍ഗണനാ ക്രമം പാലിക്കൽ.

ഇത് നമ്മൾ ഓരോ വ്യക്തികളുടെ മാത്രം കാര്യമല്ല. ഓരോ സമൂഹങ്ങളിലും ഈ സ്വഭാവ വിശേഷം നമുക്ക് കാണാം. അടിസ്ഥാനപരമായി സാധാരണ മനുഷ്യരുടെയൊക്കെ കഴിവുകൾ ഏറെക്കുറെ സമാനമാണ്. ഈ സമാനതകൾ സമൂഹങ്ങളുടെ കാര്യത്തിലും രാഷ്ട്രങ്ങളുടെ കാര്യത്തിലുമൊക്കെ കാണാം. എന്നിട്ടും ചില രാഷ്ട്രങ്ങൾ അതിവേഗത്തിൽ വികസിക്കുന്നു. ചില രാഷ്ട്രങ്ങൾ നൂറ്റാണ്ടുകളായി അപരിഷ്കൃതരായി തുടരുകയും ചെയ്യുന്നു. വേണ്ട കാര്യങ്ങൾ വേണ്ട നേരത്ത് ചെയ്യാത്തത് തന്നെയാണ് ആ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും പിന്നാക്കാവസ്ഥക്ക് കാരണമെന്ന് നമുക്ക് വിലയിരുത്താം. പല സമൂഹങ്ങൾക്കും ഇതിനെക്കുറിച്ചൊന്നും കാര്യമായ ജ്ഞാനമില്ല. പക്ഷെ ഭൂമിമലയാളത്തിന്റെ കാര്യം അങ്ങനെയല്ല. അറിവുള്ളവരാണ് നമ്മൾ. അതിൽ നമ്മൾ അഭിമാനിക്കുകയും ഒട്ടൊക്കെ അഹങ്കരിക്കുകയും ചെയ്യുന്നു. എന്നാൽ ദൈനംദിന പ്രവൃത്തികളിൽ മുൻ‍ഗണനാ ക്രമം പാലിക്കുന്നതിൽ കേരളീയ സമൂഹം അന്പേ പരാജയപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് കാണാം.

ഒരു വ്യക്തിയുടെ നല്ല ഭാവിക്ക് എന്താണ് വേണ്ടത് എന്നത് പോലെ തന്നെ പ്രധാനമാണ് ഒരു സമൂഹത്തിനു എന്താണ് വേണ്ടത് എന്ന കാര്യം. നമ്മുടെ സമൂഹത്തിന് എന്താണ് വേണ്ടത്? വികസനം, വളർ‍ച്ച എന്നൊക്കെ ഉടനടി ഉത്തരം നൽകുന്ന നമ്മൾക്ക് പക്ഷെ അതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ വലിയ വിമുഖതയാണുള്ളത്. നമുക്ക് യഥാർ‍ത്ഥത്തിൽ മനസിന്റെ വിശപ്പടക്കാൻ കുറെ വിവാദങ്ങൾ മാത്രം കിട്ടിയാലും നമ്മൾ തൃപ്തരാണ്. യഥാർത്ഥ ആവശ്യങ്ങളുടെ മുൻ‍ഗണനാ പട്ടിക തയ്യാറാക്കാതെ സരിതയെപ്പോലെയുള്ള അഭിസാരികകളുടെ പിന്നാലെയും കോഴ വീരന്മാരുടെ തന്ത്രങ്ങളിലും അഭിരമിച്ചു കഴിയാനാണ് ശരാശരി മലയാളിക്ക് താൽപ്പര്യം. വിദേശജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിലുണ്ടായിരുന്ന ഓഫീസിനെതിരെ മുന്നും പിന്നും നോക്കാതെ സമരം ചെയ്ത് ആ സൗകര്യത്തെ മുംബൈയിലേക്ക് ആട്ടിപ്പായിച്ച്, സ്വന്തം നാട്ടുകാരെ ബുദ്ധിമുട്ടിലാക്കാൻ നമുക്ക് മടിയില്ല. ജല ശ്രോതസ്സുകളെ മലിനമാക്കി രോഗങ്ങളുടെ ഈറ്റില്ലങ്ങളാക്കി പകർച്ച വ്യാധി ബാധിച്ച് സ്വയം ഇല്ലാതാകാൻ നമുക്ക് മടിയില്ല.

സ്വന്തം ശുചിത്വമില്ലായ്മ മൂലം കരിന്പനി പോലുള്ള പകർ‍ച്ച വ്യാധികൾ തിരുച്ചു വന്നു കൊണ്ടിരിക്കുന്നു.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ വിവാദങ്ങളിൽ അഭിരമിച്ചു സമരപ്പേക്കൂത്തുകളുമായി നാളുകൾ കഴിച്ചാൽ ദൈവത്തിന്റെ സ്വന്തം നാട് കുപ്പക്കുളമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുൻ‍ഗണനാ ക്രമങ്ങൾ നിശ്ചയിക്കേണ്ടത് നമ്മളാണ്. ശുചിത്വം അതിൽ പരമ പ്രധാനമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed