(അച്ചു)മ്മാന് അടുപ്പിലുമാകാം...

അമ്മാവന് അടുപ്പിലുമാകാമെന്ന ചൊല്ല് ഏറെപ്പഴയതാണ്. ഭുമിമലയാളത്തിന്റെ സ്വന്തം രാഷ്ട്രീയാത്ഭുതമായ സാക്ഷാൽ ശ്രീമാൻ വി.എസ് അച്യുതനാന്ദനെക്കുറിച്ച് ഈ ചൊല്ല് മുന്പും പലപ്പോഴും നമ്മൾ പറഞ്ഞിട്ടുണ്ട്. പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് പഴമൊഴി. ഇപ്പോഴിതൊക്കെ വീണ്ടുമൊരിക്കൽക്കൂടി തെളിയിക്കുകയാണ് വിഎസ്. പത്രക്കാർക്കെതിരെയാണ് ഇത്തവണ വിഎസ്സിന്റെ വിളയാട്ടം. വിളയാട്ടമെന്നാൽ ഒരുമാതിരി ആന കരിന്പിൻ കാട്ടിൽ കയറിയ മട്ടാണ്. പത്രക്കാരാണ് വിഎസ്സിനെ പലപ്പോഴും ആവശ്യത്തിലേറെ മഹത്വവൽക്കരിക്കുന്നത് എന്നൊരു പറച്ചിലുണ്ട്. അതിലൊരൽപ്പം കാര്യവും ഇല്ലാതില്ല. ആ പത്രക്കാർക്കു തന്നെ ഇപ്പോൾ ആവശ്യത്തിലേറെക്കിട്ടിയിരിക്കുന്നു. അല്ലെങ്കിലും കൂടെ നിന്നവർക്കും പിന്തുണയ്ക്കുന്നവർക്കുമൊക്കെ അദ്ദേഹത്തിൽ നിന്നും ഇത്തരം സമ്മാനങ്ങൾ കിട്ടുന്ന രീതി ഒട്ടും പുതിയതല്ലല്ലോ. പഴയ ഷാജഹാനും സുരേഷുമൊക്കെ ഓരോ കാലത്ത് ഇത് അനുഭവിച്ചതാണ്. നേതാവിന്റെ വാക്കു വിശ്വസിച്ചതാണ് തന്റെ ഭർത്താവ് ടി.പി സഖാവിനും പറ്റിയ അബദ്ധമെന്നു സഖാവു രമ തുറന്നടിച്ചത് ഈ അടുത്തകാലത്തായിരുന്നു. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഭൂമിമലയാളത്തിലെ ആബാലവൃദ്ധം ജനങ്ങളും അതൊക്കെ അമ്മാവന്റെയോരോ തമാശകളായി ആസ്വദിച്ചു മുണ്ടാണ്ടിരിക്കുകയാണല്ലോ പതിവ്. അച്ചുമ്മാവന് അടുപ്പിലുമാകാം.
എന്നാൽ അമ്മാവന്മാർ അഥവാ മുതിർന്നവർ സമൂഹത്തിനു മാതൃകകളായിരിക്കണം എന്ന കാര്യം ഇവിടെ പ്രസക്തമാവുകയാണ്. പ്രത്യേകിച്ച് വീയെസ്സിനെപ്പോലെ ജീവിത സായന്തനത്തിലും കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു മുതിർന്ന നേതാവ്. നേരിട്ടെന്ന പോലെ ഇതെല്ലാം ടി.വി അടക്കമുള്ള മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നവരിൽ കൊച്ചു കുട്ടികളുമുണ്ട്. അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ പോലും മലീമസമാക്കുന്ന തരത്തിലുള്ളതായിപ്പോകുന്നു നമ്മുടെ നേതാക്കളിൽ പലരുടെയും ഭാഷാ പ്രയോഗങ്ങൾ. ഇന്നു വീഎസ്സിൽ നിന്നുണ്ടായത് അത്തരത്തിലൊന്നുതന്നെയാണ്. കഴിഞ്ഞ ദിവസം കാസർകോടുവച്ച് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ നടത്തിയ അഭിമുഖം ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിലെ പല ഭാഗങ്ങളും ലേഖകൻ വളച്ചൊടിച്ചതാണെന്നാണ് വീഎസ്സിന്റെ നിലപാട്. “ഞാൻ പറഞ്ഞത് എന്റെ വായിലേക്കു തന്നെ തിരിച്ചു തള്ളിക്കോണ്ടുള്ള... മാധ്യമപ്രവർത്തകരെന്നു പറയുന്ന നിങ്ങടെ കൂട്ടുകാര് കാണിച്ചുകൊണ്ടിരിക്കുന്ന തെമ്മാടിത്തരം....” എന്നിങ്ങനെ പോകുന്നു വീഎസ്സിന്റെ പ്രതികരണം. ഇതത്ര ശരിയായില്ല എന്നു വിലയിരുത്തേണ്ടി വരും.
ഒന്നാമതായി നിസ്വാർത്ഥ സേവനത്തിനെന്ന പേരിൽ ജനസേവനത്തിനിറങ്ങിയിരിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരനും തത്വത്തിലെങ്കിലും സമൂഹത്തിന്റെ സേവകനാണ്. വാക്കിലോ പ്രവൃത്തിയിലോ ഇത്തത്തിലൊരു ധാർഷ്ട്യം അങ്ങനെയൊരാൾക്കു ഭൂഷണമല്ല. അടുത്തത്, മാധ്യമപ്രവർത്തനത്തിൽ വന്ന വലിയ മാറ്റം വീഎസ്സ് തിരിച്ചറിയാത്തതുപോലെ പ്രവർത്തിക്കുന്നു എന്നതാണ്. പണ്ടൊക്കെ തങ്ങൾക്കു വേണ്ടപ്പെട്ട രാഷ്ട്രീയ കോമരങ്ങൾ എന്തു തോന്ന്യാസം പറഞ്ഞാലും ബന്ധപ്പെട്ട മാധ്യമ ഉപജാപകവൃന്ദം നേതാവ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു എന്നും അതിശക്തമായിനിഷേധിച്ചു എന്നുമൊക്കെ എഴുതിപ്പിടിപ്പിച്ച് ആ നേതൃവിഗ്രഹങ്ങളുടെ ശോഭ കെടാതെ കാത്തിരുന്നു. എന്നാലിന്ന് നേതാക്കന്മാരുടെ വാക്കുകളും പ്രവൃത്തിയുമൊക്കെ തുറന്നു വച്ച ക്യാമറക്കണ്ണുകൾ ഇടനിലക്കാരുടെ ഇടപെടലില്ലാതെ നേരിട്ടു പ്രേക്ഷകനിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. നേതാക്കന്മാരുടെയൊക്കെ തനി നിറവും ഗുണവും വാക്കുകളുമൊക്കെ നേരിട്ടു നമ്മളറിയുന്നു. അഭിമുഖങ്ങൾ നടത്തുന്പോൾ അതിന്റെ ശബ്ദം റിക്കോഡു ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. അഭിമുഖം തയ്യാറാക്കുന്പോൾ എഴുത്തിലേയ്ക്കു ശ്രദ്ധ ചോരാതിരിക്കാനും അത് പ്രസിദ്ധീകരിച്ചു വരുന്പോൾ നിഷേധിക്കുന്ന രാഷ്ട്രീയക്കാരന് ചുട്ട മറുപടി നൽകാനും ഇത്തരം ശബ്ദരേഖകൾ ഉപയുക്തമാകുന്നു. ഇത് ഇപ്പോഴും സംഭവിച്ചിരിക്കുന്നു. പത്രക്കാരെല്ലാം തെമ്മാടികളല്ല എന്നു വ്യക്തമാക്കിക്കൊണ്ട് വീഎസ്സുമായുള്ള അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് പുറത്തു വിട്ടു കഴിഞ്ഞു. ഇപ്പോഴാണ് ഫലത്തിൽ വീഎസ് തന്നെ പറഞ്ഞപോലെ ‘താൻ പറഞ്ഞത് അദ്ദേഹത്തിന്റെ വായിലേക്കു തന്നെ തിരിച്ചു തള്ള’പ്പെടുന്നത്. ഇതിനുത്തരവാദി അദ്ദേഹം തന്നെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. തെമ്മാടിത്തരങ്ങൾ ആരുടേതായാലും പൊതു സമൂഹം എല്ലാക്കാലവും പൊറുക്കണമെന്ന് നിർബന്ധമില്ല.