മണികെട്ടിയ പൂച്ച


കൈയിൽ‍ പൂത്ത കാശുള്ളവരെ എല്ലാവരും അറിയും. നിങ്ങളൊക്കെ നന്നായി അറിയുന്നൊരു പണക്കാരന്റെ വീട്ടിലെ പൂച്ചയുടെ കഥയാണിത്. കാട്ടിൽ‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു തന്നെയാണ്‍ നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പെന്ന് കേട്ടപ്പോൾ‍ പൂച്ചയുടെ മനസ്സിലെ അധികാരക്കൊതിയും സടകുടഞ്ഞെഴുന്നേറ്റു. പൂച്ച തിരഞ്ഞെടുപ്പിൽ‍ മത്സരിക്കാൻ സ്വയം തീരുമാനിച്ചു. വോട്ടുകൾ‍ കൂടുതലുള്ളത് അവരുടെ പ്രഖ്യാപിത ശത്രുക്കളായ എലികൾ‍ക്കാണ്‍. നേരിട്ടൊരു മത്സരമാണെങ്കിൽ‍ പൂച്ച തോൽ‍ക്കുക തന്നെ ചെയ്യും. അടവുനയം പ്രയോഗിച്ചിട്ടാണെങ്കിലും പൂച്ചയ്‌ക്ക് ജയിച്ചേ മതിയാവൂ. പൂച്ചയുടെ പരാജയം, ഉണക്കമീനും പൂച്ചത്തീറ്റിയും കൊടുത്ത് വളർ‍ത്തുന്ന യജമാനന്റെ പരാജയമാകും. പണക്കാരുടെ നിഘണ്ടുവിൽ‍ പരാജയം എന്ന വാക്കുണ്ടായിരുന്ന പേജു പോലും കീറിക്കളഞ്ഞിരിക്കുകയാണ്‍. പരാജയത്തെ പടിക്കു പുറത്താക്കി ഗെയ്റ്റടച്ചിട്ട് നാളുകളേറെയായി.

ഇരുട്ടത്ത് പൂച്ചകൾ‍ പമ്മിപ്പമ്മി വരുന്പോൾ‍ അവയെ കാണാൻ‍ സാധിക്കുകയില്ല. അവ ശ്വാസമെടുക്കുന്ന ശബ്ദം പോലും കേൾ‍ക്കില്ല. ഇരയുടെ മേൽ‍ ചാടിവീഴുന്പോൾ‍ അവസാന പ്രാണവേദനാസ്വരം പോലും മിക്കപ്പോഴും പുറത്തു കേൾ‍ക്കാറില്ല. ചിരിച്ചും കളിച്ചും കൂടെയുണ്ടായിരുന്നൊരാൾ‍ പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷമാകുന്നത് മാത്രം സത്യമായി അവശേഷിച്ചു. ഈ പൂച്ചകൾ‍ തിന്നാൻ വേണ്ടിയാണ്‍ എലികളെ കൊല്ലുന്നതെങ്കിൽ‍ അത് പ്രകൃതിനിയമമെന്ന് പറഞ്ഞ് സമാശ്വസിക്കാമായിരുന്നു. ഇത് ശീലമായിപ്പോയതു കൊണ്ട് മാത്രം വെറും വെറുതെ ഇരയെ കൊന്നു തള്ളുകയാണ്‍. പൂച്ചയുടെ കഴുത്തിൽ‍ ഒരു മണികെട്ടിയാൽ‍ അവ വരുന്പോൾ‍ മണിശബ്ദം കേട്ട് ഓടി രക്ഷപ്പെടാനാകുമെന്ന് എലികൾ‍ കണ്ടെത്തി. പൂച്ചയ്‌ക്ക് ആര് മണികെട്ടും? എന്ന പഴഞ്ചൊല്ല് നാട്ടിൽ‍ പാട്ടായി. പൂച്ചയ്‌ക്ക് മണികെട്ടാമെന്ന് പറഞ്ഞ് മുന്‍പേ ഇടിച്ചു നിന്നവരുടെ കഥയൊക്കെ പൂച്ച തന്നെ എഴുതിത്തീർ‍ത്തു. 

എലികളെ കണ്ടാൽ‍ അവയെ ജീവനോടെ വെച്ചേക്കാൻ പാടില്ലെന്നാണ്‍ പൂച്ചകളുടെ രഹസ്യനിയമം. തങ്ങളുടെ ജീവന് ഭീക്ഷണിയായ പൂച്ചയുടെ കഴുത്തിൽ‍ മണികെട്ടിയേ മതിയാകൂ എന്ന തീരുമാനത്തിലുറച്ച് എലികൾ‍ സംഘടിച്ച കാലത്താണ്‍ തിരഞ്ഞെടുപ്പു വന്നത്. ഗതികെട്ടതു കൊണ്ട് പൂച്ച പുല്ലുതിന്നു തുടങ്ങി, വെളുക്കെ ചിരിച്ച് കഴുത്തിൽ‍ മണി കെട്ടാനായി സ്വയം നിന്നു കൊടുക്കുകയും ചെയ്‌തു. അങ്ങനെ പണക്കാരന്റെ വീട്ടിലെ പൂച്ചയ്‌ക്കും കിലുങ്ങുന്ന മണിയായി. പൂച്ചയ്‌ക്ക് മണി കെട്ടിയതോടു കൂടി ക്യാറ്റും റാറ്റും തമ്മിൽ‍ കാലാകാലങ്ങളായി ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും രമ്യതയിലായി. മാർ‍ജ്ജാര വംശമായ കടുവ, സിംഹം, പുലി, ചീറ്റപ്പുലി, കരിന്പുലി, മേഘപ്പുലി, ജാഗ്വാർ‍, തുടങ്ങിയവയുടെ വംശത്തിൽ‍ പെട്ടവനാണ്‍ താനെന്ന് നമ്മുടെ പൂച്ച വംശപാരന്പര്യത്തെ കുറിച്ച് അഭിമാനം കൊണ്ടു. ജീവഹാനി സംഭവിക്കാവുന്ന ഇടങ്ങളിൽ‍ നിന്നു പോലും നാലുകാലിൽ‍ വീണ്‍ പൂച്ച സമർ‍ത്ഥമായി രക്ഷപ്പെടും. ഒരേ ജന്മത്തിൽ‍ ഒന്‍പത് ജീവിതങ്ങൾ‍ പൂച്ചയ്‌ക്ക് മാത്രം. തല്ലിക്കൊല്ലാൻ നോക്കിയാലും ചാകില്ലെന്നുറപ്പ്. പണം വാരിയെറിഞ്ഞ് മണികെട്ടിയ പൂച്ച തിരഞ്ഞെടുപ്പിനെ നേരിടു. ഫലം വന്നപ്പോൾ‍ എല്ലാവരും പ്രതീക്ഷിച്ചതു പോലെ മണികെട്ടിയപൂച്ച എലികളുടെ അനുഗ്രഹത്തോടെ വൻ‍ഭൂരിപക്ഷത്തിൽ‍ വിജയിച്ചു. 

ജയിച്ചു കഴിഞ്ഞപ്പോൾ‍ മണികെട്ടിയപൂച്ചയുടെ മട്ടും ഭാവവും മാറി. തിരഞ്ഞെടുപ്പ് വേളയിൽ‍ ഫോട്ടോഷോപ്പ് വിദ്യയിലൂടെ തന്റെ മുഖത്തോട് ചേർ‍ത്തു വെച്ച പുലിയുടെ മുഖം തനിക്കുണ്ടോയെന്ന് പൂച്ചയ്‌ക്ക് തോന്നിത്തുടങ്ങി. താൻ പുലി മാത്രമല്ലെന്നും കടുവയും സിംഹവും ഒക്കെയാണെന്ന് ചില അവസരങ്ങളിൽ‍ പൂച്ച സ്വയം അഹങ്കരിച്ചു. വിജയശ്രീലാളിതനായ, അധികാരമുള്ള പൂച്ചയുടെ ഇരപിടുത്തം പുതിയ ൈസ്റ്റലിലായി. ഇപ്പോൾ‍ മണികിലുക്കി പരിവാരങ്ങളുമായി വന്ന് എലിയെ പിടിക്കുന്നത് ഹരമായി മാറി. എലികളുടെ ജീവൽ‍ഭയം അധികം വർ‍ദ്ധിച്ചു. മുന്‍പായിരുന്നെങ്കിൽ‍ ആരും അറിയാതെ സ്വസ്‌ഥമായി രക്തസാക്ഷിയാകാമായിരുന്നു. ഇപ്പോളിതാ മണികിലുക്കി പെരുന്പറമുഴക്കി നാടിളക്കിയാണ് തങ്ങളുടെ വംശത്തെ ഇല്ലായ്‌മ ചെയ്യുന്നത്. മണികെട്ടിയതിലും ബുദ്ധിമുട്ടാണ്‍ കെട്ടിയമണി അഴിച്ചെടുക്കുകയെന്നത് ഇപ്പോളവർ‍ അറിഞ്ഞു. അനുദിനം വർ‍ദ്ധിച്ചു വരുന്ന അതിക്രമങ്ങൾ‍ക്കെതിരെ വാലുപോലും അനക്കാനാവാതെ എലികൾ‍ മാളങ്ങളിൽ‍ വിഷമിച്ചിരുന്നു. പൂച്ചകൾ‍ക്കെതിരെ ചിന്തിക്കുന്ന തലച്ചോറുകളെ പോലും മണിയന്റെ ആൾ‍ക്കാർ‍ തുരന്നെടുത്തു.  

ഓലപ്പാന്പ് പോലെ മണികെട്ടിയപൂച്ചയും വെറും ഓലയാണ്‍. മണികെട്ടിയ പൂച്ച മുക്കുന്നതും മൂളുന്നതുമൊക്കെ യജമാനന്റെ ഇഷ്ടത്തിനനുസരിച്ചാണ്‍. യജമാനൻ‍ അനുവദിക്കുന്നയിടത്തോളമേപൂച്ചപ്പട്ടത്തിന്‍ ഉയർ‍ന്ന് പറക്കാനാവൂ. പൂച്ചപ്പട്ടത്തിന്റെ നൂല് തനിക്ക് ലാഭമുള്ളയിടത്തോളം കാലം യജമാനൻ‍ അയച്ചു വിട്ടുകൊണ്ടേയിരിക്കും. തണുപ്പുള്ള അകത്തേ മുറിയിലിരുന്ന് യജമാനൻ‍ ടി.വിയിൽ‍ ടോം ആന്റ്‌ ജെറി കണ്ട് പൊട്ടിച്ചിരികാറുണ്ട്. പണമുള്ളവനെ മാത്രമല്ല ഇന്ന് പണമുള്ളവന്റെ മണികെട്ടിയ പൂച്ചയേയും എല്ലാവരും അറിയും.

You might also like

Most Viewed