പോയ വാക്ക്, കീറിയ ചാക്ക്...
ലോകചരിത്രത്തിൽ ഗാന്ധിജിയോളം സ്വാധീനം ചെലുത്തിയ വ്യക്തികൾ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥയാണ് അദ്ദേഹം എഴുതിയ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് എന്നാണ് വായിച്ച് കേട്ടിട്ടുള്ളത്. ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തയുടെയും ആശയാഭിലാഷങ്ങളുടേയും തത്ത്വചിന്താപരമായ അടിത്തറകളും സ്വഭാവവും ഇതിലൂടെ വരച്ചിടുന്നു. തന്റെ ജീവിതത്തിലുണ്ടായ പാളിച്ചകളും തെറ്റുകളും ഏറ്റുപറഞ്ഞുകൊണ്ടാണ് ഗാന്ധിജി ഈ പുസ്തകമെഴുതിയിരിക്കുന്നത്. താൻ വെറുമൊരു മനുഷ്യനാണെന്ന് തുറന്നുപറയുന്ന വിശാലമായ ഒരു മനസ് ഈ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഈ ഒരു കാഴ്ച്ചപാടാണ് സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയെ ഏറ്റവുമധികം ഇഷ്ടപ്പെടാൻ എന്നെ പ്രേരിപ്പിച്ചതിന്റെ പ്രധാനപ്പെട്ട കാരണം.
സ്വന്തം ദൗർബല്യങ്ങളെ തിരിച്ചറിയുകയും, അത് തുറന്നു സമ്മതിക്കുകയും ചെയ്യുന്നവർ ഇന്ന് നമ്മുടെ ഇടയിൽ വളരെ കുറവാണ്. ഇതിന് പകരം പ്രത്യേകിച്ച് ഒരു കാരണമോ പ്രകോപനമോ ഇല്ലാതെ മറ്റുള്ളവരെ കരിവാരിതേക്കാനാണ് നമ്മളിൽ പലരുടെയും താത്പര്യം. അതോടൊപ്പം ഒരാൾ ചെയ്യുന്ന പ്രവൃത്തികളെ വിമർശിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും പകരം ആ വ്യക്തിയുടെ തികച്ചും വ്യക്തിപരമായ ഇടത്തിൽ കയറി ചവുട്ടി മെതിക്കാൻ നമ്മിൽ പലരുടെയും മനസ് വല്ലാതെ ദാഹിക്കാറുമുണ്ട്. പലപ്പോഴും കേട്ടറിവുകൾ വെച്ചാണ് ഇത് ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ ക്രൂരത. എഴുത്തും, പ്രസംഗവും ഒക്കെ ഒരു വ്യക്തിയുടെ ആവിഷ്കാരങ്ങളായിട്ടാണ് നമ്മൾ കാണുന്നത്. ആവിഷ്കാരങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ സമരങ്ങൾ പോലും നടന്നിട്ടുണ്ട്. പക്ഷെ പലപ്പോഴും ഇത്തരം ആവിഷ്കാരങ്ങളുടെ അതിർവരന്പ് എവിടെ വരെയാകാമെന്ന് ആരും തന്നെ പറയാറില്ല. നമ്മളെ ബാധിക്കുന്നില്ലെങ്കിൽ എവിടെ വരെ വേണമെങ്കിലും ആയികൊള്ളട്ടെ എന്നാണ് പൊതുവേയുള്ള ഒരു നിലപാട്. മറ്റൊരുവന്റെ തന്തയ്ക്ക് വിളിക്കുന്പോൾ അത് കേൾക്കുന്നവർക്ക് ഒരു പ്രത്യേക സുഖം തോന്നുന്ന മാനസികാവസ്ഥയാണത്. തനിക്ക് ചെയ്യാൻ പറ്റാത്ത മഹത്തായ ഒരു കാര്യമായതിനാൽ തെറി വിളിക്കുന്നയാളോട് പ്രത്യേകമായ ഒരു ആരാധനയും ഉണ്ടാകും. പ്രേക്ഷകരിൽ ആവേശം നിറച്ച സുരേഷ് ഗോപി ടൈപ്പ് സിനിമകൾ വിജയിക്കാനുള്ള പ്രധാനപ്പെട്ട കാരണവും ഇത് തന്നെയാണ്.
എഴുത്ത് പോലെ തന്നെ പ്രസംഗിക്കുന്പോൾ ചിലർക്ക് തന്റെ മുന്പിലിരിക്കുന്ന ആളുകളെ കാണുന്പോൾ വല്ലാത്തൊരു ആവേശം വരും. ചിലപ്പോൾ തോന്നും ഈ ലോകം മുഴുവനും തന്റെ മുന്നിലാണ് ഇരിക്കുന്നതെന്ന്. ആവേശകരമായ പ്രസംഗത്തിന് ശേഷം കൈയടികളുടെ ശബ്ദം കേൾക്കുന്പോൾ ഇവരുടെ കർണപുടങ്ങൾക്ക് ഉണ്ടാവുന്നത് വിവരിക്കാൻ സാധിക്കാത്ത ആനന്ദലബ്ധിയായിരിക്കും. ഹാളിന് പുറത്തിറങ്ങി തന്റെ മുന്പിലൂടെ തിക്കിതിരക്കി പോകുന്ന ആൾക്കൂട്ടത്തിൽ അലിഞ്ഞ് തനിയെ ആകുന്നത് വരെ താനാണ് ഈ ഭൂമിയെ താങ്ങിനിർത്തുന്നതെന്ന ചിന്തയാകും ഇവരെ ഭരിക്കുന്നത്. പ്രസംഗത്തിനിടയിൽ താൻ പേരെടുത്ത് മുറിവേൽപ്പിച്ചവരുടെ വേദന അപ്പോഴൊന്നും അവർ തിരിച്ചറിയില്ല. അത് മനസിലാകുന്നത് ഒരു തിരിച്ചടി ഉണ്ടാകുന്പോഴാണ്. തങ്ങളുടെ പൂർവകാല ചെയ്തികൾ മറുപക്ഷത്ത് നിന്ന് ഭീകരമായി വിളിച്ചുപറയുന്പോഴാണ് ചെയ്തു പോയത് മണ്ടത്തരമായി എന്ന് തോന്നുക. അപ്പോഴേക്കും ഇദ്ദേഹത്തിന്റെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവർ അവരുടെ വഴിക്ക് പോയിട്ടുണ്ടാകും.
കഴിഞ്ഞ ദിവസം ആദർശധീരനായ കേരളത്തിന്റെ ഗാന്ധിയനും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായ വി.എം. സുധീരന് സംഭവിച്ചത് ഇതാണ്. ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു വേദിയിൽ സംഘടനയുടെ നേതാവും, വ്യവസായിയുമായ ഒരാളെ മദ്യവിൽപ്പനക്കാരനായി ചിത്രീകരിക്കുകയും, അദ്ദേഹത്തെ അവിടെ വെച്ച് തന്നെ അപമാനിക്കുകയും ചെയ്ത് ഇഷ്ടം പോലെ കൈയടികളാണ് സുധീരൻ നേടിയത്. പക്ഷെ പിറ്റേന്ന് തന്നെ സ്വന്തം കുടുംബത്തിലെ മദ്യപാനശീലം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടും, സുധീരന്റെ ബന്ധുക്കൾക്കുള്ള ബാറുകളെ പറ്റി ആക്ഷേപമുയർത്തികൊണ്ടും, മദ്യവ്യവസായിയുടെ കാറുപയോഗിച്ചതിനെ പറ്റിയും പ്രതികരണമുണ്ടായി. തുടർന്ന് ആരോപണങ്ങൾക്ക് ഒരു മറുപടിയും നൽകാനാകാതെ സുധീരന് മിണ്ടാതിരിക്കേണ്ട അവസ്ഥയുമുണ്ടായി.
ഈ ഒരു സംഭവത്തിൽ നിന്നും മനസിലേക്കേണ്ടത് ഒരാൾക്കെതിരെ വ്യക്തിപരമായി പൊതുസമൂഹത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്പോൾ ആദ്യം തന്റെ കൈകൾ വിശുദ്ധമാണോ എന്നു ഉറപ്പാക്കണം എന്നു തന്നെയാണ്. അല്ലെങ്കിൽ ആദ്യം കൈയടിച്ചവരും, നിങ്ങൾക്ക് പിന്നിൽ ഞങ്ങളുണ്ട് എന്ന് ഘോരഘോരം പ്രഖ്യാപിച്ചവരും കാലുമാറും എന്നത് തീർച്ച!!