അടി നൽകിയത് സാധാരണക്കാരൻ.
മറ്റെന്നാൾ ഭാരതീയ ജനതാ പാർട്ടിയുടെ പരമാദ്ധ്യക്ഷനായ ശ്രീ അമിത് ഷായുടെ മകന്റെ വിവാഹമാണ്. തീർച്ചയായും അതിന്റെ തിരക്കുകളിലായിരിക്കാം അദ്ദേഹം. ഇതിനിടയിൽ തന്റെ പാർട്ടിക്കും, പ്രധാനപ്പെട്ട മറ്റൊരു ദേശീയ പാർട്ടിയായ കോൺഗ്രസിനും ഇന്നു കാലത്ത് രാജ്യതലസ്ഥാനത്ത് സംഭവിച്ച മാരകമായ പ്രഹരത്തെ പറ്റി ചിന്തിക്കാൻ അദ്ദേഹത്തിന് സമയം കിട്ടുമോ എന്നറിയില്ല. അങ്ങിനെ സമയം ലഭിച്ചാൽ ഇരുന്ന് വായിക്കേണ്ടത് മാൽകം ഗ്ലാഡ് വെൽ എഴുതിയ ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന പുസ്തകമാണ്. മഹാരഥൻമാരോട് പൊരുതി, ശക്തമായ നീക്കങ്ങൾ നടത്തി വിജയിക്കുന്ന ഇടത്തരക്കാരുടെ കഥയാണത്. കാറ്റ് ആഞ്ഞുവീശിയാൽ ഉയർന്ന് നിൽക്കുന്ന ദേവദാരു വൃക്ഷങ്ങൾ കടപുഴകി വീഴുന്പോഴും, താഴെയുള്ള പുൽക്കൊടി വലിയ കേടില്ലാതെ രക്ഷപ്പെടുമെന്ന പഴമൊഴി ഈ നേരത്ത് അദ്ദേഹത്തിന് ഓർക്കാവുന്നതാണ്. ഒപ്പം അതിശക്തന്മാരെ ശക്തരാക്കുന്ന അതേ കാരണങ്ങൾ തന്നെയാണ് പലപ്പോഴും അവരെ ദുർബ്ബലരാക്കി മാറ്റുന്നത് എന്ന ചിന്തയും ഈ നേരത്ത് ഏറെ പ്രസക്തം തന്നെ.
ഈ നേരത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഉപദേശിച്ചത് കൊണ്ട് ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല. കാരണം തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളെ പോലും തിരിച്ചറിയാനാകാതെ ഓർമ്മതെറ്റ് സംഭവിച്ച വാർദ്ധക്യത്തെ പോലെയായിരിക്കുന്നു ആറു പതിറ്റാണ്ടോളം നമ്മെ ഭരിച്ച ആ പാർട്ടിയും അതിലെ നേതാക്കന്മാരും. ഇവരെ മടുത്ത് രാജ്യം തിരഞ്ഞെടുത്ത ഭാരതീയ ജനതാ പാർട്ടിക്ക് പക്ഷെ ഏറെ പാഠങ്ങൾ നൽകുന്നുണ്ട് ഡൽഹിയിലെ ഈ തിരഞ്ഞെടുപ്പ് ഫലം.
ആദ്യം അവർ മനസ്സിലാക്കേണ്ടത് ഒരാൾ കല്ലുമെടുത്ത് യുദ്ധത്തിനിറങ്ങുന്പോൾ അവരെ നേരിടേണ്ടത് മിസൈലുകൾ ഉപയോഗിച്ചായിരുന്നില്ല എന്നാണ്. ചാനലുകളിലും, പ്രചരണ യോഗങ്ങളിലും ബി.ജെ.പി തുടക്കം മുതൽ ഉപയോഗിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതൽക്കുള്ള നേതാക്കളെയാണ്. ഇത് തന്നെ രാജ്യമൊട്ടാകെ പടർന്നു പിടിച്ച് ദേശീയ പാർട്ടിയെന്നവകാശപ്പെടുന്ന ബി.ജെ.പിക്ക് സമാനമായി അരവിന്ദ് കേജരിവാൾ എന്ന സാധാരണക്കാരനായ മുൻ ഇൻകം ടാക്സ് ഓഫീസർ നയിച്ച ആം ആദ്മി പാർട്ടിയെ വളർത്തി. കേജരിവാളിലെ സാധാരണക്കാരനെ ജനങ്ങൾ ഇഷ്ടപ്പെട്ടപ്പോൾ, അമേരിക്കൻ പ്രസിഡണ്ടിനൊപ്പം ചായകുടിക്കുന്ന, സ്വന്തം പേര് തയ്പിച്ച് കുപ്പായമിടുന്ന മോഡിയെന്ന വി.വി.ഐ.പി നേതാവ് ജനങ്ങളിൽ നിന്ന് ഏറെ അകലെ നിൽക്കുന്ന നേതാവായി മാറി. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കിരൺ ബേദിയും, പ്രാദേശിക നേതാക്കളും തങ്ങളുടെ മനസ് ഒന്നാക്കാൻ ദയനീയമായി പരാജയപ്പെട്ടു. ആപ്പിൽ നിന്നും തങ്ങൾക്ക് ആപ്പ് വെക്കാൻ കെട്ടിയിറങ്ങിയ നേതാവാണ് ബേദിയെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കൾ മുറുമുറുത്തു. യഥാർത്ഥത്തിൽ ആപ്പിന്റെ വിജയത്തിന് കാരണക്കാരായവർ മധ്യവർഗത്തിൽ പെട്ട ജനങ്ങളാണ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവർ കേജരിവാളിനെ വെറുമൊരു അരാജകവാദിയായി കാണുമെന്ന തെറ്റിദ്ധാരണയാണ് ബി.ജെ.പി ദേശീയ നേതൃത്വത്തെ മുന്പോട്ട് നയിച്ചത്. എന്നാൽ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന, ഇന്നിന്റെ തങ്ങളുടെ ആവശ്യങ്ങൾ പൂർത്തിക്കരിക്കാൻ കഷ്ടപ്പെടുന്ന മധ്യവർഗം കേജരിവാളിനൊപ്പം നിന്നു. കഴിഞ്ഞ മെയ് മാസം മുതൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കേജരിവാൾ താരതമ്യേന നിശബ്ദനായിരുന്നു. ജീവിതത്തിലും രാഷ്ട്രീയത്തിലും അവസരങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരൻ ഈ നേരം കൊണ്ട് മനസ്സിലാക്കി, തന്റെ വീഴ്ചകളെ ഏറ്റു പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കവും.
ദേശീയ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ്സ് നേതാവായിരുന്ന രാഹുൽഗാന്ധിയായിരുന്നു യുവാവെങ്കിലും നരേന്ദ്ര മോഡിയെ ആണ് ജനം യുവാവായി കണ്ടത്. കാരണം അദ്ദേഹം അന്ന് സംസാരിച്ചത് യുവാക്കളുടെ ഭാഷയായിരുന്നു. അത് പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും, വികസനത്തിന്റെയും ഭാഷയായിരുന്നു. എന്നാൽ ദില്ലി തിരഞ്ഞെടുപ്പിൽ ഈ ഭാഷ ഉപയോഗിച്ചത് കേജരിവാളായിരുന്നു. അതിന്റെ ഫലം അദ്ദേഹത്തിന് കിട്ടുകയും ചെയ്തു. പുതിയ കോളേജുകൾ നിർമ്മിക്കാനും, സ്കൂൾ ഫീസ് നിയന്ത്രിക്കാനും, സ്ത്രീ ശാക്തീകരണവും, സുരക്ഷ വർദ്ധിപ്പിക്കാനും താൻ നടപടികൾ എടുക്കുെമന്ന് കേജരിവാൾ പറഞ്ഞപ്പോൾ അത് ജനം ഏറ്റെടുത്തു. ഒരു കാര്യം കൂടി ബി.ജെ.പി മനസ്സിലാക്കേണ്ടതുണ്ട്. എന്നും , എപ്പോഴും നരേന്ദ്ര ദാസ് ദാമോദർ മോഡി എന്ന ഒരു വ്യക്തിയെ ആശ്രയിച്ച് എല്ലാ തിരഞ്ഞെടുപ്പുകളും വിജയിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിരിക്കുന്നത് രാജ്യത്തെ നല്ല നിലയിൽ ഭരിക്കാനാണ്. മറിച്ച് ജനങ്ങളെ ക്യാൻവാസ് ചെയ്യാനല്ല. തലസ്ഥാനമാണെങ്കിലും ഒരു സംസ്ഥാനം പോലുമല്ലാത്ത, കേന്ദ്രത്തിന്റെ ഒരു പിടി എന്നും ഉണ്ടാകുന്ന കേന്ദ്രഭരണ പ്രദേശമാണ് ദില്ലി. അവിടെ കണ്ണിലെ കരട് പോലെ കേജരിവാളും, സംഘവും കയറിയിരിക്കുന്പോൾ വരുംകാലങ്ങളിൽ ഇവിടുത്തെ ഭരണം ഏത് രീതിയിൽ പോകുമെന്ന് കണ്ട് തന്നെ അറിയണം എന്നത് സത്യം തന്നെ. പക്ഷെ ഇതിനിടയിലും ഭാരതം എന്ന നമ്മുടെ രാജ്യം നിലനിൽക്കുന്നത് തന്നെ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ കൊണ്ട് തന്നെയാണെന്ന കാര്യം മറന്നുകൊണ്ടാകരുത് ഒരു രാഷ്ട്രീയ പ്രവർത്തനവും മുന്പോട്ട് പോകേണ്ടത്. അതിന് തീർച്ചയായും വിജയമുണ്ടാകില്ല എന്നുറപ്പ്.