തിരിച്ചറിവുകൾ നൽകേണ്ട നിയമങ്ങൾ...


നമ്മുടെ പൈസ പിടിക്കാൻ മറ്റൊരു പരിപാടി കൂടി.അല്ലാതെന്ത്. അല്ലെങ്കിൽ തന്നെ എൻ.ആർ.ഐ എന്നു പറഞ്ഞിട്ടു എന്ത് കാര്യം. ചില്ലികാശ് ബാക്കി വെക്കാൻ പറ്റുന്നില്ല. ഇവിടെ ഖുബ്ബൂസ് വാങ്ങിക്കാൻ പോലും കാശില്ല. അപ്പോഴാ ഫോൺ വിളിച്ചാൽ ഉള്ളിലാക്കുമെന്ന് പറയുന്നത്. എന്താ പ്പോ ഈ രാജ്യത്തിന് പറ്റിയത്. അല്ലെങ്കിലും നമ്മുടെ വിഷമം കാണാൻ ആരുമില്ലല്ലോ. കഴിഞ്ഞ ദിവസം നടന്ന ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് കോഴിക്കാൽ കടിച്ചു പറിക്കുന്നതിനിടയിലും പരിചയമുള്ള സുഹൃത്ത് നിർത്താതെ പറ‍ഞ്ഞു കൊണ്ടേയിരുന്നു. 

ബഹ്റിനിൽ ഇന്ന് മുതൽ നടപ്പിലായ ട്രാഫിക്ക് നിയമങ്ങളായിരുന്നു ഞങ്ങളുടെ സംസാര വിഷയം. നമ്മുടെ ഇടയിൽ തന്നെ പലർക്കും മുകളിൽ സൂചിപ്പിച്ച സുഹൃത്തിന്റെ മനോഭാവമാണ് ഈ നിയമങ്ങളെ പറ്റി ഉള്ളത്. ഒരു പുതിയ നിയമം വരുന്പോൾ സ്വാഭാവികമായും നമ്മളെല്ലാവരും ഭയക്കുന്നത് അതിന്റെ പുറകെ വരുന്ന ശിക്ഷയെയാണ്. മറിച്ച് ചെയ്യുന്ന കുറ്റത്തെയല്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വാഹനമോടിക്കാൻ ഏതൊരാൾക്കും ലൈസൻസ് ലഭിക്കുന്പോൾ അതിന്റെ അർത്ഥം റോഡിൽ ചില മര്യാദകൾ പാലിക്കാൻ ചുമതലപ്പെട്ടവൻ എന്നാണ്. എന്നാൽ നമ്മളിൽ പലരും ഇതു മറന്ന്, ഈ റോഡ് എന്റെ മാത്രം സ്വന്തം എന്ന രീതിയിലേയ്ക്ക് മാറ്റി എടുക്കുന്നു. തോക്ക് വെക്കാനുള്ള ലൈസൻസ് ഉണ്ടെങ്കിൽ അത് ഒരാളെ കൊല്ലാനുള്ള സമ്മതപത്രമാണെന്ന് ആരും പറയാറില്ലല്ലോ. ഇങ്ങിനെയുള്ള സാഹചര്യത്തിൽ നമ്മളിൽ നിന്ന് പ്രതീക്ഷിക്കാത്ത കുറ്റങ്ങൾ ചെയ്തു പോകുന്പോൾ അതിന് നിയന്ത്രണം ആരെങ്കിലും ഏർപ്പെടുത്തിയില്ലെങ്കിൽ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട നിരപരാധികൾക്കായിരിക്കും. 

നമുക്ക് പരിചയമുള്ള എത്രയോ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ചിലർ ചിലപ്പോൾ ജീവച്ഛവമായി ജീവിക്കുന്നുണ്ടാകാം. അവരുടെ മാലയിട്ട ഫോട്ടോകൾ കാണുന്പോൾ, കറങ്ങുന്ന സീലിംഗ് ഫാനിനെ നോക്കി അവർ നെടുവീർപ്പിടുന്നത് കാണുന്പോഴെങ്കിലും ഒരു നിമിഷം നമ്മുടെ മനസും  വേദനിക്കും. എന്നാൽ കണ്ണിന്റെ മുന്പിൽ നിന്ന് ഈ കാഴ്ച്ചകൾ മറയുന്പോൾ ആക്സിലേറ്ററിന്റെ വേഗത കൂട്ടി നമ്മളും പാഞ്ഞുതുടങ്ങുന്നു. ഇന്ന് ഓരോ നിമിഷവും നിരത്തിൽ വാഹനങ്ങൾ മനുഷ്യരെക്കാൾ എണ്ണത്തിൽ കൂടിവരികയാണ്. ഒരു മനുഷ്യന് ഓടിയെത്താൻ സാധിക്കുന്നതിനേക്കാൾ നൂറിരിട്ടി വേഗതയിൽ ഇവയ്ക്ക് എവിടെയും എത്താൻ സാധിക്കുന്നു. ആ പരക്കം പാച്ചിലിൽ ആരെയെങ്കിലും ഒന്നു തട്ടി മുറിവേൽപ്പിച്ചാൽ, ജീവനെടുത്താൽ, സ്വയം ഇല്ലാതായാൽ അത് ബാക്കി വെക്കുന്ന വേദന തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് നമ്മളാരും തന്നെ ഒരിക്കലും ഓർക്കുന്നില്ല. ഒരു ചെറിയ പൂച്ചകുട്ടിയെപോലും അറിയാതെ തട്ടി പരിക്കേൽപ്പിച്ചാൽ ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും എന്ന് ഈ നേരത്ത് ഓർക്കട്ടെ. ഇതിനെ ഓർമ്മിപ്പിക്കാനാണ് നിയമങ്ങൾ ഉണ്ടാക്കുന്നത്. 

ആക്സിലേറ്ററിൽ കാൽ ആഞ്ഞ് ചവിട്ടുന്പോൾ ഇനിയെങ്കിലും നമ്മൾ മനസിലാക്കേണ്ടത് നമ്മൾ ചവുട്ടിമെതിക്കുന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയുടേയും, സ്വപ്നങ്ങളുടേയും മുകളിലാണെന്നാണ്. സിഗ്നലിൽ കാത്ത് നിൽക്കുന്പോൾ ബോറടിച്ച് സ്മാർട്ട് ഫോണിലേയ്ക്ക് കൈ നീണ്ടു പോകുന്പോൾ ഓർക്കേണ്ടത് നമ്മൾ ഹൃദയരഹസ്യങ്ങൾ പങ്കിട്ട പ്രിയപ്പെട്ടവരെ കാണാതെ, ചാറ്റ് ചെയ്യാതെ ജയിലിനകത്ത് ബോറടിച്ചിരിക്കേണ്ട ദുരവസ്ഥയെ പറ്റിയാണ്. ജോലി തിരക്കിനൊടുവിൽ ചിന്തകൾക്ക് തീപിടിപ്പിക്കാൻ ഒരൽപ്പം ലഹരി നിറച്ച് വാഹനമോടിക്കുന്പോൾ നമ്മൾ മനസിലാക്കേണ്ടത് ലഹരി നിങ്ങളെ മാത്രമാണ് അടിമയാക്കിയിരിക്കുന്നത് എന്നാണ്. ഇങ്ങിനെ കുറെയേറെ തി
രിച്ചറിവുകളാണ് ഈ നിയമങ്ങൾ വഴി നാം മനസ്സിലേറ്റേണ്ടത്.   

ബഹ്റിൻ എന്ന ഈ രാജ്യം മാത്രമല്ല, ഡ്രൈവിംഗിന്റെയും ട്രാഫിക്കിന്റെയും കാര്യത്തിൽ നിയമം കർക്കശമാക്കേണ്ടത്. നിരത്തുകളും, വാഹനങ്ങളും ഉള്ള എല്ലാ രാജ്യങ്ങളിലും ഇത് ആവശ്യമാണ്. കാരണം ഇവിടെ ചോദ്യചിഹ്നമാകുന്നത് മനുഷ്യന്റെ ജീവനാണ്. അതു കൊണ്ട് തന്നെ ഗവൺമെന്റിനെ പഴിക്കുകയല്ല നമ്മൾ വേണ്ടത്. മറിച്ച് കുറ്റങ്ങൾ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കാക്കത്തൊള്ളായിരം പ്രവാസി സംഘടനകൾ ഉള്ള ഒരു രാജ്യമാണ് ബഹ്റിൻ. ഇത്തരം ഘട്ടങ്ങളിലാണ് ഇവർ ഉണർന്ന് പ്രവർത്തിക്കേണ്ടത്. തങ്ങളുടെ അംഗങ്ങളുടെ ഇടയിൽ പരസ്പരം പുതിയ ട്രാഫിക്ക് നിയമങ്ങളെ പറ്റിയുള്ള  ബോധവത്കരണം നടത്താൻ ഇവർ തയ്യാറാകണം. അതിന് ഫോർ പി.എം എല്ലാ സഹകരണവും ഉറപ്പ് നൽകുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed