ഒരേയൊരു കലാം..


“ഞാൻ ജീവിതത്തിലെന്നും പ്രവർത്തിക്കുന്നത് തികഞ്ഞ നീതിബോധത്തോട് കൂടിയായിരിക്കും. പ്രവർത്തനങ്ങൾക്കൊടുവിൽ അതേ നീതിബോധത്തോടെ തന്നെ ഞാൻ വിജയിക്കുകയും ചെയ്യും.” ഇന്നലെ ഉച്ചയ്ക്ക് ബഹ്റിൻ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ഡി.ടി ന്യൂസിന്റെ നാലാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് ഭാരതത്തിന്റെ ‘അഗ്നിമനുഷ്യ’നായ എ.പി.ജെ. അബ്ദുൽകലാം ഇങ്ങിനെ ഒരു പ്രതിജ്ഞ ചൊല്ലിയപ്പോൾ അത് അവിടെ ഇരുന്ന എല്ലാവരും ഏറ്റു പറഞ്ഞു. തീർച്ചയായും അബ്ദുൽ കലാം എന്ന കുറിയ മനുഷ്യന് ഇത്തരം പ്രതിജ്ഞ എടുപ്പിക്കാനുള്ള സർവ്വ അധികാരങ്ങളും, അവകാശങ്ങളുമുണ്ട്. അത് തന്റെ സ്വജീവിതത്തിൽ നിന്ന് അദ്ദേഹം ആർജ്ജിച്ചതാണ്. ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തെ നമ്മുടെ രാജ്യം മാത്രമല്ല, അന്താരാഷ്ട്ര സമൂഹമാകെ ഇന്നും നോക്കി കാണുന്നത് ഇന്ത്യയുടെ ഏറ്റവും മഹാനായ പുത്രനായിട്ടാണ്. അദ്ദേഹം ചൊല്ലി തന്നത് പോലെയുള്ള മഹത്തായ പ്രതിജ്ഞകൾ ഏറ്റുചൊല്ലാൻ വളരെ എളുപ്പമാണെങ്കിലും മനസ് കൊണ്ട് വളർന്നിട്ടില്ലാത്ത നമ്മളെ പോലുള്ളവർക്ക് അതൊക്കെ പാലിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന ചിന്തയാണ് ഇന്നത്തെ തോന്ന്യാക്ഷരത്തിന് ആധാരം.

എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണ് എന്ന പ്രതിജ്ഞ ചെല്ലിയാണ് നമ്മളെല്ലാവരും ബാല്യവും, കൗമാരവും കടന്നെത്തിയത്. ആ പ്രതിജ്ഞ ഹൃദയത്തിലേറ്റുന്നുണ്ടെങ്കിൽ നമുക്ക് എങ്ങിനെയാണ് പരസ്പരം വിദ്വേഷത്തിന്‍റെയും, വെറുപ്പിന്റെയും കറുത്ത വർണങ്ങൾ നമ്മുടെ ജീവിതത്തിൽ എടുത്തണിയാൻ സാധിക്കുന്നത്. ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം കടിച്ചുകീറാൻ ഇന്നത്തെ ആധുനിക ലോകത്തും മനുഷ്യൻ എന്നഹങ്കരിക്കുന്ന നമുക്ക് എങ്ങിനെ പറ്റുന്നു. വർണ്ണത്തിന്റെയും, വേഷത്തിന്റെയും അടിസ്ഥാനത്തിൽ ഉച്ചനീചത്വങ്ങൾ ഉണ്ടാക്കി വെച്ച് മനസ്സ് കലുഷിതമാക്കാൻ എങ്ങിനെ സാധിക്കുന്നു. അപ്പോൾ പിന്നെ പ്രതിജ്ഞകളേക്കാൾ നമുക്ക് വേണ്ടത് പ്രവർത്തികളല്ലെ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.

അടുത്ത തലമുറയ്ക്ക് നമ്മളെന്താണ് കൈമാറേണ്ടതെന്ന് സദസ്യരിൽ നിന്ന് ഒരാൾ ശ്രീ കലാമിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “നമ്മുടെ അമ്മയായ ഭൂമിയെ” എന്നായിരുന്നു. ഓരോ ദിവസവും ഈ അമ്മയെ പോറലേൽപ്പിക്കുന്ന മക്കളാണ് നമ്മൾ. ഇനിയൊരു തലമുറ ഈ ഭൂമിയുടെ സൗകര്യങ്ങൾ അനുഭവിക്കാൻ പാടില്ലെന്ന തരത്തിലാണ് നമ്മുടെ പെരുമാറ്റങ്ങൾ. പ്രകൃതിയോട് നമ്മൾ കാണിക്കുന്ന ഈ സ്നേഹമില്ലായ്മ ഒടുവിൽ നൽകുന്നത് ഭീകരമായ തിരിച്ചടികളായിരിക്കുമെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. ജലത്തിനെ ചൊല്ലിയുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ പറ്റിയും ഇന്നലെ അദ്ദേഹം സൂചിപ്പിച്ചു.

ഡോ. കലാം സൂചിപ്പിച്ച മറ്റൊരു കാര്യം ഏറെ രസകരവും, അതിഗഹനവുമായ ഒരു ചിന്തയായിരുന്നു. അതിങ്ങിനെയാണ്:

ഇന്നു മനുഷ്യൻ ചൊവ്വാ ഗ്രഹത്തിലോ, മറ്റേതെങ്കിലും ഗ്രഹത്തിലോ ജീവിതം നയിക്കാൻ പറ്റുമോ എന്ന അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ ശാസ്ത്ര ലോകത്തിന് ആ നേട്ടം കൈവരിക്കാൻ സാധിച്ചാൽ പിന്നെ നമ്മുടെ പാസ്പോർട്ടിൽ രാജ്യങ്ങളുടെ പേരായിരിക്കില്ല ഉണ്ടാകുന്നത്, മറിച്ച് ഭൂമി എന്ന ഒരൊറ്റ ഗ്രഹത്തിന്റെ പേരായിരിക്കും. പരസ്പരം യുദ്ധകാഹളം മുഴക്കുന്ന അതിർത്തികൾ ഇവിടെ മാഞ്ഞ് ഇല്ലാതാകും. അവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വർണ്ണവ്യത്യാസങ്ങളില്ല, കുശുന്പില്ല, കുന്നായ്മയില്ല.

അങ്ങിനെയൊരു സാഹചര്യം ഉണ്ടാകുന്പോഴാണ് നമ്മൾ മനുഷ്യരെല്ലാം ഒരമ്മ പെറ്റ മക്കളാണെന്നും നമ്മുടെയൊക്കെ വേരുകൾ ഒരിടത്തു നിന്ന് തന്നെയാണെന്നും തിരിച്ചറിയുക. പൗരാണിക ഗ്രന്ഥങ്ങൾ വിളിച്ചോതിയ വിശ്വപൗരൻ എന്ന മനോഹരമായ ആശയത്തിന്റെ ബാക്കിപത്രമാണ് അത്. അഹം ബ്രഹ്മാസ്മിയും, അനൽ ഹഖും തന്നെയാണ് ഇവിടെയും പ്രസക്തമാകുന്നത്.

ഇതോടൊപ്പം ഇന്നലെ ഇന്ത്യൻ സ്കൂളിൽ വെച്ച് വിദ്യാർത്ഥികളുമായി നടന്ന സംവാദത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം നമ്മുടെ നെഞ്ചോട് ചേർത്ത് വെക്കാം. അതിങ്ങിനെയാണ്. “‍ഞാൻ എന്റെ മാതാവിനെ സന്തോഷിപ്പിക്കും. എന്റെ മാതാവ് സന്തോഷിക്കുമെങ്കിൽ എന്റെ വീട്ടിൽ സന്തോഷമുണ്ടാകും. വീട്ടിൽ സന്തോഷമുണ്ടെങ്കിൽ അത് സമൂഹത്തിലും സന്തോഷം പരത്തും. സമൂഹം സന്തോഷിക്കുമെങ്കിൽ രാജ്യവും സന്തോഷിക്കും”.

സുഹൃത്ത് പറഞ്ഞത് ശരിയാണ് കലാമിന് പകരം തീർച്ചയായും കലാം മാത്രം.

ഹൃദയത്തിൽ നിന്നും സ്നേഹം നിറ‍ഞ്ഞ ഒരു സല്യൂട്ട് സാർ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed