യു ആർ നോട്ട് ഇൻ റേഞ്ച്...
കഴിഞ്ഞ രണ്ടു ദിവസം സാങ്കേതികമായ ചില തകരാറുകൾ കാരണം എന്റെ ഫോൺ പണിമുടക്കിയപ്പോഴാണ് ഈ ഒരു വിഷയം തോന്ന്യാക്ഷരത്തിലേയ്ക്ക് കടന്നു വന്നത്. ശരിക്കും ഏതൊരു ലഹരിയെയും പോലെ, ചിലപ്പോൾ അതിലുമധികം ഫോൺ അഡിക്ഷൻ എന്ന രോഗം എന്നെയും പിടികൂടിയിരിക്കുന്നു എന്നത് കണക്ഷൻ നഷ്ടപ്പെട്ട ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഞാൻ മനസ്സിലാക്കി. ഒരു വല്ലാത്ത അസ്വസ്ഥതയായിരുന്നു മനസ്സിൽ നിറയെ. കൂടെയുള്ള ആരോ ഒരാൾ നഷ്ടപ്പെട്ടത് പോലെ. സുഹൃത്തുക്കൾക്ക് ഒരു സന്ദേശം അയക്കാൻ സാധിക്കാതെ, മെയിലിൽ വന്നിട്ടുള്ള വാർത്തകളും, വിശേഷങ്ങളും അറിയാതെ, ഫേസ്ബുക്കിൽ കൂട്ടുകാരും, അറിയാത്തവരും
ചേർന്ന് സമ്മാനിക്കുന്ന ലൈക്കുകൾ കാണാതെ വിഷമിച്ച സമയമായിരുന്നു അത്. ഫോൺ ശരിയാകാൻ രണ്ട് ദിവസമെടുക്കും എന്ന യാഥാർത്ഥ്യത്തെ മനസ് ഏറെ വിഷമത്തോടെയാണ് അംഗീകരിച്ചത്. പക്ഷെ ഇപ്പോൾ അതിനുശേഷമുള്ള അവസ്ഥയാണ് ഏറ്റവും മനോഹരമായ അനുഭവമെന്ന് ഞാൻ തിരിച്ചറിയുന്നു. കുറേകാലത്തിന് ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ രണ്ടു ദിവസങ്ങളായിരുന്നു കടന്നുപോയത്. രാവിലെ ഉറക്കപായയിൽ നിന്നെഴുന്നേറ്റ് കണ്ണു തുറന്നത് വാട്സാപ്പിലെ ഗുഡ്മോണിംഗ് സന്ദേശങ്ങൾക്കായിരുന്നില്ല, മറിച്ച് പുലർകാലത്തിന്റെ തണുപ്പിൽ ജനാലയ്ക്കപ്പുറം പൊടിഞ്ഞുതുടങ്ങിയ മഞ്ഞിൻ കണങ്ങളിലേയ്ക്കായിരുന്നു. ആദ്യം എടുത്ത് വായിച്ചത് ലോകമെന്പാടുമുള്ളവരുടെ ഫേസ്ബുക്ക് സ്റ്റാറ്റസുകളായിരുന്നില്ല. മറിച്ച് വാതിൽക്കൽ ലോകകാര്യങ്ങൾ അറിയിക്കാൻ എത്തിയ പത്രത്താളുകളിലെ വലിയ അക്ഷരങ്ങളായിരുന്നു. ഇങ്ങിനെ ഏറെ വ്യത്യസ്തകരമായ നല്ല അനുഭവങ്ങളായിരുന്നു രണ്ട് ദിവസത്തിന്റെ ഫോണില്ലായ്മ സമ്മാനിച്ചത്.
മാസാവസാനം അടുക്കുന്പോൾ പ്രവാസലോകത്തെ മിക്ക ടെലിഫോൺ കന്പനികളും ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ ഡാറ്റയുടെ വേഗത കുറയ്ക്കുന്നത് സാധാരണയാണ്. ബില്ലടക്കാനുള്ള ഒരു ഓർമ്മപ്പെടുത്താലാണത്രെ ഇതിലൂടെ ഉണ്ടാകുന്നത്. ഇന്റർനെറ്റിന്റെ വേഗത കുറയുന്പോൾ തന്നെ സ്മാർട്ട് ഫോണിന്റെ സ്മാർട്ട്നെസ് നഷ്ടമാകുന്നു. ചിത്രങ്ങളും, വീഡിയോകളും ഡൗൺലോഡ് ചെയ്യാനെടുക്കുന്ന കൂടുതൽ സമയം കാരണം ശന്പളം കിട്ടിയാലും ഇല്ലെങ്കിലും ഫോൺ ബില്ല് അടയ്ക്കാൻ നമ്മൾ ദിവസം മുഴുവൻ ക്യൂ നിൽക്കുന്നു. ഇടയ്ക്കിടെ വാട്സാ പ്പിൽ മെസേജുകൾ വന്നില്ലെങ്കിൽ, ഫേസ് ബുക്കിൽ പുതിയ സ്റ്റാറ്റസ് ഇടാൻ സാധിച്ചില്ലെങ്കിൽ നമ്മൾ ഈ ലോകത്ത് തന്നെ ഇല്ല എന്ന അനുഭവമാണ് ഉണ്ടാകുന്നത്. കുളിക്കാൻ പോകുന്പോൾ വരെ കൈയിൽ മൊബൈൽഫോണുമായി പോകുന്നവരാണ് നമ്മളിൽ പലരും. അതു കൊണ്ട് തന്നെ ഒന്നോ രണ്ടോ മണിക്കൂർ പോലും ഫോണില്ലാതെയോ, ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയോ നമുക്ക് മുന്പോട്ടു പോകാൻ സാധിക്കുന്നില്ല എന്നത് ഇന്നിന്റെ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. മറ്റേതൊരു ലഹരിക്കും ഡി അഡിക്ഷൻ സെന്ററുകൾ ഉള്ളത് പോലെ സമീപ ഭാവിയിൽ തന്നെ മൊബൈൽ, ടാബ് അഡിക്ഷനും ചികിത്സാകേന്ദ്രങ്ങൾ വ്യാപകമാകും എന്ന കാര്യം ഉറപ്പാണ്. ഏതു ശബ്ദം കേട്ടാലും മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നതാണെന്ന് കരുതി പരിശോധിക്കുന്നവർ നമ്മുടെ ഇടയിൽ വർദ്ധിക്കുകയാണ്. ഇതിനെ റിംഗ്സൈറ്റി എന്നാണ് ആരോഗ്യവിദഗ്ദ്ധർ വിളിക്കുന്നത്. ഇതുകൂടാതെ സ്ട്രെസ്സ് കൂട്ടാനും, ഏകാഗ്രത ഇല്ലാതാക്കാനും ഇത്തരം യന്ത്രങ്ങളുടെ ഉപയോഗം വഴിവെയ്ക്കുന്നുണ്ട്.
നമ്മുടെ ഇടയിൽ പലരും ആഴ്ച്ചയ്ക്കൊരിക്കൽ ഭക്ഷണം കഴിക്കാതെയും, മൗനം ആചരിച്ചും ചില വ്രതങ്ങൾ നോൽക്കാറുണ്ട്. ഇനി നമ്മുടെ ഇടയിൽ വേണ്ടത് സ്മാർട്ട് ഫോൺ യന്ത്രങ്ങൾ ഒഴിവാക്കിയിട്ടുള്ള ഒരു വ്രതമാണ്. ആഴ്ച്ചക്കൊരിക്കൽ ഇത്തരം മെഷീനുകൾക്ക് അവധി കൊടുക്കാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ ഈ യന്ത്രങ്ങൾ നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറുമെന്നത് ഉറപ്പാണ്. ഇതിനിടെ ഒരാൾ പറഞ്ഞ തമാശ ഓർക്കട്ടെ. “നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ചാർജ്ജ് വൈകുന്നേരം വരെ തീരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ പൂർണമായും ജീവിക്കുന്നുവെന്നാണ്, ഇല്ലെങ്കിൽ നിങ്ങളുടെ ജീവിതം ആരുടെയൊക്കെയോ കൈവശമാണ് ഉള്ളതെന്ന് മനസിലാക്കുക”
വാൽകഷ്ണം: പ്രണയദിനത്തിൽ പ്രിയപ്പെട്ടവരുമായി പുറത്തുപോകാൻ തീരുമാനിക്കുന്നവരോട് ഒരഭ്യർത്ഥന. ദയവ് ചെയ്ത് നിങ്ങളുടെ ഫോൺ എടുക്കരുത്. അന്നെങ്കിലും പ്രണയം ഒരാളോട് മാത്രമായിരിക്കട്ടെ !!
പ്രദീപ് പുറവങ്കര
pradeeppuravankara@gmail.com
www.pradeeppuravankara.com