ലഹരി പിടിപ്പിക്കാത്ത യാഥാർത്ഥ്യങ്ങൾ
എന്നാലും അയാളെന്തിനാണ് ഇത് ചെയ്തത്. ചോദ്യത്തിന് മുന്പിൽ ആ സുഹൃത്ത് ആദ്യമൊന്നും മനസ് തുറന്നില്ല. പിന്നെയും പിന്നെയും ചോദിച്ചു നോക്കിയപ്പോൾ കാര്യങ്ങൾ വ്യക്തമായി തുടങ്ങി. പ്രവാസ ഭൂമിയിലുണ്ടായിരുന്ന ഒരാൾ ആത്മഹത്യ ചെയ്തതായിരുന്നു ഞങ്ങളുടെ വിഷയം. മകനും, മകളും ഭാര്യയുമായി നിരവധി വർഷത്തോളമായി ഇവിടെ താമസിച്ചു വരികയായിരുന്നു ബിസിനസ്സുകാരാനായ അദ്ദേഹം. ഇടയ്ക്കിടെ നാട്ടിൽ പോകേണ്ടി വരുന്ന ഒരാളായിരുന്നു അദ്ദേഹമെന്ന് സുഹൃത്തിലൂടെ ഞാനറിഞ്ഞിരുന്നു. വലിയ പ്രശ്നങ്ങളില്ലാതെ ജീവിതം നയിക്കുന്ന മധ്യവയസ്കനായ ഒരു ബിസിനസ്സുകാരൻ. അതാണ് അദ്ദേഹത്തെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ. അദ്ദേഹമാണ് കുറച്ചു ദിവസങ്ങൾക്ക് മുന്പ് ഒരു മുഴം കയറിൽ ജീവൻ ഒടുക്കിയത്.
സുഹൃത്ത് പറഞ്ഞുതുടങ്ങി. മരണപ്പെട്ട വ്യക്തിയുടെ മകനും മകളും ഇവിടെ തന്നെയാണ് പഠിച്ചത്. രണ്ടു പേരും പണത്തിന്റെ ധാരാളിത്തം കണ്ടുകൊണ്ട് തന്നെയാണ് വളർന്നതെങ്കിലും അതിന്റെ ഒരു ദുർഗുണവും കാണിച്ചിരുന്നില്ല. നല്ല രീതിയിൽ പെരുമാറുന്ന, ദൈവഭയമുണ്ടായിരുന്ന കുട്ടികളായിരുന്നു അവർ. മകൾ പന്ത്രണ്ടാം തരം കഴിഞ്ഞപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലെ വളരെ പ്രശസ്തമായ കോളേജിൽ തന്നെ പഠിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഇങ്ങിനെയിരിക്കെ ഇദ്ദേഹം ഇതിനിടെ മൈസൂരിലേയ്ക്ക് ഒരു ബിസിനസ് യാത്ര നടത്തി. ഇവിടെ അദ്ദേഹത്തിന് ചില സുഹൃത്തുക്കളുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇതു വരെ നമ്മൾ പറഞ്ഞ മാന്യദേഹത്തിന്റെ ശരിയായ രൂപം പുറത്ത് വരുന്നത്.
ബിസിനസ് യാത്രകൾ എന്നു പറഞ്ഞുള്ള തന്റെ സഞ്ചാരപഥത്തിനിടയിൽ ഇദ്ദേഹത്തിന്റെ വഴികൾ തെറ്റി തുടങ്ങിയിരുന്നുവത്രെ. പുതിയ ബന്ധങ്ങളും, സുഹൃത്തുക്കളും കുടുംബസ്ഥനായ അദ്ദേഹത്തിന്റെ ജീവിതത്തിൽ പുതിയ പല അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടിരുന്നു. ഓരോ യാത്രയിലും അദ്ദേഹം പുതിയ യൗവ്വനങ്ങളെ, ശരീരങ്ങളെ തേടി കൊണ്ടിരുന്നു. മൈസൂർ യാത്രയും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. പറഞ്ഞുറപ്പിച്ചതും, കാശ് നൽകിയതുമൊക്കെ ഓൺലൈനിലൂടെയായിരുന്നു. ഒന്നു രണ്ട് സുഹൃത്തുക്കളും ഇദ്ദേഹത്തോടൊപ്പം ഒത്തു കൂടി. ഒടുവിൽ താൻ ആഗ്രഹിച്ച ശരീരം മുന്പിൽ വന്നപ്പോഴാണ് അദ്ദേഹം ഞെട്ടിത്തരിച്ചത്. എത്രയോ കിലോമീറ്ററുകൾക്കിപ്പറത്ത് ബാംഗ്ലൂരിൽ പഠിക്കുന്ന തന്റെ അരുമയായ മകളായിരുന്നു അദ്ദേഹത്തിന്റെ മുന്പിലേയ്ക്ക് അന്ന് എത്തിയത്. ഈ ഷോക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആത്മഹത്യയിലായിരുന്നു. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കട്ടെ, ഇത് ഒരു സിനിമ കഥയല്ല. നടന്ന സംഭവം മാത്രം.
നമുക്ക് ഒരു കുഞ്ഞു ജനിക്കുന്പോൾ, ആ കുഞ്ഞ് കൊച്ചരി പല്ല് കാണിച്ച് ചിരിക്കുന്നത് മുതൽ, കൊഞ്ചി കുഴഞ്ഞാടുന്പോൾ മുതൽ, കവിളത്ത് ഓരോ തവണയും മുത്തം തരുന്നത് മുതൽ , പിഞ്ചു കാലടികൾ പിച്ച വെക്കുന്നത് മുതൽ നമ്മൾ പുതിയൊരാളായി മാറുകയാണ്. അതു വരെയുണ്ടായ ജീവിത വീക്ഷണങ്ങളൊക്കെ മാറ്റി വെച്ച് തന്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന അവസ്ഥയിലേയ്ക്കാണ് ഓരോ മാതാപിതാക്കളും ഈ അവസ്ഥയിൽ മാറ്റി മറിക്കപ്പെടുന്നത്. ഇങ്ങിനെ മാറാൻ കഴിയാത്ത നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ട്. മധ്യവയസ്സ് കഴിഞ്ഞിട്ടും പഞ്ചാരകുട്ടപ്പന്മാരായി നടക്കുന്നവർ. കൊച്ചുമക്കളെ കളിപ്പിച്ചു നടക്കേണ്ട പ്രായത്തിൽ, നീല ക്ലിപ്പിംഗുകളും, ചിത്രങ്ങളും വാട്സ് ആപ്പിലൂടെ പങ്ക് വെച്ച് രസം കൊള്ളുന്നവരും, സ്കൂളിൽ പോകുന്ന കുട്ടിയോടു വരെ ഇക്കിളിപ്പെടുത്തുന്ന ചാറ്റിംഗ് ചെയ്ത് സ്വയം രസിക്കുന്നവരും നമ്മുടെ ഇടയിൽ ഏറിവരികയാണ്. ഇവർക്ക് വേണ്ടത് നല്ല നാടൻ ചൂരൽ പ്രയോഗമാണ്. നമ്മൾ മനുഷ്യർ അതു ചെയ്തില്ലെങ്കിൽ കാലം അവർക്കുള്ള സമ്മാനം ഒരുക്കുന്നുണ്ടാകുമെന്നത് തീർച്ചയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ലഹരി മരുന്നുവേട്ടയും, ബംഗളൂരു പോലുള്ള നഗരങ്ങളിൽ വളരെ പതിവായി നടക്കുന്ന പെൺവാണിഭ റാക്കറ്റുകളും, ഓൺലൈൻ വാണിഭങ്ങളുമൊക്കെ നമ്മോട് വിളിച്ചു പറയുന്നത് നമ്മുടെ ചെറിയ ലോകം എത്ര മാത്രം കലുഷിതമായികൊണ്ടിരിക്കുന്നു എന്നു തന്നെയാണ്. ഓരോ തവണയും ഇത്തരം വാർത്തകൾ പുറത്ത് വരുന്പോൾ പ്രവാസലോകത്തുള്ള എത്രയോ മാതാപിതാക്കളുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. തങ്ങൾ പോറ്റിവളർത്തിയ കുഞ്ഞുമക്കൾ ഇതിൽ പെട്ടിട്ടുണ്ടോ എന്ന ചിന്തയാണ് അവരെ ഭയപ്പെടുത്തുന്നത്. ചോദിക്കുന്പോൾ ഫോണും, ബൈക്കും, കാറുമൊക്കെ വാങ്ങി കൊടുത്തിട്ടും എന്തീനീ മക്കൾ കൊക്കെയിന്റെയും, മറ്റ് മയക്കുമരുന്നിന്റെയും പിന്നാലെ പോകുന്നു എന്നു വിലപിക്കാനേ ഇവർക്ക് പറ്റുന്നുളളൂ. പോക്കറ്റ് മണി വേണമെങ്കിൽ ശരീരം വിറ്റിട്ടു തന്നെ വേണോ എന്നും ഇവർ ആവലാതിപ്പെടുന്നു.
ഇന്നത്തെ കാലത്ത് മക്കളെ നല്ല രീതിയിൽ വളർത്തിയാൽ മാത്രം പോരാ മറിച്ച് അവരുടെ ജീവിതവഴിത്താരകളിലൊക്കെ ഒട്ടിപിടിച്ചു നിൽക്കേണ്ട അവസ്ഥ കൂടി മാതാപിതാക്കൾക്ക് വന്നുചേരുകയാണ്. അണുകുടുംബത്തിന്റെ ഇട്ടാവെട്ടത്തിൽ വളർത്തി കൊണ്ടുവരുന്ന മക്കളിൽ ഒന്നെങ്കിലും നഷ്ടമായാൽ അത് താങ്ങാനുള്ള കഴിവൊന്നും ഇന്നിന്റെ നമുക്കില്ലെന്നതാണ് യാഥാർത്ഥ്യം. അത് മനസ്സിലാക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നു മാത്രമാണ് പ്രാർത്ഥന !!
പ്രദീപ് പുറവങ്കര