അനുഗാമിയില്ലാത്ത പഥികൻ...
പ്രവാസി ഭാരതീയ സമ്മേളനത്തിൽ പങ്കെടുക്കാനായി അഹമ്മദാബാദിൽ എത്തിയപ്പോൾ അവിടെയുള്ള സബർമതി ആശ്രമത്തിൽ പോകാനുള്ള അവസരം ലഭിച്ചിരുന്നു. പ്രവേശന കവാടത്തിൽ വെച്ച് തന്നെ വിശദമായി പരിശോധിച്ചാണ് അകത്തേയ്ക്ക് കയറ്റി വിട്ടത്. കുറച്ചു നേരം ആ സ്ഥലത്ത് മഹാത്മാവിനെ പറ്റിയുള്ള ഓർമ്മകൾ ആസ്വദിച്ച് നിന്ന്, തിരിച്ചു വരുന്പോൾ പുറത്തു കണ്ട ഒരു ദൃശ്യമാണ് മുകളിൽ നൽകിയത്.
ചർക്കയിൽ നൂൽ നൂൽക്കുന്ന അർദ്ധനഗ്നനായ ഫക്കീറിന്റെ ചിത്രം. അതിന് താഴെ രണ്ടു തോക്കും പിടിച്ച് അഹിംസയുടെ കാവൽക്കരാനായ ഗാന്ധിജിയുടെ ചിത്രത്തെയും, അദ്ദേഹം താമസിച്ച ആശ്രമത്തിനെയും സംരക്ഷിക്കാൻ ഇരിക്കുന്ന രണ്ട് പട്ടാളക്കാരും. ഏറെ ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്. തന്റെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുക്കാൻ ആയുസ്സിന്റെ വലിയൊരു ഭാഗം പ്രയത്നിച്ച ഒരു മഹാത്മാവിന് ഇപ്പോഴും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന പരമാർത്ഥം വ്യക്തമാക്കുന്ന ഒരു ചിത്രമായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്.
ഗാന്ധി ആരാണ് എന്ന ചോദ്യം ഇന്നും, ഇനി വരുന്ന കാലങ്ങളിലും ഏറെ പ്രസക്തമായ കാര്യം തന്നെയായിരിക്കും. കോളേജ് കാലഘട്ടം വരെ ഇന്ത്യയെ വെട്ടിമുറിക്കാൻ കൂട്ടുനിന്ന വ്യക്തിയെന്ന നിലയിലായിരുന്നു ഏറെ കാലം മഹാത്മാ ഗാന്ധിയെ ഞാൻ മനസിലാക്കിയിരുന്നത്. അന്നു പലയിടങ്ങളിൽ നിന്നും ലഭിച്ച അൽപ്പജ്ഞാനവും, അറിവില്ലായ്മയും തന്നെയാണ് അത്തരമൊരു ചിന്തയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹത്തെ പറ്റിയുള്ള ആരോപണങ്ങളെ തേടി നടക്കുന്നതിലായിരുന്നു അന്നൊക്കെ സമപ്രായക്കാർക്കൊപ്പം ഞാൻ രസം കണ്ടെത്തിയിരുന്നത്. പക്ഷെ പിന്നീട് പ്രവാസത്തിന്റെ ഭൂമികയിലെത്തിയപ്പോഴാണ് ഒരു പ്രവാസി കൂടിയായിരുന്ന മോഹൻദാസ് കരംചംന്ദ് ഗാന്ധി എന്ന മനുഷ്യന്റെ വലിപ്പം തിരിച്ചറിഞ്ഞു തുടങ്ങിയത്. എത്ര പേർ പ്രവാസത്തിന്റെ സുഖം വെടിഞ്ഞ് ഒട്ടും തന്നെ വികസിക്കാത്ത ഒരു മാതൃരാജ്യത്തേയ്ക്ക് പോകുമായിരുന്നു എന്ന് ചിന്തിച്ചാൽ തന്നെ ആ വലിപ്പം മനസിലാകും.
നമ്മുടെ അയൽവാസികളായ രാജ്യക്കാർ നിരവധിയുള്ള സ്ഥലമാണ് ഗൾഫ് രാജ്യങ്ങൾ. പ്രശ്നഭരിതമായ അന്തരീക്ഷത്തിൽ നിന്ന് പ്രവാസത്തിലേയ്ക്ക് രക്ഷപ്പെട്ട് ഓടിയെത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. പരമാവധി ഇവിടെ തന്നെ നിൽക്കാനും, പറ്റുമെങ്കിൽ ഇവിടെ തന്നെ പൗരതമെടുക്കുവാനും ശ്രമിക്കുന്നവരാണ് അവർ. നൂറ് കൊല്ലം മുന്പ് നമ്മുടെ ഇന്നത്തെ ഇന്ത്യാ മഹാരാജ്യവും ഇതു പോലെ തന്നെയായിരുന്നു. ആകർഷണീയമായ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. ദാരിദ്ര്യവും, തൊട്ടുകൂടായ്മയും, വൈദേശിക ആധിപത്യവും, അസ്വാതന്ത്ര്യവും നിറഞ്ഞാടിയ കാലഘട്ടം. അന്നായിരുന്നു സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ടായിരുന്ന, ബാരിസ്റ്ററായിരുന്ന, ആ മെലിഞ്ഞുനീണ്ട മനുഷ്യൻ ഇന്ത്യയെ തേടി വന്നത്. താൻ ഉടുക്കുന്ന വസ്ത്രങ്ങൾ പോലും ഇന്ത്യ പോലൊരു രാജ്യത്ത് ആഡംബരമാണെന്ന് മനസിലാക്കി, ഒറ്റമുണ്ടിൽ ദേഹം മറച്ച ആ ആത്മാവിനെ നമ്മൾ ഇനിയും ഏറെ മനസിലാക്കേണ്ടിയിരിക്കുന്നു.
വിശ്രമമില്ലാതെ തന്റെ മരണം വരെ ജനകോടികൾക്ക് സ്വാതന്ത്ര്യത്തിന്റെ വായു സമ്മാനിക്കാൻ ഓടി നടന്ന ആ ധീരനായ വിപ്ലവകാരിക്ക് മാത്രമാണ് “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്നു പറയാൻ സാധിച്ചിട്ടുള്ളത്. ലോകരാജ്യങ്ങൾ ആ സന്ദേശത്തെ ബഹുമാനിക്കുന്പോൾ നമ്മൾ ഇന്ത്യക്കാരിൽ പലർക്കും ഇന്നും അദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നമ്മുടെ നാട്ടിൽ എറണാകുളത്ത്, മെട്രോ റെയിൽ വികസനത്തിന് വേണ്ടി അദ്ദേഹത്തിന്റെ പ്രതിമ എടുത്തു മാറ്റിയ സംഭവം. ഇതൊക്കെ കാണുന്പോൾ മനസിൽ തോന്നുന്ന വരികൾ ഇത് മാത്രം.
“വെറുതേ നടന്നു നീ പോവുക−
തളർന്നാലും അരുതേ പരാശ്രയവും ഇളവും
അനുഗാമിയില്ലാത്ത പഥികാ −
തുടർന്നാലും
ഇടറാതെ നിൻ ധീര ഗാനം”
രക്താസാക്ഷിയായ ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്പിൽ പ്രണാമം.
പ്രദീപ് പുറവങ്കര