മരണം ഓർമ്മിപ്പിക്കാനുള്ളതാണ്...
ജീവിതമുണ്ടെങ്കിൽ മരണവുമുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. ജനിക്കുന്പോൾ ആഹ്ലാദിക്കാനും, മരിക്കുന്പോൾ സങ്കടപ്പെടുവാനുമാണ് നമ്മെ നമ്മുടെ സംസ്കാരം പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് ഇതു രണ്ടും സംഭവിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിന്റെ പ്രധാന കാരണം ഇന്നു നമ്മുടെ ജീവിതത്തിൽ യാതൊന്നും തന്നെ നമ്മെ അതിശയപ്പെടുത്തുന്നില്ല എന്നതാണ്. അതു കൊണ്ടായിരിക്കാം നമ്മൾ നമ്മെ സങ്കടപ്പെടുത്തുന്ന വാർത്തകളെ തേടി അലഞ്ഞുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച തോന്ന്യാക്ഷരത്തിൽ നമ്മുടെ, പ്രത്യേകിച്ച് മലയാളികളുടെ ഈ സ്വഭാവ വൈകൃതത്തെ പറ്റി എഴുതിയിരുന്നു. രണ്ട് സിനിമാ താരങ്ങളെ പറ്റി സോഷ്യൽ നെറ്റ് വർക്കിംഗ് മീഡിയകളിൽ വന്ന വ്യാജ വാർത്തകളായിരുന്നു ആ കുറിപ്പിന് ആധാരം. ഇന്നലെ വൈകീട്ട് സമാനമായ രീതിയിൽ മറ്റൊരു നടനെ പറ്റിയും വാർത്തവന്നിരുന്നു. അദ്ദേഹം ആശുപത്രിയിൽ സുഖമില്ലാതെ കഴിയുകയാണ്. നമ്മുടെ മാധ്യമങ്ങൾക്ക് അദ്ദേഹത്തെ എത്രയും പെട്ടന്ന് കൊല്ലണം. അതിനായി ഒന്നോ രണ്ടോ ചാനലുകൾ വേദനിപ്പിക്കുന്ന ഒരു വാർത്ത ബ്രേക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിലും, വാട്സാപ്പിലും ആ മഹാനടന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് സന്ദേശങ്ങൾ വന്നു തുടങ്ങി. പിന്നീട് മഹാനായ ആ ഹാസ്യനടൻ മരിച്ചിട്ടില്ലെന്ന വാർത്ത പുറത്ത് വന്നതോടെ കാള പെറ്റന്ന് കേട്ടപ്പോൾ തന്നെ കയറ് മാത്രമല്ല, പാല് കറക്കാനുള്ള പാത്രം കൂടി എടുത്ത് ഓടിയത് പോലെയായി പോയി ഇവർ.
ഈ സംഭവം നടന്നപ്പോൾ മുന്പ് റേഡിയോവിൽ ജോലി ചെയ്തിരുന്ന കാലത്ത് തെന്നിന്ത്യക്കാരുടെ പ്രിയപ്പെട്ട ൈസ്റ്റൽ മന്നൻ സുഖമില്ലാതെ സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രശസ്തനായ ഒരു അവതാരകൻ ചാടിയെഴുന്നേറ്റ് വികാരഭരിതമായ ശബ്ദത്തിൽ ചരമകുറിപ്പ് റിക്കോർഡ് ചെയ്ത്, എന്തെങ്കിലും സംഭവിച്ചാൽ ഉടനെ തന്നെ ഇത് നൽകണമെന്ന് പറഞ്ഞത് ഓർത്തു പോയി. വാർത്ത ബ്രേക്ക് ചെയ്ത് ഒരു മരണത്തെ ആഘോഷിക്കാൻ എടുക്കുന്ന തയ്യാറെടുപ്പുകളുമായി എനിക്ക് അന്നും യോജിക്കാൻ കഴിഞ്ഞിരുന്നില്ല.
വാർത്തകൾ സത്യസന്ധമായി നൽകാനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടത്. കൊടുക്കുന്ന വാർത്ത തെറ്റാണെങ്കിൽ, അത് ആദ്യം നൽകിയത് കൊണ്ട് എന്ത് കാര്യം. ശരിയായ വാർത്ത ശരിയായ നേരത്ത് നൽകുന്നതല്ലേ ഉചിതം. നമ്മുടെ വീട്ടിലെ ഒരാളെ കുറിച്ചാണ് ഇത്തരമൊരു വാർത്ത വന്നെങ്കിൽ ആരെങ്കിലും സഹിക്കുമോ. ഇതിനെ പറ്റി ചിന്തിക്കേണ്ടത് മാധ്യമസുഹൃത്തുക്കൾ തന്നെയാണ്. ഒപ്പം മരിച്ചത് ആരാണെന്ന് പോലും അറിയാൻ ശ്രമിക്കാതെ ആദരാഞ്ജലികൾ അർപ്പിക്കുന്ന പ്രിയപ്പെട്ട സോഷ്യൽ നെറ്റ് വർക്കിംഗ് സുഹൃത്തുക്കളും.
ഇന്ന് രാവിലെ നല്ല ഉറക്കത്തിനിടയിലാണ് ഒരു സുഹൃത്ത് വിളിച്ച് സൗദി അറേബ്യയിലെ രാജാവ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് അന്തരിച്ച കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ വാർത്ത സത്യമാണോ എന്ന് അന്വേഷിക്കുന്നതിലായിരുന്നു ആദ്യം എന്റെ താത്പര്യം. വാട്സാപ്പ് എടുത്തു നോക്കിയപ്പോഴേക്കും അവിടെ നിറഞ്ഞു തുടങ്ങിയിരുന്നു ആദരാഞ്ജലികളുടെ പൂരം. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ മനസ് സങ്കടപ്പെട്ടു. ഒപ്പം ചിന്തിച്ചു, തിരുഗേഹങ്ങളുടെ ആ സേവകനെ കുറിച്ച്. ഗൾഫ് രാജ്യങ്ങളുടെ ഇടയിൽ പിതൃതുല്യനായിരുന്ന ആ മഹദ് വ്യക്തിയെ പറ്റി, സൗദി അറേബ്യയിൽ പുരോഗമന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയ ഭരണാധികാരിയെ പറ്റി, ബഹ്റിൻ എന്ന മനോഹരമായ അയൽ രാജ്യത്ത് അസ്ഥിരത ഉണ്ടായപ്പോൾ തന്റെ ഉദാരത വ്യക്തമാക്കിയ മനസ്സിനെ കുറിച്ച്. സത്യത്തിൽ ഏറെയുണ്ട് അദ്ദേഹത്തെ പറ്റി നമ്മൾ പഠിക്കാൻ, ഒപ്പം ഭാവിതലമുറയെ പഠിപ്പിക്കാൻ. അതിനാകട്ടെ നമ്മുടെ ശ്രമം. കാരണം മരണം ആഘോഷിക്കാനുള്ളതല്ല, നമ്മുടെ ഇടയിൽ നിന്നു നഷ്ടമായ ഒരാളെ കുറിച്ച് ഓർമ്മിക്കാനുള്ളതാണ്. നാളെ നമ്മളും ഇങ്ങനെ ഓർമ്മിക്കപ്പെടേണ്ടതാണ്, ആഘോഷിക്കപ്പെടാനുള്ളതല്ല.
വാൽകഷ്ണം: കഴിഞ്ഞ ദിവസം രസകരമായ ഒരു മെയിൽ കിട്ടി. അതിങ്ങിനയാണ്. “ ഇന്ന് മൂന്ന് പുണ്യകർമ്മങ്ങൾ ചെയ്തു. വയ്യാതെ കിടക്കുന്ന ഒരു കുട്ടിക്ക് മരുന്ന് വാങ്ങിക്കാൻ ലൈക്ക് അടിച്ചു. പഠിക്കാൻ സാന്പത്തികമില്ലാത്ത ഒരു കുട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്തു. വൃദ്ധയായ ആരോരുമില്ലാത്ത അമ്മയ്ക്ക് വേണ്ടി കമന്റും ചെയ്തു. ഫേസ് ബുക്ക് ഉള്ളത് കൊണ്ട് കാശും, അദ്ധ്വാനവും ഇല്ലാതെ ദിവസവും ഇത്തരം പുണ്യകർമ്മങ്ങൾ ചെയ്ത് ജീവിച്ചു പോകുന്നു”. ഇതു തന്നെയല്ലെ ഞാനും നിങ്ങളും ചെയ്യുന്നത്.. ചിന്തിക്കുക !!
പ്രദീപ് പുറവങ്കര
pradeeppuravankara@gmail.com
www.pradeeppuravankara.com