മരുഭൂമിയിൽ മഞ്ഞുപെയ്യുന്പോൾ
രണ്ട് മിനിട്ടു കൂടി അച്ഛാ..ഒന്ന് ഉറങ്ങിക്കോട്ടെ, തണുക്കുന്നു. ചിണുങ്ങി ചിണുങ്ങിയുള്ള മക്കളുടെ മറുപടി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാനിരിക്കുന്പോഴാണ് വാമഭാഗത്തിന്റെ മുന്നറിയിപ്പ് വന്നത്. മക്കളെ പെട്ടന്ന് വിളിച്ചെഴുന്നേല്പ്പിക്കൂ, ഇപ്പോൾ തന്നെ നേരം വൈകി...
മുറിയിലെ ജാലകത്തിനപ്പുറത്ത് ഒട്ടിപിടിച്ചു കിടക്കുന്ന മഞ്ഞുതുള്ളികളെ നോക്കി അൽപ്പസ്വൽപ്പം നൊസ്റ്റി അടിച്ചു അവിടെ ഇരുന്നപ്പോഴേക്കും അവൾ വന്ന് കുട്ടികളെ എഴുന്നേൽപ്പിച്ചിരുന്നു. സങ്കടം തോന്നി, രണ്ടു പേരുടെയും മുഖം കണ്ടപ്പോൾ. പക്ഷെ പെട്ടന്ന് സ്കൂളിൽ നടക്കാനിരിക്കുന്ന പരിപാടിയുടെയും കാര്യം അമ്മ പറഞ്ഞ് ഓർമ്മിപ്പിച്ചപ്പോൾ എവിടെ നിന്നോ ശക്തി കിട്ടിയത് പോലെ രണ്ടു പേരും ചാടിയെഴുന്നേറ്റു കുളിമുറിയിലേക്ക് ഓടി.
തണുപ്പ് കാലം സമ്മാനിക്കുന്നത് ഇത്തരം മനോഹരമായ മുഹൂർത്തങ്ങളാണ്. അലാറാം അടിക്കുന്പോൾ ഒരു രണ്ടു മിനിട്ടു കൂടി കടം വാങ്ങി കിടന്നുറങ്ങാനുള്ള ഒരു തരം ത്വര ഈ കാലാവസ്ഥ നമ്മുടെ ഉള്ളിലുണ്ടാക്കുന്നു. മരുഭൂമിയിൽ മഞ്ഞുപെയ്യുന്ന ഈ നേരത്ത് ഇവിടെയുള്ളവരെല്ലാം സുന്ദരമാരും സുന്ദരികളുമാകുന്നു. കന്പിളി ഉടുപ്പൊക്കെ പുതച്ച് സ്വെറ്ററൊക്കെ ഇട്ട് നടക്കുന്പോൾ ആരും അങ്ങിനെയായി പോകുന്നു. കഴിഞ്ഞ ദിവസം റൺ കേരള റൺ പരിപാടിയിൽ ടീഷർട്ടൊക്കെ ഇട്ട് തിളങ്ങിയ നമ്മുടെ രാഷ്ട്രീയ നേതാക്കളെ പോലെ.
എഴുന്നേൽക്കാനുള്ള മടി മക്കളെ സ്കൂളിൽ കൊണ്ടുപോകുന്നതിലും നിഴലിച്ചു. കുറച്ചു വേഗമെടുത്ത് പോകുന്പോഴാണ് സ്കൂളിനടുത്തുള്ള സിഗ്നലിൽ വൻ ട്രാഫിക്ക് ബ്ലോക്ക്. നോക്കിയപ്പോൾ ഒരു കാർ ആക്സിഡന്റാണ്. ബ്ലോക്ക് കൂടി കൂടി വന്നപ്പോൾ തൊട്ടരികിലുണ്ടായിരുന്ന ഡിടി ന്യൂസ് പത്രത്തിന്റെ ആദ്യപേജിൽ ഒരു മുന്നറിയിപ്പ് പരസ്യം ശ്രദ്ധയിൽ വന്നു. ബഹ്റിനിലെ മാറാനിരിക്കുന്ന ട്രാഫിക്ക് നിയമങ്ങളെ പറ്റി സൂചിപ്പിക്കുന്ന പരസ്യമായിരുന്നു അത്. ഫെബ്രവരി 7 മുതൽക്കാണ് നിയമങ്ങൾ കർശനമാകുന്നത്. റിതിങ്ക് എന്ന പേരിലുള്ള പരസ്യ പ്രചരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കിൽ 500 മുതൽ 1000 ദിനാർ വരെ കൈയിൽ കരുതേണ്ടി വരും. ഒപ്പം ഒരു മാസം മുതൽ ഒരു വർഷം വരെ ജയിലിൽ കിടക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇത് പോലെ മറ്റു പ്രധാന കുറ്റങ്ങളായ അമിത വേഗത, ചുകപ്പ് സിഗ്നലിനെ മറികടക്കൽ, സീറ്റ് ബെൽറ്റ് ഇടാതിരുന്നാലും, കൊച്ചു കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാലും, ഡ്രൈവ് ചെയ്യുന്പോൾ ഫോണിൽ സംസാരിച്ചാലുമൊക്കെ വലിയ ശിക്ഷകളാണ് ഡ്രൈവർമാരെ കാത്തിരിക്കുന്നത്. വലിപ്പം കൊണ്ട് ഏറെ ചെറുതായ ബഹ്റിനിൽ പക്ഷെ വാഹനാപകടങ്ങൾക്ക് ആ വലിപ്പകുറവില്ല. അതുകൊണ്ട് തന്നെ ശിക്ഷയുടെ കാഠിന്യം കൂടും തോറും അപകടങ്ങളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ട്രാഫിക്ക് മന്ത്രാലയവും, ഗവൺമെന്റും കരുതുന്നത്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും മുന്പുള്ളത് പോലെ ചെറിയൊരു പിഴയടച്ച് പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കാമെന്ന ധാരണ എത്രയും പെട്ടന്ന് നമ്മുടെ മനസിൽ നിന്ന് മാറേണ്ടതുണ്ട്. പണത്തിന് പുറമേ ജയിൽ ശിക്ഷ എന്ന തീരുമാനം ചിലപ്പോൾ ജീവിതത്തിനെ തന്നെ മാറ്റി മറിക്കുന്ന കാര്യമായിരിക്കും. ഇവിടെ കഴിയുന്ന ഓരോ പ്രവാസിയെയും ആശ്രയിച്ച് നാട്ടിൽ ഏറെ പേരുണ്ടെന്ന ചിന്ത നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാകേണ്ട നേരം കൂടിയാണിത്. അതു കൊണ്ട് തന്നെ എനിക്കും പറയാനുള്ളത് ‘‘റി തിങ്ക്’’ എന്നു തന്നെ!!
വാൽകഷ്ണം : ഉച്ചയ്ക്ക് മക്കളെയും കൂട്ടി വീട്ടിലെത്തിയതിന് ശേഷം അവരെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിക്കുന്ന ഭാര്യയോട് ‘സാരമില്ല, രാവിലെ എഴുന്നേറ്റതല്ലെ, വിശക്കുന്പോൾ കഴികട്ടെ’ എന്നു പറഞ്ഞപ്പോൾ, നേരത്തേ നൊസ്റ്റാൾജിയ സമ്മാനിച്ച ജനാലയുടെ കർട്ടൻ മാറ്റി പുറത്തേയ്ക്ക് നോക്കാൻ അവൾ പറഞ്ഞു. മതിലിനപ്പുറത്ത് കെട്ടിട നിർമ്മാണം നടക്കുന്നുണ്ട്. വിശ്രമസമയമാണ്. വൃത്തിഹീനമായ ലേബർ യൂണിഫോം അണിഞ്ഞ ഒരു തൊഴിലാളി, ഇന്ത്യക്കാരനാണെന്ന് തോന്നുന്നു. ഒരു കൈയിൽ കുബ്ബൂസും, മറ്റൊരു കൈയിൽ തൈരിന്റെ ചെറിയ കുപ്പിയുമായി പതിയെ ഭക്ഷണം കഴിക്കുകയാണ്. ഇടയ്ക്ക് ദൂരെ എവിടെയോ നോക്കി, വെറും മണ്ണിലിരുന്ന്, കൈവിരലുകൾ നക്കി തോർത്തി രുചിയോടെ തന്റെ ആ ഉച്ചഭക്ഷണം കഴിക്കുന്ന ആ കാഴ്ച്ച കണ്ടപ്പോൾ എവിടെയോ സ്വയം ചുരുങ്ങി ഇല്ലാതാകുന്നത് ഞാനറിഞ്ഞു. അതു കൊണ്ടായിരിക്കാം ഇപ്പോഴും ഈ ദൃശ്യം രാവിലെ കണ്ട മഞ്ഞുതുള്ളികളെക്കാൾ എന്റെ ഹൃദയത്തെ സ്പർശിച്ചുകൊണ്ടിരിക്കുന്നത് !!!
പ്രദീപ് പുറവങ്കര