ജീവന്റെ വിത്തുകൾ...
പദ്മശ്രീ മമ്മൂട്ടി തന്റെ ക-ൃഷിഭൂമിയിലെ വിളയിച്ചെടുത്ത പച്ചകറികൾ പുതുവർഷ സമ്മാനമായി പലർക്കുമായി വീതിച്ചു നൽകുന്ന ദൃശ്യം കഴിഞ്ഞ ദിവസം ടെലിവിഷനിൽ കാണുകയുണ്ടായി. അത് ഏറ്റു വാങ്ങുന്നവരുടെ മുഖത്ത് സന്തോഷവും അതിശയവും ഒരു പോലെ നിറഞ്ഞു നിന്നിരുന്നു. ഒരു പുതിയ വർഷം പിറക്കുന്പോൾ വിഷാംശം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറച്ചെങ്കിലും പച്ചക്കറി നൽകുന്പോൾ അത് പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം ഏറെ വലുതാണ്.
ഒരു പതിനഞ്ച് വർഷം മുന്പെങ്കിലും നമ്മുടെ നാട്ടിൽ ഏത് വീട്ടിൽ വിരുന്നിന് പോയാലും തിരികെ വരുന്പോൾ ഒരു സഞ്ചിയിൽ ഇന്നത്തെ ഭാഷയിൽ റിട്ടേൺ ഗിഫ്റ്റായി ലഭിച്ചിരുന്നത് നല്ലയിനം പച്ചക്കറികളും, മനോഹരമായ പുഷ്പങ്ങൾ വിടരുന്ന ചെടികളും, വിത്തുകളുമായിരുന്നു. പതിയെ മറ്റ് പല സംസ്കാരങ്ങളും കൈമോശം വന്നത് പോലെ ഈ ഒരു പച്ചക്കറി സംസ്കാരവും നമുക്ക് നഷ്ടമായി. വർഷത്തിൽ ഒരിക്കലെങ്കിലും എവിടെയെങ്കിലും വെച്ച് നടക്കുന്ന ഗാർഡൻ ഷോയിൽ മറ്റേതൊരു പ്രദർശനവും കാണാൻ പോകുന്നത് പോലെയുള്ള ഉത്സവകാഴ്ച്ചകൾ കാണാനാണ് നമ്മൾ പോയിരുന്നത്. എന്നാൽ ഈയിടെയായി ഏകദേശം മൂന്ന് വർഷത്തോളമായി നമ്മുടെ ഈ ഒരു ചിന്തയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. സ്വന്തമായി കുറച്ചെങ്കിലും പച്ചക്കറി വീട്ടിൽ തന്നെ ഉണ്ടാക്കണമെന്ന് വിചാരിക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുന്നു.
ഇതിന്റെ പ്രധാനപ്പെട്ട കാരണം ഭയമാണ്. ക്യാൻസർ എന്ന രോഗം മുന്പ് കേരളത്തിലെ ഓരോ വീട്ടിലും ഒരു ഗൾഫുകാരൻ ഉണ്ടെന്ന് പറയുന്നത് പോലെ അതിസാധാരണമായ ഒരു അസുഖമായി മാറിയപ്പോഴാണ് മലയാളി ജീവിതശൈലികളിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി തുടങ്ങിയത്. വീട് മുഴുവൻ സിമന്റിട്ട് നിറച്ച് മണ്ണിനെ മറച്ചിരുന്ന നമ്മൾ കുറച്ച് സ്ഥലം ചെടികൾക്കായി മാറ്റിവെച്ചു തുടങ്ങി. ടെലിവിഷനിൽ മസാല സീരിയലുകളേക്കാൾ കൃഷിയുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ ആളുകൾ തയ്യാറായി. കൃഷി ചെയ്യാൻ പഠിപ്പിക്കുന്ന മാസികകളും നമ്മൾ വായിക്കാൻ തുടങ്ങി. ഇന്ന് കേരളത്തിൽ മിക്ക വീടുകളിലും അൽപ്പമെങ്കിലും കൃഷി നടക്കുന്നുവെന്ന് തന്നെ പറയാം. വീടും, പറന്പും, കൃഷിയും എന്ന നില വിട്ട് ത്രീ ബി.എച്ച്.കെ ഫ്ളാറ്റും, ഞാനും എന്റെ കുടുംബവും എന്ന രീതി സ്വീകരിച്ചവർ പോലും ബാൽക്കണിയുടെ ഒരു മൂലയിൽ നാലോ അഞ്ചോ ചട്ടി വെച്ച് പറ്റാവുന്ന ചീരയും, തക്കാളിയും ഉണ്ടാക്കിയെടുത്തു. ഇത് ഒരു മാറ്റമാണ്. നമ്മൾ പോലുമറിയാതെ നമ്മുടെ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റം. ഇതിന് ഒരു തരത്തിൽ കാരണക്കാരായത് കേരളത്തിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധനായ ഡോ.വി.പി. ഗംഗാധരൻ അടക്കമുള്ള മഹത്തുക്കളാണ്.
കഴിഞ്ഞ ദിവസം കൃഷിഭൂമി എന്ന ഫേസ് ബുക്ക് കൂട്ടായ്മ വ്യത്യസ്തമായ ഒരു മത്സരം നടത്തുന്നത് ശ്രദ്ധയിൽ പെട്ടു. ഇതിന്റെ പേര് സാന്പാർ ചാലഞ്ച് എന്നാണ്. സാന്പാറുണ്ടാക്കാൻ ആവശ്യമുള്ള പച്ചക്കറികളാണ് ഇതിൽ പങ്കെടുക്കുന്നവർ ഉണ്ടാക്കേണ്ടത്. ഈ ഒരു മത്സരം കാരണം ധാരാളം പേർ പച്ചക്കറി ക-ൃഷിയിലേയ്ക്ക് ആകൃഷ്ടരാകുന്നു എന്നാണ് സംഘാടകർ പറയുന്നത്. 2015 ഫെബ്രുവരി 15വരെ നടക്കുന്ന ഈ മത്സരത്തിൽ ഏറ്റവും മികച്ച കർഷകരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം നല്ല പ്രവർത്തനം നടത്തുന്ന കൃഷിഭവനുകളെ ഇവർ ആദരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും തൃശ്ശൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. ഇത്തരത്തിൽ ധാരാളം പുതിയ ഗ്രൂപ്പുകൾ നാട്ടിലുണ്ടാകുന്നുണ്ട്. രാഷ്ട്രീയമോ, മതമോ, മറ്റ് വിഭാഗീയതകളോ ഇവരുടെ ഇടയിൽ ഇല്ല. നമ്മൾ ചിലപ്പോൾ സ്ഥിരം വായിക്കുന്ന മാധ്യമങ്ങളിലൊന്നും ഇവരുടെ പ്രസംഗങ്ങളോ, ചിത്രങ്ങളോ കണ്ടെന്ന് വരില്ല. പക്ഷെ ഇവർക്ക് ഒരു ലക്ഷ്യമുണ്ട്, വരും നാളുകളിലെങ്കിലും വിഷരഹിതമായ ഭക്ഷണം കഴിക്കാൻ സാധിക്കണമെന്ന്. അത് സാധ്യമാകട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം.
വാൽകഷ്ണം: കഴിഞ്ഞ ദിവസം എന്റെ താമസസ്ഥലത്തുള്ള ബാൽക്കണിയിൽ ചെറിയൊരു ചട്ടിയിൽ നട്ട തക്കാളി ചെടിയിൽ അൽപ്പം തക്കാളികൾ ഉണ്ടായി. തക്കാളി ഏറെ ഇഷ്ടമുള്ള, ബന്ധുവിന്റെ മൂന്നു വയസ്സുള്ള മകൻ അത് കാണാൻ വന്നു. ആ തക്കാളികളിലേയ്ക്ക് നോക്കിയിരുന്ന അവന്റെ കണ്ണുകളിൽ കണ്ട വികാരത്തെ എന്തു വിളിക്കണമെന്ന് എനിക്കിപ്പോഴും അറിയില്ല !!
പ്രദീപ് പുറവങ്കര

