എങ്കിലും എന്റെ പഞ്ചാരേ...
“പ്രമേഹം, അതൊക്കെ ബൂർഷ്വകൾക്ക് വരുന്ന രോഗമാണ്. നമുക്ക് അതൊന്നും വരാൻ യാതൊരു സാധ്യതയുമില്ല”. ഇങ്ങിനെയൊക്കെ ഇടയ്ക്ക് പറയാറുണ്ടായിരുന്ന ചെറുപ്പക്കാരനായ സഹപ്രവർത്തകനെ കാണാതിരുന്നപ്പോൾ വിളിച്ചന്വേഷിച്ചു. അപ്പോഴാണ് വേദനിപ്പിക്കുന്ന, എന്നാൽ കുറേ വർഷമായി പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്ന എന്റെ ക്രൂരമായ മനസിനെ സന്തോഷിപ്പിക്കുന്ന ആ വിശേഷം അറിഞ്ഞത്. അദ്ദേഹവും പ്രമേഹ ക്ലബ്ബിൽ അംഗത്വം നേടിയിരിക്കുന്നുവത്രെ. എന്തായാലും സുഹൃത്തിന്റെ അസുഖത്തിന്റെ വിവരങ്ങളൊക്കെ അറിഞ്ഞ്, എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ കുറേ കാര്യങ്ങൾ പങ്ക് വെച്ച് അദ്ദേഹത്തെ ഞാനും ആശ്വസിപ്പിച്ചു. ഇന്ന് നമ്മുടെ ഇടയിൽ ഭൂരിഭാഗം പേർക്കും ഈ അസുഖമുണ്ട്. ഇതോടൊപ്പം മറ്റ് ജീവിതശൈലീ രോഗങ്ങളായ അമിതമായ രക്തസമ്മർദ്ദം, അമിതമായ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളും സാധാരണമാണ്.
പ്രവാസലോകത്ത് ഈയൊരു പ്രശ്നം നാട്ടിലുള്ളതിനേക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം ഗൾഫ് നാടുകളിൽ താമസിക്കുന്ന ഇത്തരം പ്രവാസികളെ ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളവർക്ക് ഇനി ഗൾഫിൽ ജോലി സാധ്യത കുറയുമെന്ന വാർത്തയാണത്. ഇവിടെയുള്ള ആരോഗ്യ സേവന മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാനാണത്രെ ഇത്തരമൊരു നടപടിയെ പറ്റി ഗവൺമെന്റുകൾ ആലോചിക്കുന്നത്. ഇത് എത്ര മാത്രം പ്രാവർത്തികമാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്. കഴിഞ്ഞ വർഷം മാത്രം പുറം രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത ഇരുപത് ലക്ഷത്തോളം ആളുകളിൽ പത്ത് ശതമാനം പേരും ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെട്ടവരായിരുന്നുവത്രെ. ഗൾഫ് നാടുകളിൽ തന്നെ ഒന്പത് പേരിൽ ഒരാൾ പ്രമേഹരോഗിയാണെന്ന് 2013ലെ പഠനങ്ങൾ തെളിയിച്ചിരുന്നു. നഗരവത്കരണവും, അതു വഴിയുണ്ടാകുന്ന ജീവിതശീലങ്ങളും, അലസതയും, ശരീരമനങ്ങാതെയുള്ള തൊഴിൽ ശീലങ്ങളും, മാനസിക സമ്മർദ്ദവും ഒക്കെയാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളായി മാറുന്നത്. പ്രമേഹമുള്ളവരിൽ പകുതി പേരും തങ്ങൾ ഇത്തരമൊരു രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു എന്ന കാര്യം അറിയാറില്ല എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം.
പ്രമേഹത്തെ ഒരു നല്ല രോഗമായി കാണുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ. ജീവിതത്തിന് അടക്കവും ഒതുക്കവും വരാൻ സഹായിക്കുന്ന ഒരു രോഗം. ശരിയായി നിയന്ത്രിച്ച് നിർത്തിയാൽ ഉടയ തന്പുരാൻ നിശ്ചയിച്ചിരിക്കുന്ന കാലം വരെ സുഖമായി കൊണ്ട് നടക്കാൻ പറ്റിയ സുഖകരമായ അസുഖം. അതാണ് പ്രമേഹം.
ഇതിനിടെ മരണപ്പെട്ടവരിൽ നമ്മളിൽ പലർക്കുമറിയാവുന്ന വ്യക്തിയായിരുന്നു പ്രശസ്ത ചലച്ചിത്ര സംവിധായകൻ മധു കൈതപ്രം. അദ്ദേഹത്തെ വേട്ടയാടിയിരുന്നത് കടുത്ത പ്രമേഹമായിരുന്നുവത്രെ. ക്രമമില്ലാത്ത ജീവിതശൈലിയാണ് പ്രമേഹം ബാധിച്ചവരെ വളരെ പെട്ടെന്ന് മരണത്തിന്റെ തീരത്തിലേയ്ക്ക് അടുപ്പിക്കുന്ന പ്രധാന ഘടകം. ഇങ്ങിനെ നമ്മുടെ സമൂഹത്തിന് വളരെ നേരത്തേ തന്നെ അകാലത്തിൽ നഷ്ടമായ നിരവധി പ്രതിഭകളുണ്ട്. കഴിഞ്ഞ ദിവസം തോന്ന്യാക്ഷരത്തിൽ ക്യാൻസർ എന്ന രോഗത്തെ പറ്റി എഴുതിയിരുന്നു. അന്ന് വിഷരഹിതമായ പച്ചക്കറി കൃഷിയിലേയ്ക്ക് തിരികെ പോകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സൂചിപ്പിച്ചു. വൈകുന്നേരമായപ്പോഴേക്കും പലരും അവരുടെ ഫ്ളാറ്റുകളിൽ വളർത്തുന്ന ചെടികളുടെ ചിത്രം അയച്ചു തരികയുണ്ടായി. ഏറെ സന്തോഷം തോന്നിയ ഒരു കാര്യമായിരുന്നു അത്. ഇന്ന് നമ്മൾ പ്രമേഹത്തെ പറ്റി പറയുന്പോൾ ഞാൻ പ്രതീക്ഷിക്കേണ്ടത് കൽകണ്ടമാണോ, അതോ ഉലുവാ കഷായമാണോ. ചിന്തകൾ നീണ്ടു കൊണ്ടിരിക്കുന്നു...
വാൽകഷ്ണം: ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ വന്നു കഴിഞ്ഞാൽ സാരമില്ല, ഇടക്കല്ലെ എന്നു പരസ്പരം പറഞ്ഞ്, ആശ്വസിപ്പിച്ച്, ആരും കാണാതെ ആവശ്യത്തിനും അനാവശ്യത്തിനും മധുരമൂറുന്ന കേക്കുകളും പലഹാരങ്ങളും കഴിച്ച്, അത്യാവശ്യം നല്ല ലഹരി നൽകുന്ന വൈനും, മറ്റ് പാനീയങ്ങളും കുടിച്ച് ആഘോഷത്തിൽ മുഴുകുന്പോൾ ശരീരത്തിലെ ഇൻസുലിനെ പറ്റിയോ, വരാനിരിക്കുന്ന രോഗങ്ങളെ പറ്റിയോ ഓർക്കാത്തവരാണ് ഞാനടക്കമുള്ള മിക്ക പ്രമേഹരോഗികളും. അവർക്കെല്ലാം മധുരകരമല്ലാത്ത മനോഹരമായ ഒരു പുതുവർഷം ആശംസിക്കുന്നു. ഒപ്പം ആദ്യം സൂചിപ്പിച്ച സുഹൃത്തിന് പ്രമേഹം വന്നു പോയതിൽ അല്ല, മറിച്ച് അദ്ദേഹവും ബൂർഷ്വ ആയി മാറി പോയല്ലോ എന്ന വിഷമമാണ് എന്റെ ഉള്ളിൽ ചിരി പടർത്തുന്നത്!!
പ്രദീപ് പുറവങ്കര