നവവർഷ ശാപങ്ങൾ...
എത്ര പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും അനന്തമായ കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് പിന്നിലോട്ടു പോയി മറയാൻ നമ്മൾ മനുഷ്യരെ പോലെ തന്നെ ഓരോ വർഷവും വിധിക്കപ്പെട്ടിരിക്കുന്നു. അവിടെ സ്വന്തം താല്പര്യങ്ങൾക്കു യാതൊരു സ്ഥാനവുമില്ല. തിരശ്ശീലക്കു പിന്നിൽ മറഞ്ഞുപോകുന്ന വൃദ്ധസംവത്സരങ്ങളെ അതിജീവിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്കും, മോഹങ്ങൾക്കും എന്നും നിത്യയൗവ്വനമാണ്. പലപ്പോഴും ആ സ്വപ്നങ്ങളെ പോലും തകർക്കുന്നവിധത്തിൽ ഓരോ വർഷവും കടന്നുപോകുന്പോഴും മങ്ങാത്ത പ്രതീക്ഷയോടെ ഓരോ പുതിയ വർഷത്തെയും അനുഷ്ഠാനപൂർവ്വം എതിരേൽക്കേണ്ടിവരുന്നുണ്ട് നമുക്ക്. അങ്ങിനെ അനന്തമായ സാധ്യതകളുമായി ജനിക്കുന്ന മറ്റൊരു ജനുവരി കൂടി പടിവാതിൽക്കൽ എത്തിയിരിക്കുന്നു.
സംഭവബഹുലമായ ഒത്തിരി പ്രഭാതങ്ങളും, സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും, ആത്മനൊന്പരങ്ങളാൽ ഹർഷപുളകിതമായ എത്രയോ രാവുകളും 2014ലും പെയ്തു തോർന്നിരിക്കാം. ഇനിയുള്ളത് പുതിയ പ്രഭാതം, പുതിയ ദിനം, പുതിയ വർഷം. ഏതൊരു വർഷവും പെയ്തൊഴിയുന്പോൾ കണക്കെടുപ്പ് സ്വാഭാവികം. 2013ന്റെ അവസാനത്തിൽ നമ്മുടെയൊപ്പമുണ്ടായിരുന്ന പ്രതീക്ഷകളൊക്കെ നിറവേറ്റിയോ.ആഗ്രഹിച്ച നന്മയുടെ വഴിയിലേയ്ക്ക് പൂർണ്ണമായും മാറിയോ. ചിന്തകളുടെ മേച്ചിൽപുറങ്ങൾക്ക് പുതിയ മാനം കൈവന്നുവോ. സ്വപ്നങ്ങൾക്ക് ചിറക് മുളച്ചോ. എല്ലാം ഓർത്തെടുക്കേണ്ട ദിനമാണ് ഇന്ന്. അങ്ങിനെ ചെയ്യുന്പോഴും ആ പോരായ്മകളുമായി പോരിന് പോകാതെ പുതിയ പോർക്കളത്തെ, 2015നെ സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, സഹിഷ്ണുതയുടെയും പുതിയ നാന്പുകൾ വിടർത്താനുള്ള ഇടമാക്കി മാറ്റേണ്ടതുണ്ട്. യാത്രകൾ എന്നും പ്രതീക്ഷകളാണ് നൽകുന്നത്. അത്തരമൊരു യാത്ര തന്നെയാണ് കാലവും നടത്തുന്നത്. അതുകൊണ്ട് തന്നെ കാലം നമുക്ക് നൽകുന്നതും പ്രതീക്ഷകൾ തന്നെയാണ്.
ഒരു വർഷം കൂടി നമ്മുടെ ജീവിതത്തിൽ നിന്ന് ഇത്തരത്തിൽ പടിയിറങ്ങുന്പോൾ ഇന്ന് ഏറ്റവുമധികം പേർ ചോദിക്കുന്ന ഒരു ചോദ്യമായിരിക്കും, വൈകീട്ടെന്താ പരിപാടിയെന്ന്. പരസ്പരം ആശംസകൾ നേർന്ന് അടിച്ചുപൊളിക്കാനും, സൗഹാർദ്ദങ്ങളുടെ ലഹരി പടർത്താനും, പുതിയ നല്ല തീരുമാനങ്ങളെടുക്കാൻ പോകുന്നതിന് മുന്പായുള്ള കലാശകൊട്ടും ഒക്കെയായുള്ള ഒരു പുതുവത്സര രാവായിരിക്കും ഭൂരിഭാഗം പേരും പദ്ധതിയിട്ടിരിക്കുന്നത്. കലണ്ടർ എന്ന കാലമാപിനിയിൽ വിശ്വസിക്കുന്നവർക്കാണ് ഇത്തരം ആഘോഷങ്ങളിൽ മുഴുകാൻ സാധിക്കുക. എന്നാൽ ജീവിതത്തിൽ ഇതിനൊന്നും നേരമില്ലാത്തവരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. എന്താണ് കലണ്ടർ എന്നു പോലും അറിയാത്തവരും ഇതിൽ കാണും. കാലം അതിന്റെ യാത്ര അനുസ്യൂതം തുടരുന്പോൾ നമ്മൾ ആഗ്രഹിക്കുന്ന, സ്വപ്നം കാണുന്ന പുതുവർഷങ്ങൾക്ക് വേണ്ടി ഇത്തരം ആളുകൾ അവരുടെ ജീവൻ പോലും കളയുന്നുണ്ട്. വർഷത്തിൽ ഒരിക്കൽ കൊടുക്കുകയും വാങ്ങുകയും ചെയ്ത് അകാലമരണം വരിക്കുന്ന പുതുവർഷാശംസകളുടെ മഹാശ്മാശാനത്തിൽ നിന്ന് ഇത്തരം ആളുകൾക്ക് എന്താശംസയാണ് നമ്മൾ നേരേണ്ടത്.
ഓരോ വർഷത്തിന്റെയും ഒടുവിൽ എന്നും പറയുന്നത് പോലെ ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ഈ ലോകം മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതു കൊണ്ട് തന്നെ അങ്ങിനെയൊരു ആശംസ നേരാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതിന് പകരം ചിലരെ മനസ്സറിഞ്ഞ് ശപിക്കാനാണ് തോന്നുന്നത്. നുണകളിലൂടെയും, യുദ്ധങ്ങളിലൂടെയും, ഉപരോധങ്ങളിലൂടെയും, ലക്ഷക്കണക്കിന് നിരപരാധികളെ, കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഏകാധിപതികൾക്കും, ചോരകൊണ്ട് ഭൂമിയെ അഭിഷേകം ചെയ്യുന്ന യുദ്ധവെറിയന്മാർക്കും, മനുഷ്യമനസുകളെ പാപപങ്കിലമാക്കുന്ന മതഭ്രാന്തമാർക്കുമാണ് എന്റെ ഹൃദയത്തിൽ നിന്നുള്ള ആ നവവർഷ ശാപങ്ങൾ. നിങ്ങൾ എവിടെയാണെങ്കിലും വരും വർഷങ്ങളിലെങ്കിലും നശിച്ചു പോകട്ടെ!!
ഇതോടൊപ്പം ഓർമ്മ വരുന്നത് ഈ വരികൾ മാത്രം. “കാലം ഇനിയുമുരുളും, വിഷുവരും വർഷം വരും, പിന്നെ, ഓരോരോ തളിരിനും പൂ വരും കായ് വരും, അപ്പോൾ ആരെന്നും എന്തെന്നുമാർക്കറിയാം’’...
പ്രദീപ് പുറവങ്കര