സ്വാ­തന്ത്ര്യത്തെ­ എന്തി­നാണ് ഭയക്കു­ന്നത് ?


കഴിഞ്ഞ ദിവസം ജീവനക്കാർ‍ തമ്മിലുള്ള വളരെ വ്യക്തിപരമായ പ്രശ്നങ്ങളെ മുൻ‍നിർ‍ത്തി മാതൃഭൂമി ചാനൽ‍ ഒരു ചർ‍ച്ച സംഘടിപ്പിച്ചതിലൂടെ ഉണ്ടായിരിക്കുന്നത് പുതിയൊരു മാധ്യമ സംസ്കാരം മാത്രമല്ല, മറിച്ച് നമ്മുടെയിടയിലെ സ്ത്രീ പുരുഷ ബന്ധങ്ങളുടെ മാറുന്ന അവസ്ഥകളെ തുറന്ന് കാണിക്കൽ‍ കൂടിയാണ്. ഇത്തരം സംഭവങ്ങളിലൂടെ പൊതുസമൂഹം ഇനിയുള്ള കാലം ഏത് രീതിയിലായിരിക്കും ജോലിയിലായാലും, വീട്ടിലായാലും സ്ത്രീ പുരുഷ ബന്ധങ്ങളെ നോക്കി കാണേണ്ടത് എന്നതായിരുന്നു ആ ചർ‍ച്ചയിലൂടെ പരസ്പരം പങ്കിട്ട പ്രധാനപ്പെട്ട കാര്യങ്ങൾ‍. നമ്മുടെ സമൂഹത്തിൽ‍ വ്യവസ്ഥാപിതമായ മാർ‍ഗത്തിലൂടെ നടക്കുന്ന ഒരു സംഗതിയാണ് വിവാഹം എന്ന വിഷയം. ഈ ഒരു വ്യവസ്ഥയെ പറ്റിയും അതിൽ‍ വരേണ്ട മാറ്റങ്ങളെ പറ്റിയും ഗൗരവപരമായ തരത്തിൽ‍ നിരവധി ചർ‍ച്ചകൾ‍ നമ്മുടെ സമൂഹത്തിൽ‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണ് ഇപ്പോൾ‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഇന്റർ‍നെറ്റിന്റെ വരവോടെ  വിജ്ഞാന സ്രോതസ്സുകളുടെ എണ്ണം ഏറെ വിശാലമായിട്ടുണ്ട്. ഇതിന് ശേഷം പാശ്ചാത്യ ലോകത്ത് അരങ്ങേറുന്ന പല കാര്യങ്ങളും നല്ലതും ചീത്തയുമൊന്നും വേർ‍തിരിക്കാതെ  അതു പോലെ ഒപ്പിയെടുക്കാൻ വർ‍ഗ്ഗവ്യത്യാസമില്ലാതെ നമ്മളിൽ‍ മിക്കവരും തയ്യാറായി തുടങ്ങി എന്നത് ഒരു യാത്ഥാർ‍ത്ഥ്യമാണ്. അക്കര പച്ച എന്ന ബോധമായിരിക്കാം പലപ്പോഴും ഇതിലേയ്ക്ക് നയിക്കുന്നതെന്ന് തോന്നുന്നു. ഈ ഒരു ഗതിവേഗത്തിൽ‍ കാര്യങ്ങൾ‍ പോവുകയാണെങ്കിൽ‍ ഇനി ഒന്നോ രണ്ടോ തലമുറ മാറി വരുന്പോൾ‍ ഇന്ന് നമ്മുടെയിടയിൽ‍ കാണുന്ന വിവാഹമെന്ന വ്യവസ്ഥിതി തന്നെ ചിലപ്പോൾ‍ ഏറ്റവും കുറഞ്ഞത് കേരളത്തിൽ‍ പലയിടങ്ങളിലും അപൂർവ്‍വമായ ആചാരമായി മാറിയേക്കാം എന്നതാണ് സത്യം. 

പാശ്ചാത്യരുടെ ഇടയിൽ‍ സന്തോഷം പങ്കിടുന്ന ഇടമാണ് കുടുംബമെങ്കിൽ‍ നമ്മൾ‍ പൗരസ്ത്യർ‍ക്ക് ദുഃഖവും വേദനയും പങ്കിടുന്ന ഇടമായിരുന്നു മുന്പൊക്കെ കുടുംബം. അത് കൊണ്ടാണ് ഒരാൾ‍ മരണപ്പെട്ടാൽ‍ എത്ര തന്നെ ശത്രുതയുള്ളവരാണെങ്കിൽ‍ ആ ചടങ്ങുകളിൽ‍ പങ്കെടുക്കാൻ ഓടിയെത്തിയിരുന്നത്. ഇന്ന് ഈ ബന്ധം നമ്മളിൽ‍ മിക്കവർ‍ക്കും നിലനിർ‍ത്താൻ സാധിക്കുന്നില്ല എന്നത് ജീവിതത്തിന്റെ കറുത്ത യാത്ഥാർ‍ത്ഥ്യം. സ്നേഹം നിറ‍ഞ്ഞ അയൽ‍വാസികളും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ ഗൃഹാതുരമായ ഓർ‍മ്മകൾ‍ മാത്രമാണ് നമുക്കിന്ന്. തിരക്കിനെ എത്തിപിടിക്കാൻ ഉള്ള ഓട്ടത്തിനൊടുവിൽ‍ തളർ‍ന്ന് വീഴുന്പോൾ‍ മിക്കയിടങ്ങളിലും കൈത്താങ്ങിന് ആരും കാണില്ല. പിന്നെ നീണ്ടുവരുന്നത് ഏത് കൈയ്യായാലും അതിൽ‍ കയറി പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുക. ഇതിൽ‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസവുമില്ല. വിവാഹിതനാകുന്നവരിൽ‍ മിക്കവരും വിവാഹത്തിന് മുന്പ് പരസ്പരം മുത്തേ എന്ന് വിളിക്കുന്പോൾ‍ വിവാഹത്തിന് ശേഷം പരസ്പരം  സ്വത്തായി മാറുന്നതാണ് നമ്മുടെ ഇടയിലെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ പാളിച്ചകളുടെ പ്രധാന കാരണമെന്ന് തോന്നുന്നു. മുത്തിൽ‍ നിന്ന് സ്വത്തിലേയ്ക്ക് വളരുന്പോൾ‍ പരസ്പരം പ്രണയത്തിനോ, സൗഹൃദത്തിനോ പകരം പ്രൊപ്പെർ‍ട്ടിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സ്വത്തിന് എന്തെങ്കിലും തകരാറ് വരുമോ എന്ന് ചിന്തിച്ച് മനസ് കൊണ്ടെങ്കിലും അതിനെ വേലിക്കെട്ടി സംരക്ഷിക്കാനാണ്  ശ്രമം. ഇങ്ങിനെ പരസ്പരം കെട്ടിവെക്കാൻ ശ്രമിക്കുന്പോൾ‍ ഒടുവിൽ‍ പാട് പെട്ടുപോവുകയാണ് മിക്കവരും. ഇന്ന് പുരുഷന്‍മാരെ പോലെ തന്നെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും എന്നത് സത്യമാണ്. അതിന് കാരണം അവർ‍ നേടിയ അറിവ് തന്നെയാണ്. അറിവിന്റെ വാതായനങ്ങൾ‍ അവരുടെ മുന്പിൽ‍ തുറക്കപ്പെടുന്പോൾ‍ മുന്പ് ഉണ്ടായിരുന്ന ഭയത്തിന്റെയോ സങ്കോചത്തിന്റെ അവസ്ഥ അവർ‍ക്കുണ്ടാകുന്നില്ല. എന്നാൽ‍ അതേ സമയം ഇത്തരം ചിന്തകളെ എതിർ‍ക്കുന്ന പുരുഷന്മാ‍‍ർ‍ക്കോ, അല്ലെങ്കിൽ‍ അത്തരം പുരുഷ മനസ്സുള്ള സ്ത്രീകൾ‍ക്കോ ഈ സ്വാതന്ത്ര്യ ബോധം വലിയ പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രമാണ് ലിപ്സ്റ്റിക്ക് അണ്ടർ‍ മൈ ബുർ‍ഖ എന്നത്. അതിലെ ഒരു സ്ത്രീ പറയുന്ന ഒരു ഡയലോഗ് വളരെയേറെ പ്രസക്തമാണ് ഇന്ന്. “ഹമാരീ ആസാദീ സേ ആപ് ഇത്‌നാ ഡർ‍തേ ക്യൂ ഹേ?” (ഞങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങളെന്തിനാണ് ഇത്ര ഭയക്കുന്നത്?). ഇതാണ് ആ വാചകം. 

ഇനിയുള്ള കാലത്ത് ആരുടെയും സ്വപ്നങ്ങളെ മൂടിവെക്കാനോ, അടച്ചിടാനോ ഒന്നും ആർ‍ക്കും സാധ്യമല്ല എന്ന് വളരെ ശക്തമായി തുറന്ന് പറയുന്നുണ്ട് ഈ വാചകം. ഇത് തിരിച്ചറി‍‍‍‍ഞ്ഞാൽ‍ തീരാവുന്നതേയുള്ളൂ നമ്മുടെ സമൂഹത്തിലെ പല വിവാദങ്ങളും എന്നതാണ് യാത്ഥാർ‍ത്ഥ്യം.

പ്രദീപ് പുറവങ്കര

You might also like

  • Lulu Exchange
  • Straight Forward

Most Viewed