കാവ്യഭാവനകൾ വിരിയുന്പോൾ...

പ്രദീപ് പുറവങ്കര
മലയാളി കുറച്ച് ദിവസമായി തളയ്ക്കപ്പെട്ടിരിക്കുന്നത് സുനിയിലും പനിയിലുമാണ്. ഒരു ഭാഗത്ത് കൊതുക് കുത്തി ജീവൻ നഷ്ടപ്പെട്ടിരിക്കുന്ന മുന്നൂറോളം പേർ. മറ്റൊരു ഭാഗത്ത് ജീവന്റെ ജീവനായി ആരാധക ലക്ഷങ്ങൾ നോക്കി കാണുന്ന താരങ്ങളുടെ ഇനിയുള്ള ജീവിതം വെള്ളിവെളിച്ചത്തിലോ അതോ ജയിലിന്റെ ഇരുട്ടിലോ എന്ന ആശങ്ക. ഇതിലേതിനാണ് പ്രാമുഖ്യം എന്നു പോലും തിരിച്ചറിയാൻ സാധിക്കാതെ നമ്മളൊക്കെ വാർത്തകളുടെ പിന്നാന്പുറ വിശേഷങ്ങളിലേയ്ക്ക് ഊളിയിട്ടുകൊണ്ടിരിക്കുന്നു.
സിനിമ എന്ന കലാരൂപം മലയാളിയെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. അതോടൊപ്പം എത്രയോ പേർക്ക് ജോലി ലഭിക്കുന്ന മേഖലയും, ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന ഒരു വലിയ ഒരു വ്യവസായമാണ് ഈ ഒരു കലാരൂപം. അതിന്റെ പ്രധാന ഘടകങ്ങളാണ് അഭിനയിക്കുന്ന നടീനടന്മാർ. അവരാണ് സിനിമകളുടെ മുഖങ്ങൾ. അവരെ കാണുന്പോഴാണ് നമ്മൾ ആർത്തു വിളിക്കുന്നതും, പാലഭിഷേകം വരെ നടത്തുന്നതും. പലപ്പോഴും സിനിമകളിൽ അവർ അഭിനയിച്ച് ഫലിപ്പിക്കുന്ന അതി മാനുഷിക വേഷങ്ങൾ കാരണം അവരെ മനുഷ്യരായി പോലും കാണാൻ സാധിക്കാത്ത ഒരവസ്ഥയിലേയ്ക്ക് സാധാരണക്കാരനായ ആരാധകൻ താഴ്ത്തപ്പെടുകയോ ഉയർത്തപ്പെടുകയോ ചെയ്യുന്നുണ്ട്. ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെ മലയാളത്തിൽ എന്ന് സിനിമകൾ ഉണ്ടായി തുടങ്ങിയോ അന്നു മുതൽ താരവിശേഷങ്ങൾ സ്വന്തം വീട്ടിലെ വിശേഷങ്ങൾ പോലെ കൊണ്ടാടുന്നവരാണ് ഭൂരിഭാഗം മലയാളികളും.
ഇതുവരെ നമ്മൾ കണ്ടതും കേട്ടതുമായ കഥ ഇങ്ങിനെയാണ്..
ഒരു നടിയെ കുറച്ച് പേർ ചേർന്ന് തട്ടികൊണ്ടുപോകുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരത്തിലെ പ്രധാന പാതകളിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനത്തിൽ വെച്ച് ആ നടിയെ പീഢിപ്പിക്കുന്നു. പീഢനത്തിന് ശേഷം അവരെ ഒരു സിനിമാ സംവിധായകന്റെ വീട്ടിലെത്തിച്ചതിന് ശേഷം പിന്നീട് പോലീസ് േസ്റ്റഷനിൽ പരാതിയുമായി എത്തുകയും ചെയ്യുന്നു. ആ രാവ് പുലരുന്പോഴേക്കും വാർത്ത കാട്ടുതീ പോലെ പടരുന്നു. എല്ലാവരും ആ നടിയുടെ ദുരിത പർവ്വത്തിൽ ആത്മാർത്ഥമായും, അല്ലാതെയും വേദന രേഖപ്പെടുത്തുന്നു. അന്ന് തന്നെ വൈകുന്നേരം താരങ്ങളൊക്കെ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന് അവരുടെ ഞെട്ടലും, സങ്കടവും പങ്കിടുന്നു. പ്രതിയെ പിടികൂടുന്നത് വരെ ഒരു പ്രമുഖ നടനാണ് ഇതിന്റെ പിന്നില്ലെന്ന വാർത്തയും പങ്കിട്ട് തുടങ്ങുന്നു. ഒടുവിൽ പ്രതിയെ പിടികൂടിയതിന് ശേഷം വാർത്തകൾക്ക് താത്കാലിക വിരാമം. അതിനിടയിൽ നടി വിവാഹം കഴിക്കാൻ തീരുമാനിച്ചതും, നടൻ വിവാഹം കഴിച്ചതിന് ശേഷം അമേരിക്കയടക്കമുള്ള സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ പോയതുമൊക്കെ വാർത്തകളിൽ നിറയുന്നു. നടിയാണെങ്കിൽ വനിതാ മാസികളിൽ വളരെ ബോൾഡായി അഭിമുഖങ്ങളും നൽകുന്നു. ഇതിന് ശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ, ജയിലിലായ പ്രതി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി നേരത്തേ കുറ്റമാരോപ്പിക്കപ്പെട്ട നടൻ പോലീസിന് പരാതി നൽകുന്നു. വീണ്ടും വാർത്തകളിൽ പ്രമുഖപേരുകൾ തെളിഞ്ഞു വരുന്നു. ഒടുവിൽ പരാതി നൽകിയ നടനെ 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തോ മൊഴി എടുത്തോ ഉറക്കം നഷ്ടപ്പെടുത്തുന്നു. പിറ്റേന്ന് എല്ലാ താരങ്ങളും കൂടി നക്ഷത്ര ഹൊട്ടലിൽ എത്തി ഈ സംഭവങ്ങളൊന്നും ചർച്ച ചെയ്യാതെ ചായ കുടിച്ച് പിരിയാൻ തീരുമാനിക്കുന്നു. ഇതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് വയറ് നിറച്ച് എംഎൽഎ താരങ്ങളുടെ വക നന്നായി തന്നെ ലഭിച്ചതോടെ ന്യൂസ് ഹവറുകാർക്ക് അത് പ്രധാന വാർത്തയുമായി. ഇപ്പോൾ ഏകദേശം ഈ കഥയുടെ ക്ലൈമാക്സിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് തോന്നുന്നു. എന്തായാലും കാവ്യഭാവനകൾ നിറഞ്ഞാടുന്ന ഈ തിരക്കഥയിലെ അവസാന കൈയടി കേരള പോലീസിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
അതോടൊപ്പം കേരളത്തിനെ മൊത്തത്തിൽ എല്ലാവരും കൂടി ശരിയാക്കി വരുന്നതിനിടിയിൽ ശരിയാക്കാൻ വിട്ടുപോയ കൊതുകുകളുടെ ആക്രമണത്തിൽ ജീവിതം തന്നെ ഇല്ലാതായ പാവപ്പെട്ട രോഗികളുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു...