പനി പിടിച്ച പ്രണയം
പി. ഉണ്ണികൃഷ്ണൻ
പ്രേമത്തിന് കണ്ണില്ല, മൂക്കില്ല എന്നൊക്കെ പറയാമെങ്കിലും ഒരു സെൻസും സെൻസിബിലിറ്റിയും വേണ്ടേ?. വേണ്ട, എന്നാണ് പ്രേമപനി പിടിച്ച കേരളത്തിലെ ആബാലവൃദ്ധ ജനങ്ങളടക്കം പറയുന്നത്. സിനിമാ തീയേറ്ററിന്റെ വേലികൾ പൊളിച്ച് ക്ലാസ് കട്ടും ചെയ്തും ജോലിയിൽ നിന്നും മുങ്ങി ജനം തീയേറ്ററിലേയ്ക്ക് കുതിക്കുന്ന കാഴ്ച കണ്ടപ്പോൾ ആദ്യം സന്തോഷമാണ് തോന്നിയത്. കേരളത്തിലുടനീളം സിനിമാ കോട്ടകളിൽ ഇൻവെസ്റ്റ് ചെയ്ത ചലച്ചിത്ര സ്നേഹികൾക്ക് ഒരു പുതുജീവൻ കിട്ടുന്നു എന്ന തോന്നലായിരുന്നു.
അതുകൊണ്ടു തന്നെയാണ് ‘പ്രേമം’ എന്ന സിനിമ ബഹ്റിനിൽ വന്നപ്പോൾ കുടുംബസമേതം തീയേറ്ററിലേയ്ക്ക് പോയതും. എന്റെ മകൻ പഠിക്കുന്നത് 12ാം തരത്തിൽ, മകൾ പഠിക്കുന്നത് ഒന്പതാം തരത്തിൽ, മുൻ അദ്ധ്യാപിക കൂടിയായ വാമഭാഗവും, ഭാര്യമാതാവും കൂടെയുണ്ടായിരുന്നു.
പടം കണ്ട് തുടങ്ങിയപ്പോഴാണ് ടെൻഷൻ അടിച്ചു തുടങ്ങിയത്. കഥ തീരുന്നതുവരെ ഞാൻ ചിന്തിച്ചത് ഓരോ സീനിലും കൈയടിക്കുന്ന കാഴ്ചക്കാരെക്കുറിച്ചോർത്താണ്.
ടീച്ചറെ പ്രണയിക്കുന്ന വിദ്യാർത്ഥി. തിരിച്ച് വിദ്യാർത്ഥിയേയും പ്രേമിക്കുന്ന അദ്ധ്യാപിക! ക്ലാസ് മുറിയിൽ ലുങ്കി പോലുള്ള ഒരു മുണ്ട് മടക്കിക്കുത്തി കൂളിംഗ് ഗ്ലാസും ധരിച്ചിരിക്കുന്ന നായകൻ! ക്യാന്പസ്സിലും ക്ലാസ് മുറിയിലും നിരന്തരം വാറ്റ് ചാരായം അടിച്ച് വിലസുന്ന നായകനെയും പ്രണയിച്ച് സ്നേഹിച്ച് നടക്കുന്ന അദ്ധ്യാപിക!
പഠനം എന്ന കർമ്മം, തെമ്മാടിത്തരത്തിന്റെ ക്ലൈമാക്സിൽ നടത്തിവരുന്ന നായകന്റെ കോളേജ് വിട്ടാലുള്ള പ്രധാന ഹോബി കള്ള് കുടിയും, ശീട്ട് കളിയും, അദ്ധ്യാപികമായുള്ള ്രപണയരംഗങ്ങളുടെ സ്വപ്നം കാണലും!
മദ്യപിച്ച് ക്ലാസ് മുറിയിൽ എത്തുന്ന നായകനെ സംരക്ഷിക്കുന്ന അദ്ധ്യാപികയേയും നായകനേയും കൂട്ടരെയും ശകാരിക്കുന്ന പ്രധാന അദ്ധ്യാപകന്റെ നേരെ അക്രോശിച്ച് ഭീഷണിപ്പെടുത്തുന്ന നായക പിതാവ്!
ഇത്തരം ക്ലൈമാക്സ് രംഗങ്ങൾ അരങ്ങേറുന്പോൾ കൈയടിക്കുന്ന കാണികൾ. ഇതിനൊക്കെ പുറമെ അതേ അദ്ധ്യാപികയെ പ്രേമിക്കാൻ വിഡ്ഢിവേഷം കെട്ടുന്ന ഒരു അദ്ധ്യാപകൻ. അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു തിരുമണ്ടനായിട്ടും! യു.ജി.സിയും പി.ജിയും കഴിഞ്ഞ് എം.എഡും കഴിഞ്ഞ് ലക്ചറൽ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന ഒരു അദ്ധ്യാപകൻ അത്യാവശ്യം വിവരവും ബുദ്ധിയുമുള്ള ആളായിരിക്കുമെന്നതിൽ ആർക്കും സംശയം കാണില്ല.
പക്ഷേ അത്തരമൊരു അദ്ധ്യാപകനെ മരമണ്ടനാക്കി ചിത്രീകരിക്കുകയും ടീച്ചറെ ലൈനടിക്കുവാൻ വിദ്യാർത്ഥികളുെട സഹായം തേടി ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്പോൾ വീണ്ടും തീയേറ്ററിൽ കൈയടി.
ഇതിനൊക്കെ പുറമെ നായകനും സംഘവും ഇടയ്ക്ക് കഞ്ചാവ് കൃഷി നടത്തുന്നതിനെക്കുറിച്ചും, തനിക്കെതിരെ കൈ ചൂണ്ടുന്നവരെ അടിച്ചമർത്തുന്ന തകർപ്പൻ രംഗങ്ങളും ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ കുറെ വർഷമായി ഏറ്റവും കുറഞ്ഞ് വരുന്ന ശീലമാണ് സിഗരറ്റ് വലി. പക്ഷേ പ്രേമത്തിലെ നായകൻ ഓരോ സീനിലും സിഗരറ്റ് കൊളുത്തുന്നു. പുക ആകാശത്തിലേക്ക് ഊതി വിടുന്നു!
ഇതിന് മുന്പ് വൻ സ്വീകരണം ലഭിച്ച നിവിൻ പോളിയുടെ തന്നെ വേറൊരു സിനിമയായ ‘ഒരു വടക്കൻ സെൽഫി’യിലും സിഗരറ്റ് വലിയും കള്ളുകുടിയും ജീവിതത്തിൽ ഒരു ൈസ്റ്റൽ ആയി കൊണ്ടു നടക്കുന്ന യുവാക്കളെ തന്നെയാണ് പ്രതിനിധീകരിച്ചിരിക്കുന്നത്.
സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ബാക്കി വരുന്ന ചോദ്യം സത്യം പറഞ്ഞാൽ സംവിധായകനും എഴുത്തുകാരനുമായ കവി എന്താണ് സിനിമയിലൂടെ പറയുവാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം മാത്രം?
സിനിമ, നാടകം തുടങ്ങിയ എല്ലാ കലാരൂപങ്ങൾക്കും ഒരു സാമൂഹിക പ്രതിബദ്ധത കൂടിയുണ്ട്. പക്വതയെത്താത്ത യുവതയെ ഇക്കിളിപ്പെടുത്തി കൈയടി വാങ്ങി കാശുണ്ടാക്കുകയെന്നത് മാത്രമല്ല ഒരു നല്ല സംവിധായകന്റെ ദൗത്യം! ഇത് മലയാള സിനിമയ്ക്കും പ്രേക്ഷകനും പറഞ്ഞിരിക്കുന്ന ദാരുണമായ അപചയമാണ്. സിനിമ കണ്ടിറങ്ങുന്പോൾ മകനും മകളും സന്തോഷത്തോടെ ഓരോന്ന് പറഞ്ഞ് പുറത്തിറങ്ങുന്പോൾ ചിന്തിച്ചത് വാമഭാഗം അദ്ധ്യാപികയായി ജോലിയിൽ തുടരാത്തത് ഭാഗ്യമായി എന്ന ചിന്തമാത്രം.