മൂളിപ്പരത്തേണ്ട സത്യങ്ങൾ
ശതാബ്ദി എക്സ്പ്രസ് നീങ്ങിത്തുടങ്ങിയിരുന്നു. നിരനിരയായി നീണ്ടുകിടക്കുന്ന സീറ്റുകളിൽ പലരും ഇരുന്ന് തുടങ്ങിയതേയുള്ളൂ. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് കൈയിൽ ഒരു ചെറിയ ബാഗും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ച ഒരാൾ എന്റെ തൊട്ടരുകിൽ വന്നിരുന്നത്.
കൊച്ചിയിൽ നിന്നും വണ്ടിയിൽ കയറുന്പോൾ തന്നെ റിസർവേഷൻ കന്പാർട്ടുമെന്റ് നിറഞ്ഞുകഴിഞ്ഞിരുന്നു. തീവണ്ടിയിലെ ഭൂരിപക്ഷം പേരും സ്ഥിരം യാത്രക്കാരാണ്. പലരും സർക്കാർ ജോലിയുള്ളവർ.
ട്രെയിൻ നീങ്ങിത്തുടങ്ങി എല്ലാവരും സീറ്റിൽ സ്വസ്ഥമായി ഇരുന്ന് ഓരോ പ്രവർത്തികളിലേയ്ക്ക് മുഴുകി. ചിലർ പകുതി വായിച്ച് വെച്ച നോവലിന്റെ ബാക്കിഭാഗം അടർത്തിയെടുത്ത് വായന തുടങ്ങി. മറ്റ് ചിലരാകട്ടെ ചെവിയിൽ ഇയർഫോൺ കുത്തിവെച്ച് മൊബൈൽ വഴി പാട്ട് കേൾക്കുന്നു. വേറെ ചിലരാകട്ടെ ടിഫിൻ പാത്രമെടുത്ത് ഭക്ഷണം കഴിക്കുവാൻ തയ്യാറെടുക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും മറ്റ് ചിലർ സീറ്റ് ലഭിക്കാതെ അസ്വസ്ഥതയോടെ കന്പിയും പിടിച്ച് നിൽപ്പുണ്ട്. വണ്ടി ഒരു േസ്റ്റഷൻ പിന്നിട്ടപ്പോൾ തൊട്ടടുത്തുള്ള സുഹൃത്ത് കുളിംഗ് ഗ്ലാസ് ഊരി ഒന്ന് ചിരിച്ച് ആദ്യത്തെ ചോദ്യമെറിഞ്ഞു. തെരവനന്തപുരത്താ ജോലി?
അല്ല. ഗൾഫിലാണെന്ന് പറഞ്ഞപ്പോൾ, ചിരി ഒന്ന് കൂടെ കൂടി. പിന്നെ ചോദ്യം കോഴിക്കോട് എയർപോർട്ടിലെ വെടിവെപ്പിനെക്കുറിച്ചായി. സി.ഐ.എസ്.എഫ് ജവാനെക്കുറിച്ചും പോലീസുകാരെക്കുറിച്ചും പട്ടാളക്കാരെക്കുറിച്ചും ഒക്കെയായി സംഭാഷണം നീണ്ടു.
പട്ടാളക്കാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഞാൻ ആവേശത്തോടെ പറഞ്ഞപ്പോൾ സുഹൃത്ത് എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ പതിയെ എന്നെ നോക്കി ഒരു ചോദ്യമെറിഞ്ഞു. ഒരു പട്ടാളക്കാരൻ എത്ര പേരുടെ ജീവനാണ് നേരിട്ട് സംരക്ഷിക്കുന്നത്? അവരുടെ ജീവൻ ജോലിക്കിടയിൽ എത്ര പ്രാവശ്യമാണ് ഭീഷണി നേരിടുന്നത്?
പ്രത്യേകിച്ച് ഉത്തരമില്ലാത്തത് കൊണ്ട് ഞാൻ വളരെ കാഷ്യലായി ഒരു ഉത്തരമെറിഞ്ഞു.
യുദ്ധം വരുന്പോഴും അതിർത്തിയിൽ സേവനം അനുഷ്ഠിക്കേണ്ടി വരുന്പോഴും അവർ നടത്തുന്നത് ജീവൻ മരണ പോരാട്ടമാണ്. അത് അവരുടെ സേവനകാലഘട്ടത്തിൽ ഒന്നോ രണ്ടോ വർഷം കാണുമായിരിക്കും.
അതിലും റിസ്ക്ക് എടുത്ത് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷപ്പെടുത്തുന്നവരും ഈ ലോകത്തുണ്ട്. സുഹൃത്ത് പറയുന്നത് കേട്ട് ഞാൻ ഒന്ന് അന്പരന്നു.
ഇതാരാ പട്ടാളക്കാരനെക്കാൾ വലിയ യോദ്ധാക്കൾ എന്ന് ചിന്തിച്ച് ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ സംശയനിവാരണത്തിനായ് മറുചോദ്യം എറിഞ്ഞു.
അങ്ങിനെയൊരു ജോലിയുണ്ടോ? ഡോക്ടർമാർ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും അവരുടെ ജീവൻ അപകടത്തിൽ പെടുത്തുന്നില്ല. പിന്നീട് പല ഉദ്യോഗസ്ഥരെയും അവരുടെ തൊഴിലിന്റെ അപകടവും ഒക്കെ കൂട്ടി നോക്കിയിട്ടും ഒരു എത്തും പിടിയും കിട്ടാതെ നിൽക്കുന്പോൾ സുഹൃത്ത് ശബ്ദമുണ്ടാക്കി ചിരിച്ച് ഉത്തരം പറഞ്ഞു. ഞാൻ അത്തരമൊരു ഉദ്യോഗസ്ഥനാണ്. താങ്കൾ അടക്കമുള്ളവർ ഇപ്പോൾ ഈ ട്രെയിനിൽ അപകടമൊന്നും കൂടാതെ യാത്ര െചയ്യുന്നത് എന്നെ പോലുള്ളവരുടെ സേവനം കൊണ്ടാണ്.
അടുത്തിരിക്കുന്ന വ്യക്തി ഇന്ത്യയുടെ രഹസ്യസംഘടനയായ ROW പോലുള്ള ഏജൻസിയിലാണോ എന്ന് ഉറപ്പിക്കാനായി ഞാനദ്ദേഹത്തിന്റെ പാന്റ്സിന്റെ പോക്കറ്റിലേക്കും ബാഗിലേയ്ക്കും തോക്ക് വല്ലതും കൈയിൽ ഉണ്ടോ എന്നറിയാൻ ഒളിഞ്ഞ് നോക്കി. വല്ല തീവ്രവാദികൾ ബോംബും വെച്ചിട്ടുണ്ടോ എന്നന്വേഷിക്കുവാനും അവ തടയുവാനും നിയോഗിക്കപ്പെട്ട ഒരു ദാസനാണ് ചങ്ങാതിയെന്ന് ഞാൻ മനസ്സിലുറപ്പിച്ചു!
ട്രെയിൻ കൊല്ലം േസ്റ്റഷനിൽ എത്തിയപ്പോൾ സഹയാത്രികൻ േസ്റ്റഷനിൽ ഇറങ്ങി വെള്ളവും കുറച്ച് വടയും വാങ്ങി തിരിച്ച് വന്നു. ഒത്തിരി ബഹുമാനത്തോടെ പുള്ളിക്കാരൻ ഔദാര്യമായി തന്ന ചൂട് വട വായിലിട്ട് ചവയ്ക്കുന്പോൾ ഞാൻ ആകാംക്ഷയോടെ ചോദിച്ചു. സാർ, ഏത് ഡിപ്പാർട്ട്മെന്റിലാ?
ഞാൻ കോർപ്പറേഷനിൽ ജോലി െചയ്യുന്നു. കോർപ്പറേഷനിൽ ഏത് ഡിപ്പാർട്ട്മെന്റിൽ, സുഹൃത്ത് ചായ ഒരു സിപ്പ് കൂടെ വലിച്ച് ചിരിച്ച് പറഞ്ഞു.
ആന്റി മോസ്കിറ്റോ സ്ക്വാഡിൽ. കഴിഞ്ഞ രണ്ട് വർഷത്തെ നമ്മുടെ സ്ക്വാഡിന്റെ പ്രവർത്തനം കാരണം നശിപ്പിച്ചത് കോടിക്കണക്കിന് കൊതുകുകളെയാണ്. ഡെങ്കിപ്പനിയും എച്ച്1 എൻ1 ഉം പോലുള്ള മാരകരോഗങ്ങൾ പരത്തുന്ന കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദികളുടെ ഇടയിലേക്ക് പിറകിൽ ഒരു സിലിണ്ടറും തൂക്കി പുകയടിച്ച് നമ്മൾ പോകുന്പോൾ, താങ്കൾ ചിന്തിക്കാറുണ്ടോ? ഇതിലെ റിസ്ക്ക്? ഇതുവഴി താങ്കൾക്ക് കിട്ടുന്ന പ്രൊട്ടക്ഷൻ?
കേരളത്തിലെ കൊതുക് പരത്തുന്ന രോഗങ്ങൾ കാരണം മരണമടയുന്നവരുടെ എണ്ണം ഇപ്പോൾ വിരലിലെണ്ണാവുന്നതേയുള്ളൂ. ഞാനി സ്ക്വാഡിൽ 15 വർഷമായി ജോലി ചെയ്യുന്നു.
മഴ പുറത്ത് തകൃതിയായി പെയ്യുന്നുണ്ട്. സാധാരണ തീവണ്ടിയിൽ കാണുന്ന കൊതുകിന്റെ മൂളിപ്പാട്ട് കേൾക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി ഉള്ളിവട ഒന്ന് കൂടി ചവച്ചരയ്ക്കുന്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. സർ, അങ്ങേയ്ക്ക് എന്റെ മനസ്സിൽ നിന്നും ഒരു സല്യൂട്ട്...