ഓൾഡ് ഈസ് ഗോൾഡ്
മൂംബൈയിെല ഒരു സ്റ്റാർ ഹോട്ടലിലെ ലോബിയിലിരിക്കുന്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ പിറകിലുള്ള ചുമരിൽ ഒരു വലിയ പെയിന്റിംഗ്. ഒറ്റനോട്ടത്തിൽ തന്നെ അത് എം.എഫ് ഹുസൈൻ വരച്ചതാണെന്ന് മനസ്സിലാകും. പിക്കാസോവിനും ഹുസൈനും മലയാളിയായ നന്പൂതിരിയുടെയും പോലുള്ള ചിത്രകാരന്മാരുടെ പെയിന്റിംഗ് കണ്ടാൽ ഒറ്റനോട്ടത്തിൽ തന്നെ ഒരാൾക്ക് ഏത് ചിത്രകാരന്റെ പെയിന്റിംഗ് ആണ് എന്ന് മനസ്സിലാക്കുവാൻ പറ്റും.
എം.എഫ് ഹുസൈന്റെ ഒറിജിനൽ പെയിന്റിംഗിന്റെ കോപ്പി എടുത്ത് വെച്ചതാകാം എന്ന ഉറപ്പുവരുത്തുവാൻ പെയിന്റിംഗിന്റെ അരികിലേക്ക് ചെന്ന് ഒന്ന് കൂടി വ്യക്തമായി നോക്കി. സംഭവം ഒറിജിനൽ തന്നെ. ഇത്തിരി സംശയത്തോടെ റിസപ്ഷനിസ്റ്റിനോട് പെയിന്റിംഗിനെക്കുറിച്ച് തിരക്കി.
അപ്പോഴാണ് റിസപ്ഷനിസ്റ്റ് പറഞ്ഞത് എം.എഫ് ഹുസൈൻ പ്രശസ്തനാകുന്നതിന് മുന്പ് മുംബൈയിലുള്ള ഈ ഹോട്ടലിൽ വന്ന് താമസിക്കാറുണ്ടായിരുന്നത്രേ. അന്ന് ഹോട്ടൽ മുറിയുടെ വാടക കൊടുക്കുന്നതിന് പകരം ഹോട്ടലിന്റെ ചുമരിൽ അലങ്കരിക്കുവാനായ് കുറച്ച് പെയിന്റിംഗ് നൽകാം എന്ന ഹുസൈന്റെ അഭ്യർത്ഥന അർദ്ധ മനസ്സോടെയാണ് ഹോട്ടലുടമ സമ്മതിച്ചത്.
പിന്നീട് വളരെ പെട്ടെന്നായിരുന്നു ഹുസൈന്റെ ചിത്രങ്ങൾ ചർച്ച ചെയ്യപ്പെട്ടതും ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റ് പോകുന്നതും.
ഈ ഹോട്ടലിൽ എം.എഫ് ഹുസൈൻ വരച്ച വലിയ മൂന്ന് ചിത്രങ്ങൾ കേടുകൂടാതെ ഇപ്പോഴും പ്രദർശന വസ്തുവായി നിലനിർത്തിയിട്ടുണ്ട്.
ഹോട്ടലിൽ താമസിക്കുവാനായ് വരുന്ന പല കോടീശ്വരന്മാരും ഈ പെയിന്റിംഗിന് വലിയ ഓഫറുകൾ നൽകിയിട്ടുണ്ട്.
അന്ന് പെയിന്റിംഗ് വാങ്ങാതെ മുറിയുടെ വാടക മാത്രം വാങ്ങിയിരുന്നുവെങ്കിൽ ഇന്നത്തെ പെയിന്റിംഗിന്റെ വിലയുടെ നൂറിൽ ഒരംശം പോലും കാശ് ലഭിക്കില്ലായിരുന്നു.
പണ്ട് 20 പൈസയുടെ ഒരു നാണയം ഉണ്ടായിരുന്നു. പിന്നീട് നാണയം നിർമ്മിച്ച ചെന്പിന്റെ വില കൂടിയപ്പോൾ നാണയം ഉരുക്കി പലരും കാശുണ്ടാക്കി. ഇന്ന് അഞ്ച് രൂപയുടെ നാണയം മാർക്കറ്റിൽ ലഭ്യമല്ലാത്തത് സർക്കാർ നാണയം ഇറാക്കാത്തത് കൊണ്ടല്ല. പകരം അവ ഉരുക്കി ബിയറിംഗാക്കി മാറ്റുന്നതു കൊണ്ടാണ്.
ഖത്തർ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ പല വിലകൂടിയ വിദേശ മദ്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. 25 വർഷവും 50 വർഷവും പഴക്കമുള്ള ചില മദ്യങ്ങളുടെ വില 25 ലക്ഷത്തിലധികമാണ്. വരും തലമുറക്ക് ഒന്നും സന്പാദിച്ചിട്ടില്ലാത്തവർ മാഹിയിൽ പോയി രണ്ട് കുപ്പി വാങ്ങി ഏതെങ്കിലും സ്ഥലത്ത് കുഴിച്ചിട്ടാൽ വർഷങ്ങൾ കഴിഞ്ഞാൽ വരും തലമുറക്ക് അത് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളായിരിക്കും.
പാബ്ലോ പിക്കാസോയുടെ ബൂബീസ് എന്ന ഒരു പെയിന്റിംഗിന് 7000 കോടി രൂപയ്ക്കാണ് വിറ്റുപോയത്. അന്ന് അത് വാങ്ങിച്ച വ്യക്തിയുടെ പേര് മാധ്യമങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. രണ്ട് ദിവസം മുന്പാണ് ആ പെയിന്റിംഗ് വാങ്ങിയത് ഖത്തറിലെ മുൻപ്രധാനമന്ത്രിയാണെന്ന വാർത്ത പുറത്ത് വന്നത്.
ഗൾഫിലെ സത്യസന്ധരായ അറബികളുടെ പ്രധാന പ്രശ്നം അവരിൽ പലർക്കും പണം ബാങ്കിൽ നിക്ഷേപിക്കുന്നതും പലിശ നേടുന്നതും നിഷിദ്ധമാണ്. അതുകൊണ്ട് തന്നെ അവർ അവരുടെ നിക്ഷേപം വ്യത്യസ്ത രീതികളിൽ നടത്തുന്നു. വിലകൂടിയ പരുന്ത്, കുതിര, ഒട്ടകം, കാർ, പെയിന്റിംഗ്, പുരാതന വസ്തുക്കൾ എന്നിങ്ങനെ നമ്മളറിയാത്തതും മനസിലാക്കാത്തതും ആയ പല വസ്തുക്കളിൽ അവർ കോടികൾ നിക്ഷേപിക്കും. വർഷങ്ങൾ കഴിഞ്ഞാൽ അതിൽ നിന്ന് നേടുന്നതും അതിന്റെ എത്രയോ ഇരട്ടിയാണ്.
ലോകത്ത് ആരും ശ്രദ്ധിക്കാത്ത, ഭാവിയിൽ വളരെ വിരളമായി മാത്രം ലഭിക്കാവുന്ന ചില വസ്തുക്കൾ നിങ്ങളുടെ ്രശദ്ധയിൽ പെട്ടാൽ അവ പറ്റുമെങ്കിൽ വാങ്ങിച്ച് വെക്കുക. ചിലപ്പോൾ പിന്നീട് വരുന്ന രണ്ടോ മൂന്നോ തലമുറകൾ ഈ സന്പാദ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടേക്കാം.
ഞാൻ ഇത്തരമൊരു വസ്തുവിനെ തേടി തലപുകഞ്ഞാലോചിച്ചപ്പോഴാണ് രണ്ട് ദിവസം മുന്പ് ചില അപൂർവ്വ വസ്തുക്കളെ കണ്ടത്. ഇതിന് മുന്പുള്ള നൂറ്റാണ്ടിലും ഇനി വരാൻ പോകുന്ന കാലത്തിലും ഇത്തരമൊരു ജാതിയെ കാണുവാൻ പ്രയാസം തന്നെയായിരിക്കും. വി.ഐ ലെനിനെ ഇട്ട കണ്ണാടി കൂട് പോലെ ഒന്ന് ലഭിച്ചാൽ അവ വാങ്ങി വെക്കുക. ഭാവിയിൽ നിങ്ങൾക്ക് സ്റ്റഫ് ചെയ്യുവാൻ അവസരം കിട്ടിയാൽ അവസരം പാഴാക്കരുത്.
വെളുത്ത മുണ്ടും, വെളുത്ത ഷർട്ടും തോളിൽ ഒരു തോർത്തും നെറ്റിയിൽ പൊട്ടും തൊട്ട് പൂരൈച്ചി തലൈവിയെ നടുവൊടിച്ച് വണങ്ങി നിൽക്കുന്ന പുരുഷവർഗ്ഗത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ 25 പുരുഷപുംഗവൻമാർ ലോകത്തെ ഒരു രാജ്യത്തിലും സംസ്ഥാനത്തിലും കാണാത്ത വിചിത്ര വസ്തുക്കളാണ്.
അധികാരത്തിന് വേണ്ടി കാല് നക്കുന്ന ഇത്തരമൊരു വർഗ്ഗത്തെ മുന്പും ഇനി വരുന്ന തലമുറയിലും കാണില്ല എന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ഒരു ഭരണിയിൽ കുറച്ച് ഉപ്പും വെള്ളവും ഇട്ട് ലായനി തയ്യാറാക്കി വെക്കുക. ഭരണത്തിൽ നിന്ന് ഇവർ താഴെയിറങ്ങുന്പോൾ ഓരോന്നായി ഉപ്പിലിട്ടു വെക്കുക. അന്താരാഷ്ട്ര വിപണിയിലും ശാസ്ത്രജ്ഞരും ഗവേഷകരും ഭാവിയിൽ ഇവർക്ക് നല്ല വില തരും എന്നതിൽ സംശയമില്ല.