ദേവരാജൻ മാസ്റ്റർ - ഒരു സംഗീത വസന്തത്തിന്റെ ഉദയം
ഒരു കാലഘട്ടത്തിലെ മുഴുവൻ കേൾവിക്കാരെ വശ്യ സുന്ദരമായ സംഗീത സാഗരത്തിൽ ആറാടിച്ച സംഗീത സംവിധായകൻ ആയിരുന്നു ദേവരാജൻ മാസ്റ്റർ.1927 സെപ്റ്റംബർ 27നു കൊല്ലം ജില്ലയിലെ പറവൂരിൽ ജനിച്ച അദ്ദേഹം 2006 മാർച്ച് 14നാണ് വിടവാങ്ങിയത്. ജനപ്രിയ രാഗങ്ങളിൽ തനിമയോടെ നാടക ഗാനങ്ങളെയും സിനിമ ഗാനങ്ങളെയും ഉന്നത ഭാവ തലങ്ങളിൽ എത്തിച്ച മഹാരഥനാണ് ദേവരാജൻ. സംഗീതത്തിന്റെ മായിക സൗകുമാര്യം വർധിപ്പിക്കുന്ന ഘടകങ്ങൾ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ തെളിഞ്ഞു കാണാം.
കർണാടിക് സംഗീതത്തിൽ തനിക്കുള്ള ജ്ഞാനം ഗാനങ്ങളിൽ സന്നിവേശിപ്പിച്ചു കൊണ്ട് അദ്ദേഹം അവിസ്മരണീയമായ ഗാനങ്ങൾക്ക് ജന്മം നൽകി. കാവ്യ മധുരിമ ഏറിയ ഗാനങ്ങളിൽ സംഗീതം നിറയ്ക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ആ ഗാനങ്ങൾക്ക് അനശ്വരത നേടി കൊടുത്തു. വൈകാരിക സമ്പൂർണതയും രാഗ വൈശിഷ്ട്യവും തികഞ്ഞ കല്ലോലിനികളാണ് ദേവരാജന്റെ ഗാനങ്ങൾ. സംഗീതത്തെ ജീവിതാവസാനം വരെ ഉപാസിച്ച അദ്ദേഹം തന്റെ ഗാനങ്ങൾ ഭാവ ശില്പങ്ങളാക്കി മാറ്റി. നാടകമായാലും സിനിമയായാലും രാഗങ്ങൾ തെരഞ്ഞെടുത്തു പ്രയോഗിക്കുന്നതിൽ അസാമാന്വമായ പാടവം അദ്ദേഹം കാണിച്ചു. രാഗങ്ങളുടെ ഭാവശോഭ കാട്ടുന്നതിലും ആസ്വാദന തലം ഉയർത്തുന്നതിലും ദേവരാജൻ എന്ന സംഗീത പ്രതിഭ നിസ്തുലമായ പങ്കുവഹിച്ചു. 65 വർഷങ്ങൾ കഴിഞ്ഞിട്ടും പൊന്നരിവാൾ അമ്പിളിയിൽ കണ്ണേറിയുന്നൊളെ എന്ന ഗാനം ഇന്നും നമ്മെ മാടി വിളിക്കുന്നത് ഇതിന്റെ തെളിവാണ്.
അനാർഭാടമായ ജീവിത ശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്. സംഗീതത്തെ വളർത്തിയെടുക്കാനും സാധാരണ ജനങ്ങളുടെ ആസ്വാദന തലത്തിലെത്തിക്കാനും തന്റെ ജീവിതം തന്നെയാണ് അദ്ദേഹം സമർപ്പിച്ചത്. പുരാണ സിനിമയായ കുമാരസംഭവത്തിലെ സത്യ ശിവ സൗന്ദര്യങ്ങൾ തൻ എന്ന ഗാനം രൂപപ്പെടുത്തുമ്പോൾ തന്നെ കതിരൂ കാണാക്കിളി എന്ന നാടകത്തിലെ ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ എന്ന ഗാനത്തിന് സംഗീതം നൽകുമ്പോഴും, ഇതിവൃത്തവും ഗാനവും സൂക്ഷ്മമായി ഗ്രഹിച്ചു ഭാവസംഗീതം നൽകുക എന്ന രീതിയാണ് ദേവരാജൻ മാസ്റ്റർ സ്വീകരിച്ചത്. മലയാള തനിമയും ലാവണ്യവും ഒത്തിണങ്ങിയ ഗാനങ്ങളാണ് അദ്ദേഹം ആസ്വാകർക്കായി ഒരുക്കിയത്.
ആ മലർ പൊയ്കയിൽ ആടിക്കളിക്കുന്നോരോമന താമരപ്പൂവേ, അച്ഛനും. ബാപ്പയും എന്ന സിനിമയിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, പ്രകൃതി വർണനയ്ക്കു ഉദാഹരണമായി ഭാര്യ എന്ന സിനിമയിലെ പെരിയാറെ, പെരിയാറെ പർവത നിരയുടെ പനിനീരെ, നദി എന്ന സിനിമയിലെ പുഴകൾ മലകൾ.. പൂവനങ്ങൾ.. ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ..ഇങ്ങിനെ ദേവരാജ സംഗീതത്തിന്റെ അലകൾ തഴുകുന്ന ഗാനങ്ങൾ നിരവധിയാണ്.
പ്രണയ ഭാവങ്ങൾക്ക് പുതിയ ആസ്വാദന തലം നൽകിയ ഗാനങ്ങളും ദേവരാജൻ ഒരുക്കി. സ്വർണ താമരയിതളിലുറങ്ങും കണ്വ തപോവന കന്യകെ എന്ന ഗാനം ഇതിന്റെ ഉദാഹരണമാണ്. വടക്കൻ പാട്ടു കഥകൾ പറഞ്ഞ കുഞ്ചാക്കോ ചിത്രമായ പൊന്നാപുരം കോട്ടയിലെ ആദി പരാശക്തി അമൃത വർഷിണി അനുഗ്രഹിക്കൂ ദേവി എന്ന അതിമനോഹരമായ നൃത്തരംഗത്തിൽ അമൃത വർഷിണി, ബിലഹരി, കല്യാണി, കാപ്പി, ഖരഹരപ്രിയ, നട ഭൈരവി, ശുദ്ധ സാവേരി എന്നീ 7 രാഗങ്ങളാണ് ഉപയോഗിച്ചത്. യേശുദാസ്, പി. ബി. ശ്രീനിവാസൻ, പി. ലീല, പി. സുശീല, പി. മാധുരി എന്നിവരാണ് ഈ ഗാനമാലപിച്ചത്.
ഇതിൽ നിന്നെല്ലാം വിഭിന്നമാണ് ദേവരാജന്റെ വിപ്ലവ ചിന്തകൾ ഉണർത്തിയ ഗാനങ്ങൾ. സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, മൂലധനത്തിലെ ഓരോ തുള്ളിച്ചോരയിൽ നിന്നും തുടങ്ങിയ ഗാനങ്ങൾ ഉദാഹരണങ്ങളാണ്. മലയാറ്റൂർ രാമകൃഷ്ണന്റെ നോവലായ യക്ഷി മഞ്ഞിലാസ് സിനിമയാക്കിയപ്പോൾ അതിലെ ദേവരാജന്റെ എല്ലാ ഗാനങ്ങളും ഹിറ്റ് ആയി. സ്വർണ ചമരം വീശി എത്തുന്ന സ്വപ്നം ആയിരുന്നു എങ്കിൽ ഞാൻ സ്വർഗ്ഗ സീമകൾ ഉമ്മ വയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ എന്ന ഗാനം പാടിയത് പി. ലീലയും യേശുദാസും ചേർന്നാണ്. ചന്ദ്രോദയത്തിലെ ചന്ദന മഴയിലെ, വിളിച്ചൂ ഞാൻ വിളി കേട്ടു തുടിച്ചൂ മാറിടം തുടിച്ചൂ, പദ്മരാഗ പടവുകൾ കയറി വരൂ പഥിക... പഥിക.. ഏകാന്ത പഥിക എന്നീ ഗാനങ്ങളും യക്ഷിയിലേതാണ്.
മാ നിഷാദ എന്ന ചിത്രത്തിലെ കാലടി പുഴയുടെ തീരത്തു നിന്നു വരും കാവ്യ കൈരളി ഞാൻ എന്ന ഗാനവും, ഇതേ ചിത്രത്തിൽ അനു സേട്ടി സുബ്ബാറാവു എഴുതിയ തെലുങ്കു ഗാനവും ദേവരാജ സംഗീതത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഹിന്ദോള രാഗത്തിൽ ഒരുക്കിയ ആന്ധ്രമാതാ നീക്കു വന്ദനമോളമ്മഅനുരാഗമലയിൽ എന്ന തെലുങ്ക് ഗാനമാണ് ശ്രദ്ധിക്കപ്പെട്ടത്.
അശ്വമേധം സിനിമയിലെ ഹിറ്റ് ഗാനങ്ങളും ദേവരാജൻ മാസ്റ്ററാണ് ഒരുക്കിയത്. ഒരു നിർധന യുവതിയുടെ ആകാംക്ഷയും, ശുഭ പ്രതീക്ഷകളും മറ്റു വികാര നിർവൃതികളും തുടിക്കുന്ന ഗാനം മോഹനം രാഗത്തിൽ ഒരുക്കിയപ്പോഴാണ് ഏഴു സുന്ദര രാത്രികൾ..ഏകാന്ത സുന്ദര രാത്രികൾ..വികാര തരളിത ഗാത്രികൾ.. വിവാഹ പൂർവ രാത്രികൾ എന്ന ഗാനം മലയാളത്തിന് ലഭിച്ചത്. അശ്വമേധത്തിലെ നായികയായ സരോജം കുഷ്ഠ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു പാടുന്ന ഗാനമാണ് കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി..തലയ്ക്കു മുകളിൽ ശൂന്യകാശം താഴെ നിഴലുകൾ ഇഴയും നരകം എന്നത്. പി. സുശീല പാടിയ ഈ ഗാനവും സൂപ്പർ ഹിറ്റായി. ഇതേ സിനിമയിൽ ബി. വസന്ത പാടിയ തെക്കും കൂർ അടിയാതി തളിരു പുള്ളോതി സർപ്പം പാട്ടിനു പാടാൻ പോയി കുടവും കിണ്ണവും വീണയും കൊണ്ട് കൂടെ പുള്ളോനും പാടാൻ പോയി എന്ന ഗാനവും ഏറെ ശ്രദ്ധേയമായി.
ദേവരാജൻ മാസ്റ്ററുടെ ഭക്തി രസപ്രധാ മായ ഗാനങ്ങളും നമുക്ക് ചിരപരിചിതമാണ്. ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും ഗോപുര വാതിൽ തുറക്കും ഗോപകുമാരനെ കാണും ഉദാഹരണം. അതു പോലെ അടിമകൾ എന്ന ചിത്രത്തിലെ ചെത്തി മന്ദാരം തുളസിപിച്ചക മാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം എന്ന ഗാനവും ആസ്വാദകമനസിനെ ഇന്നും ആകർഷിക്കുന്നു.
ഇനി വടക്കൻ പാട്ടു സിനിമകളിലെ ചില ഗാനങ്ങൾ നോക്കുകയാണെങ്കിൽ ഓതേനന്റെ മകൻ എന്ന ചിത്രത്തിലെ ഉദയഗിരി കോട്ടയിലെ ചിത്രലേഖേ ഉർവശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടെ സഖി ഉഷയെവിടെ ഉഷസ്സെവിടെ, യാമിനി യാമിനി കാമദേവന്റെ പ്രിയ കാമിനീ, ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ, തൃത്താ പൂവിനു മുത്തം കൊടുക്കുന്ന തൃക്കാർത്തിക രാത്രി എന്നീ ഗാനങ്ങളും, പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ നർത്തകി രാഗത്തിൽ ഒരുക്കിയ നളച്ചരിതത്തിലെ നായകനോ നന്ദന വനത്തിലെ ഗായകനോ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായി. അങ്കത്തട്ട് എന്ന സിനിമയിലെ ഗാനമായ സ്വപ്നലേഖേ നിന്റെ സ്വയംവര പന്തലിൽ ഞാൻ പുഷ്പക പല്ലക്കിൽ പറന്നു വന്നു എന്ന ഗാനവും ഈ ശ്രേണിയിൽ പെടുത്താവുന്നതാണ്.
ഏവർക്കും പ്രിയപ്പെട്ട ഗാനമാണ് 1969 ലെ ജ്വാല എന്ന സിനിമയിലെ മധ്യമാവധി രാഗത്തിലുള്ള വധൂവരന്മാരെ പ്രിയ വധൂവരന്മാരെ വിവാഹ മംഗള ആശംസകളുടെ വിടർന്ന പൂക്കളിതാ.. ഇതാ.. എന്ന ഗാനം. അതു പോലെ തോക്കുകൾ കഥ പറയുന്നു എന്ന സിനിമയിലെ മനോഹര ഗാനങ്ങൾ സംഗീതപ്രേമികൾക്ക് മറക്കാൻ സാധിക്കില്ല. പാരിജതം തിരുമിഴി തുറന്നു പവിഴ മുന്തിരി പൂത്തു വിടർന്നു നീലോൽപലമിഴി നീലോൽപലമിഴി നീ മാത്രമെന്തിനുറങ്ങി എന്ന ജയചന്ദ്രൻ പാടിയ അതിമനോഹര ഗാനവും, പൂവും പ്രസാദവും ഇളനീർ കുടവുമായി കാവിൽ തൊഴുതു വരുന്നവളെ താമര വളയ കൈവിരലാൽ ഒരു കൂവളത്തില എന്നെ ചൂടിക്കൂ എന്ന ഗാനവും അവിസ്മരണീയങ്ങളാണ്.
കൂട്ടുകുടുംബം എന്ന സിനിമയിലെ ഒരു നല്ല ഗാനം തങ്ക ഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ എന്നതായിരുന്നു. മഹാകവി കുമാരനാശാന്റെ കരുണ 1966ൽ സിനിമയായപ്പോൾ ഒ. എൻ. വി. കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദേവരാജനായിരുന്നു. ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി. വാർത്തിങ്കൾ തോണിയേറി വാസന്ത രാവിൽ വന്ന ലാവണ്യ ദേവതയല്ലേ നീ വിശ്വ ലാവണ്യ ദേവതയല്ലേ എന്ന പി സുശീല പാടിയ ഗാനം കൂടാതെ സമയമായില്ല പോലും സമയമായില്ല പോലും ക്ഷമായെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി, എന്തിനീ ചിലങ്കകൾ എന്തിനീ കൈവളകൾ എൻപ്രിയൻ എന്നരികിൽ വരില്ലയെങ്കിൽ, മധുരപുരി ഒരു മധുപാത്രം അത് നിറയെ മദിര ഇതാ എന്നീ ഗാനങ്ങളാണ് മറ്റുള്ളവ. ഇതിൽ അനുപമ കൃപാനിധി അഖില ബാന്ധവൻ ശൿയെ ജിനദേവൻ ധർമ രശ്മി ചൊരിയും നാളിൽ എന്ന ഗാനം ദേവരാജൻ തന്നെ പാടിയതാണ്.
ഭാര്യ എന്ന സിനിമയിലെ ശോകഗാനമായ ഓമനകൈയിൽ ഒലിവില കൊമ്പുമായ് ഓശാന പെരുന്നാൾ വന്നൂ, മുൾകിരീടമിതെന്തിനു നൽകി സ്വർഗസ്ഥനായ പിതാവേ എന്ന ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. കല്യാണി, യമുന കല്യാണി, കാംബോജി, ആനന്ദ ഭൈരവി, മോഹനം, ബിലഹരി, രവിചന്ദ്രിക, മേഘ. മൽഹാർ, വരാളി, കാനഡ, ശങ്കരാഭരണം തുടങ്ങി നിരവധി രാഗങ്ങളിലാണ് ദേവരാജൻ ഗാനങ്ങൾ ഒരുക്കിയത്. ദേവരാജൻ എന്ന സംഗീത വസന്തം വസന്തകാലമായ 2006 മാർച്ച് മാസം 14 ന് രാത്രി പതിനൊന്ന് മണിയോടടുപ്പിച്ചായിരുന്നു ആസ്വാദകരെ വിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
✍️ പി പി സുരേഷ്