അതിർത്തിയിലെ സമാധാനം...

പ്രദീപ് പുറവങ്കര
നമ്മുടെ വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജിന്റെ ആർജവത്തെയും, കാര്യപ്രാപ്തിയെയും കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി എല്ലാവരും അംഗീകരിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഐക്യരാഷ്ട്രസഭയുടെ 72−ാം പൊതുസമ്മേളനത്തിൽ അവർ നടത്തിയ പ്രസംഗം അവരുടെ കാര്യങ്ങളിലുള്ള വ്യക്തമായ കാഴ്ച്ചപ്പാടാണ് എടുത്തുകാണിക്കുന്നത്. സുഷമാ സ്വരാജിനൊപ്പം ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിസംഘത്തിൽ ഒന്നാം സെക്രട്ടറിയായ ഈനം ഗംഭീറും അതിഗംഭീരമായാണ് കാര്യങ്ങൾ ഈ വേദിയിൽ അവതരിപ്പിച്ചത്. ഇന്ത്യ-പാക് അതിർത്തിയിൽ എന്നും സംഘർഷാവസ്ഥ സൃഷ്‌ടിച്ചുകൊണ്ട് അന്താരാഷ്‌ട്രവേദികളിൽ കാശ്മീർ പ്രശ്നം സജീവമാക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന്‍റെ കാപട്യം തുറന്നു കാട്ടുന്നതിൽ ഈ രണ്ട് വനിതകളും വിജയിച്ചുവെന്ന് തന്നെ ലോകനേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വാദഗതികളെ ഖണ്ധിക്കാൻ പാക് പ്രതിനിധി മലീഹ ലോധി രംഗത്തിറങ്ങിയെങ്കിലും അവരുടെ വാക്ധോരണിക്ക് കാര്യമായ ഫലമുണ്ടായതായി തോന്നുന്നില്ല. കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യ തീവ്രവാദം കയറ്റുമതി ചെയ്യുകയാണെന്നുമൊക്കെ അവർ ആരോപിച്ചു. കാശ്മീരിലെ മനുഷ്യാവകാശലംഘനം സ്ഥാപിക്കാൻ ഐക്യരാഷ്‌ട്രസഭയിൽ അവർ ഉയർത്തിക്കാട്ടിയ ചിത്രം ഗാസയിൽ ആക്രമണത്തിനിരയായവരുടേതാണെന്ന് വ്യക്തമായത് മുഖമടച്ചുള്ള അടി കൂടിയായി മാറിയിട്ടുണ്ട്. നേരത്തെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി നടത്തിയ പ്രസംഗത്തിൽ, ഇന്ത്യ ജമ്മു കാശ്മീരിൽ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ആരോപിച്ചിരുന്നു. കാശ്മീരിലേക്കു യു.എൻ പ്രത്യേക പ്രതിനിധിയെ വെയ്ക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ലോകസമൂഹത്തിനു മുന്നിൽ ഇങ്ങിനെ ഇന്ത്യയെ അധിനിവേശ രാജ്യമായി ചിത്രീകരിക്കാൻ ഇതിനുമുന്പും പലതവണ പാകിസ്ഥാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാമുള്ള കൃത്യവും ശക്തവുമായ മറുപടിയാണു സുഷമയും ഈനവും ഐക്യരാഷ്‌ട്രസഭയിൽ നൽകിയത്. ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്വം പാകിസ്ഥാനാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ നേരിട്ടു നൽകിയിട്ടും പാകിസ്ഥാൻ ഇപ്പോഴും അവ അംഗീകരിക്കുന്നില്ലെങ്കിലും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമായി അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുൾപ്പെടെ പല രാജ്യങ്ങൾക്കും ഭീകരർക്കു തണൽ തീർക്കുന്ന പാക് നിലപാട് ബോധ്യമായിട്ടുണ്ട്. അൽ ക്വയ്ദ തലവൻ ഉസാമ ബിൻ ലാദന് ഒളിത്താവളം ഒരുക്കിക്കൊടുത്ത പാകിസ്ഥാനിൽ കടന്നുചെന്ന് അമേരിക്കൻ കമാൻഡോകൾ ആ ഭീകരനേതാവിനെ വകവരുത്തിയത് പാക് അധികൃതർ അറിയാതെയാണ് എന്ന കാര്യവും ഇവിടെ ഓർക്കാം. അഫ്ഗാൻ പ്രശ്നത്തിൽ പാകിസ്ഥാൻ സ്വീകരിക്കുന്ന നയങ്ങളും അവരുടെ നിലപാടുകളിലെ കാപട്യം വ്യക്തമാക്കുന്നു.
ജനാധിപത്യം ദുർബലമായൊരു രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളും പാകിസ്ഥാനിലുണ്ട്. അവിടുത്തെ സർക്കാർ സൈന്യത്തിന്‍റെ പാവയാണെന്നത് ഭീകരവാദികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നു. അതു കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് വികസനം കൊണ്ടുവരുന്നതിനേക്കാൾ പാക് അധികൃതർക്കു താൽപ്പര്യം അയൽരാജ്യത്തു പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതിനാണ്. പ്രതിസന്ധികളിൽനിന്നു തലയൂരാൻ ഇവരുടെ മാർഗം യുദ്ധസാഹചര്യം സൃഷ്ടിക്കുക എന്നതാണ്. ആണവപരീക്ഷണങ്ങളും ആയുധ സംഭരണവും ലോകസമാധാനത്തിനു ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ലോക ജനത ഭീതിയുടെ നിഴലിലാണ് ഇപ്പോഴുള്ളത്. അതു കൊണ്ട് തന്നെ പാക് അധികൃതരുടെ പ്രകോപനങ്ങളെ നിയന്ത്രിക്കാൻ മുൻകൈയെടുക്കേണ്ടത് അന്താരാഷ്ട്ര സമൂഹം തന്നെയാണ് എന്ന ഓർമ്മപ്പെടുത്തലോടെ.