സിയോണിസം ഇന്ത്യയുടെ സുഹൃത്തോ ?


ഇ.എ സലിം

easalim@gmail.com 

 

ിശ്വാസങ്ങൾ രാജ്യത്തിന്റെ അതിർത്തികൾ തീരുമാനിക്കുവാനുള്ള ഉപാധികളായാൽ എന്താണു സംഭവിക്കുക?. ഇതിനുള്ള ഉത്തരമാണ് സിയോണിസ്റ്റു ഭരണകൂടത്തിന്റെ ചെയ്തികൾ. ലോക ജനാധിപത്യത്തിനു ഭീഷണിയായി പ്രവർത്തിക്കുന്ന ഐഎസ്ഐയും യൂറോപ്പിൽ തലപൊക്കാൻ ശ്രമിക്കുന്ന നവ ഫാസിസ്റ്റുകളും ഇന്ത്യയെ വിശ്വ ഹൈന്ദവമത രാജ്യമാക്കുവാൻ ശ്രമിക്കുന്ന സംഘടനകളും ഇസ്രയേൽ സർക്കാർ (സിയോണിസം) നിലപാടുകളെ സാധൂകരിക്കുന്നുണ്ട്.

ലോകത്തെ 138 രാജ്യങ്ങൾ (അപ്പാർത്തീഡ് ഭരണത്തിനു ശേഷം ആദ്യമായി മറ്റൊരു രാജ്യത്തെ) അപലപിക്കുവാൻ കാരണമാക്കുന്ന  സിയോണിസ്റ്റു പ്രത്യയശാസ്ത്രത്തെ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ മാതൃകയായി കണ്ടുവരുന്ന ഇന്ത്യയുടെ ഇന്നത്തെ ഭരണകർത്താക്കൾ പിന്തുണക്കുന്പോൾ നമ്മുടെ രാഷ്ട്രീയ ചരിത്രത്തെ കീഴ്മേൽ മറിക്കുകയാണവർ ചെയ്യുന്നത്.

മോശയും അനുയായികളും ഫെറോ രാജാവിന്റെ ആക്രമണത്താൽ നാടുവിടേണ്ടിവന്നവരും ദൈവത്തിന്റെ നിർദ്ദേശ പ്രകാരം കാനൻ ദേശത്തെത്തി വാസം ഉറപ്പിച്ചവരുമാണ്. അധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റിടങ്ങളിൽ എന്നപോലെ ഇവിടെ ഉണ്ടാകുകയും അതിന്റെ ഭാഗമായി അധികാരം നിരവധി ആളുകളിലൂടെ കൈമാറ്റം ചെയ്തതായി വിശ്വാസവും ചരിത്രവും ചേർത്തുവെച്ച വിവരണങ്ങളിൽ നിന്നു നമുക്കു വായിക്കുവാൻ കഴിയും.

റോമാ സാമ്രാജ്യം ഇസ്രയേൽ ദേശം കീഴടക്കി യഹൂദരെ പുറത്താക്കിയിരുന്നു. നമ്മുടെ നാട്ടിൽ എന്നപോലെ ഒരുരാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചു കീഴടക്കുന്പോൾ ആക്രമണത്തിന്റെ കുന്തമുന  ദേവാലയങ്ങളിലേക്കാണ് നീളുക. സോളമൻ രാജാവ് സ്ഥാപിച്ച ഒന്നാം ദേവാലയം ബാബിലോണിയാക്കാർ (BC 580കൾ) തകർത്ത ശേഷം സ്ഥാപിക്കപ്പെട്ട രണ്ടാം ദേവാലയം റോമൻ ഭരണാധിപൻ AD 70ൽ തകർത്ത് യഹൂദരെ ഇസ്രയേൽ ദേശത്തു നിന്നു പുറത്താക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ (AD 50 കളിൽ മട്ടാഞ്ചേരിയിൽ എന്നപോലെ) ചെന്ന് ജീവിക്കുവാൻ നിർബന്ധിതരായ യഹൂദർ പിൽക്കാലത്തുയർത്തിയ സിയോണിയം എന്ന ആശയത്തിന്റെ ഉറവിടം യഹൂദമത മൗലികതയായിരുന്നില്ല. Zion എന്ന ജറുസലേമിനടുത്തുള്ള നാടുമായി ബന്ധപ്പെട്ട പേരിൽ അറിയപ്പെട്ടു തുടങ്ങിയ യഹൂദ കൂട്ടായ്മ മതനിരപേക്ഷതയിൽ വിശ്വാസം അർപ്പിച്ചു വന്നു. യഹൂദ idently മുന്നിൽ വെച്ചു പ്രവർത്തിച്ച തിയോഡോർ ഹെർസി എന്ന പത്രപ്രവർത്തകനും കൂട്ടുകാരും zionist രാജ്യം ഉണ്ടാകണമെന്ന തരത്തിൽ വാദങ്ങൾ ഉയർത്തുവാൻ ഒരു പ്രധാന സംഭവം കാരണമായി. ആൽഫ്രഡ് ഡിയൂസസ് എന്ന (യഹൂദവംശത്തിൽ പിറന്ന) ഫ്രഞ്ച് പട്ടാളക്കാരനെ ജർമ്മനിക്കായി ചാരപ്രവർത്തനം നടത്തിയതിന് തൂക്കിലേറ്റിയത് അയാൾ യഹൂദനായ കാരണത്താലാണെന്ന് തിയോഡാർ ഹെർസിയും സുഹൃത്തുക്കളും കരുതി. ആ സംഭവം അവരെ യഹൂദന്മാർക്കായി ഒരു ദേശം എന്ന സ്വപ്നത്തിൽ എത്തിച്ചു. 1948 വരെ യഹൂദന്മാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി ജീവിക്കേണ്ടി വന്നു. ഇതിനിടയിൽ ഹിറ്റ്ലർ യഹൂദരോടു കാട്ടിയ ക്രൂരത അവരോടു ലോക രാജ്യങ്ങളുടെ ഇടയിൽ നിന്നും സഹതാപം നേടുവാൻ അവസരം ഉണ്ടാക്കി.

മോശയെ ദൈവത്തിന്റെ പ്രതിനിധിയായി അംഗീകരിച്ചു വരുന്ന സിയോണിസ്റ്റുകളായ യഹൂദർ, തങ്ങളുടെ പഴയ നിയമത്തിൽ വിഭാവന ചെയ്യുന്ന ഇസ്രയേലിനെ പറ്റിയുള്ള സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തി അതിർത്തികൾ നിർവ്വചിക്കുവാൻ ഇഷ്ടപ്പെടുന്നത് അപകടരമായ കീഴ് വഴക്കത്തിന് കാരണമുണ്ടാക്കുന്നു. (കാനൻ ദേശം). 

പടിഞ്ഞാറ് മെഡിറ്ററേനിയൻ തീരത്തു നിന്നും തുടങ്ങി ഉപ്പുകടലും ജോർദാൻ തീരവും ഈജിപ്ത് നദിയും ഉൾപ്പെടെ വടക്ക് ഹമദ് വരെയും വ്യാപിച്ചിരിക്കുന്ന പഴയ നിയമത്തിലെ വാഗ്ദത്ത ഭൂമിയാണ് ഞങ്ങളുടെ ലക്ഷ്യം എന്നു സിയോണിസ്റ്റു രാജ്യം പറയുന്നു. ഈജിപ്തിന്റെ ചില ഭാഗങ്ങൾ, സിറിയ, ജോർദാൻ, ലെബനാൻ, ഇറാഖ് തുടങ്ങിയവ ഇസ്രയേൽ ദേശത്തിന്റെ ഭാഗമാകണം എന്നർത്ഥം. ഈ വാദമുഖം ലോകത്ത് നിലനില്ക്കുന്ന ദേശീയ സങ്കല്പ്പങ്ങൾ അനാദരിക്കലാണ്. വിശ്വാസത്തിന്റെ പിൻബലത്തിൽ രാജ്യങ്ങളടെ അതിർത്തികൾ തീരുമാനിക്കുന്നതും ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ ഭാഗമായി നിലവിലുള്ള മറ്റ് ദേശങ്ങളുടെ മുകളിൽ അധികാരം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതും അപകടകരമാണ്. ഇത്തരം അപകടകരമായ മതാധിഷ്ഠിത വാദത്തിന്റെ ദുരന്തങ്ങൾ പേറുന്ന നാടായി ഇന്ത്യയും മാറി കൊണ്ടിരിക്കുന്നു. എന്നതാണ് സത്യം. ഇന്ത്യയിലെ ഹൈന്ദവ മൗലിക വാദികൾ ഉയർത്തുന്ന  അഖണ്ധ ഭാരത സങ്കല്പം മറ്റ് ദേശീയതകളെ നിഷേധിക്കുന്നു. അഖണ്ധ ഭാരത രാജ്യത്തിന്റെ അതിർത്തികൾ അഫ്ഗാനിസ്ഥാനിൽ നിന്നു തുടങ്ങി  മ്യാൻമാറും നേപ്പാളും പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും വരെയുണ്ട്. ആര്യസമാജത്തിന്റെ വക്താവായ ദയാനന്ദസരസ്വതിയുടെ അഭിപ്രായത്തിൽ കംബോഡിയ, വടക്കൻ വിയറ്റ്നാം, ഇൻഡോനേഷ്യയിലെ ജാവ തുടങ്ങിയവയും ഭാരതത്തിന്റെ ഭാഗമാകേണ്ടതുണ്ട്. മറ്റുരാജ്യങ്ങളുടെ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം വാദങ്ങൾ എത്രമാത്രം യുക്തിരഹിതമാണ്.?

ഇസ്രയേൽ, ജറുസലേമിനു മുകളിൽ ശക്തമായ പിടിമുറുക്കം തുടരുന്നതിനുള്ള വാദം പൊതുസമൂഹത്തിന് വിചിത്രമായി തോന്നാം. ടെന്പിൾ ഹില്ലിൽ മൂന്നാം ക്ഷേത്രം സ്ഥാപിക്കേണ്ടത് രക്ഷകന്റെ വരവിന് അനിവാര്യമാണെന്നും രക്ഷകന് ലോകം ഭരിക്കുവാനുള്ള ഇടം ഒരുക്കിക്കൊടുക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് തങ്ങൾ നടത്തുന്ന യുദ്ധമെന്നും സിയോണിസ്റ്റുകൾ ആവർത്തിക്കുന്നു.

സിയോണിസ്റ്റു ഭരണകൂടം സ്ഥാപിക്കുക എന്ന ആവശ്യത്തെ അമേരിക്ക തുടക്കം മുതൽ പിന്തുണയ്ക്കുവാൻ തയ്യാറായി. എന്നാൽ ബ്രിട്ടൻ അത്തരം നിലപാടുകളെ പിന്തുണച്ചില്ല. ഹെർസി സ്വപ്നം കണ്ട (1880കൾ) സിയോണിസ്റ്റു ഭരണകൂടം എന്നാശയം സ്ഥാപിച്ചു കിട്ടുവാനായി റൂസ് വെൽട്ടും കൂട്ടരും നടത്തിയ ശ്രമങ്ങൾ ബ്രിട്ടന്റെ മനസ്സുമാറ്റിച്ചു. ബ്രിട്ടൻ തങ്ങളുടെ ഉദ്യോഗസ്ഥൻ ബാൽഫ്രഡ്നെ കമ്മിഷണറായി വെച്ചു. പ്രസ്തുത സമിതിയുമായി യഹൂദസമുദായത്തിലെ അതിപ്രമുഖനായ ബാങ്കർ റോത്ത് ചൈൽഡ് നാഥൻ ചർച്ചിൽ പങ്കെടുത്ത് യഹൂദർക്കായുള്ള രാജ്യത്തെ പറ്റി ശക്തമായി വാദിച്ചു. ഇവിടെ ബ്രിട്ടൻ ഓട്ടോ മാൻ സാമ്രാജത്വത്തിനെതിരെ അറബി രാജ്യക്കാരെ അണിനിരത്തുവാനായി ശ്രമിച്ചിരുന്നതിനാൽ  യഹൂദരാജ്യം എന്ന വിഷയത്തിൽ ഇരട്ട സ്വരത്തിൽ അവർ സംസാരിച്ചു വന്നു.

യഹൂദർക്കായി നയാഗ്ര നദിയുടെ കരയ്ക്ക് അറാറത്ത് എന്ന സ്ഥലം മാറ്റിവെയ്ക്കണമെന്ന് അമേരിക്കയിൽ ജനിച്ച യഹൂദ നേതാവ് മർഡെഷ്യ മാന്യവൽ നോഹ നിർദേശിച്ചു. നോഹയുടെ പേടകം വന്നിടിച്ചു നിന്ന സ്ഥലം എന്ന വിശ്വാസത്തിന്റെ പിൻബലത്തിലാണ് അറാറത്തിനായി സിയോണിസ്റ്റു നേതാവ് വാദിച്ചത് (1860). ബ്രിട്ടീഷ് ഭരണത്തിലുള്ള ഉഗാണ്ടയിൽ സിയോണിസ്റ്റുകൾക്ക് നൽകുവാനായി ബ്രിട്ടീഷ് കോളനി സെക്രട്ടറി ചർച്ചകൾ തുടങ്ങി.(1903) റഷ്യയിൽ യഹൂദർക്കായി ഒരു സ്വയംഭരണം ദേശം സ്ഥാപിക്കുവാൻ ജോസഫ് സ്റ്റാലിനും കൂട്ടരും അമൂർ നദിക്കരയിൽ സ്ഥലം കണ്ടെത്തി. പഴയ ബൈബിൾ നിയമത്തിലെ കാനൻ ദേശത്തെ ചുറ്റിപ്പറ്റി ഇസ്രയേൽ എന്ന സെക്യുലർ രാജ്യം ഉണ്ടാക്കുവാൻ 1948ലെ യുഎൻ പ്രമേയം നന്പർ 181 അവസരം ഒരുക്കി.

യുഎൻ പ്രമേയം പലസ്തീൻ ജനതയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു എന്ന് ഇന്ത്യ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. പലസ്തീൻ പ്രദേശത്തിന്റെ 7 ശതമാനം ഭൂഭാഗത്തിന് മാത്രം അവകാശമുണ്ടായിരുന്ന ജ്യൂത പൗരന്മാർക്ക് പ്രദേശത്തിന്റെ 55 ശതമാനം നൽകിയതിൽ വ്യാപകമായ പ്രതിഷേധമുണ്ടാക്കി. 1948 ഒക്ടോബർ ഒന്നാം തീയതി രണ്ടു രാജ്യങ്ങൾ ജനിക്കുന്നതിനു പകരം ഇസ്രയേൽ മാത്രം ഉണ്ടാകുകയും പിറന്നുവീണ രാജ്യം മറ്റു പ്രദേശങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. ആ യുദ്ധത്തിലൂടെ ഇസ്രയേൽ 78 ശതമാനം പ്രദേശത്തിന്റെയും അധികാരം പിടിച്ചെടുത്തു. ഗലീലി, ജസറിൽ താഴ്‌വാരം, പടിഞ്ഞാറൻ ജറുസലേം തീരപ്രദേശങ്ങൾ തുടങ്ങിയവയാണവ. അതുവഴി 10 ലക്ഷം പലസ്തീനികൾ ആ കാലത്ത് അഭയാർത്ഥികളാകേണ്ടി വന്നു. പകരം പ്രദേശത്തേയ്ക്ക് 7 ലക്ഷത്തോളം ജൂതൻമാരെ കുടിയിരുത്തുവാൻ ജൂതസർക്കാർ ശ്രമിച്ചു. (പലസ്തീനികളും ഇസ്രയേലികളുമായി ഇതിന് മുന്പ് ക്രിസ്തബ്ദം 793 മുതൽ 796 കാലഘട്ടങ്ങളിൽ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്.) 1967 ൽ നടന്ന 6 ദിവസത്തെ യുദ്ധം വീണ്ടും രക്തചൊരിച്ചിൽ ഉണ്ടാക്കി. പ്രസ്തുതയുദ്ധത്തിലൂടെ സീനായി മുനന്പും ഗോലാൻ കുന്നുകളും വെസ്റ്റ് ബാങ്കും കൂടി ഇസ്രയേലിന്റെ നിയന്ത്രണത്തിലായി.

1987ൽ രൂപീകൃതമായ ഹമാസിന്റെ പ്രവർത്തനങ്ങളും യാസർ അറാഫത്തിന്റെ ‘ഇംത്തിഫാദ’ പ്രഖ്യാപനവും ഒത്തുതീർപ്പു ചർച്ചകളുമായി സഹകരിക്കുവാൻ ഇസ്രയേലിനെ നിർബ്ബന്ധിതരാക്കി. അതിന്റെ തുടർച്ചയായി 1993ൽ ഉണ്ടാക്കിയ ഒസലോകരാർ പ്രകാരം യാസർ അറാഫത്ത് നേതൃത്വം കൊടുത്തുകൊണ്ടുള്ള പലസ്തീൻ അതോറിറ്റി രൂപീകരിച്ചു. 1994ൽ ഗാസയിൽ നിന്നും 1996ൽ വെസ്റ്റ് ബാങ്കിൽ നിന്നും ഇസ്രയേൽ പിൻവാങ്ങുവാൻ തയ്യാറായി. ഇസ്രയേൽ കാരാർപ്രകാരം പലസ്തീന് കൈമാറേണ്ട പണം നൽകുവാൻ മടിച്ചത് കരാർ ലംഘനങ്ങളുടെ തുടക്കമായിരുന്നു. അതുവഴി പലസ്തീൻ അതോറിറ്റിയെ പ്രതിസന്ധിയിൽ എത്തിച്ചു. 1993ലെ കരാറിന്റെ ശ്രദ്ധേയമായ തീരുമാനം ജറുസലേം, ഇസ്രയേലിന്റെയും പലസ്തിനിന്റേയും സമ്മിശ്ര തലസ്ഥാനമായി പ്രവർത്തിക്കും എന്നായിരുന്നു. എന്നാൽ 2002ൽ വെസ്റ്റ് ബാങ്ക് തിരിച്ച് പിടിച്ച ഇസ്രയേൽ കൂടുതൽ പലസ്തീൻ പ്രദേശങ്ങളിലേക്ക് ആക്രമണങ്ങൾ വ്യാപിപ്പിച്ചു. 2008−2009 കാലത്ത് രൂക്ഷമായ ആകാശ യുദ്ധങ്ങൾ നടത്തി ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ജനങ്ങളെ ഭുരിതത്തിലാക്കി.

പരസ്പരം ചേരിതിരിഞ്ഞു നിന്നിരുന്ന ഹമാസ്− ഹത്വ സമര ഗ്രൂപ്പുകൾ നിരന്തരമായ ഇസ്രയേലിന്റെ ആക്രമണങ്ങളെ ഒറ്റകെട്ടായി ചെറുക്കുവാൻ തീരുമാനിച്ചു. വെസ്റ്റ് ബാങ്ക് ഭരിച്ചിരുന്ന ഹത്വവയും ഗാസയുടെ ഭരണം നടത്തിവന്ന ഹാമാസും ഒരു സർക്കാരായി പ്രവർത്തിക്കാൻ തീരുമാനിച്ചു. പലസ്തീൻ ജനങ്ങളുടെ ഐക്യം ഇസ്രയേൽ ഭരണാധിപന്മാരെ കൂടുതൽ അസ്വസ്ഥരാക്കുകയും പലസ്തീനെതിരെ ആക്രമങ്ങൾക്ക് ശക്തികൂട്ടുകയും ചെയ്തു.‍‍ 1948 മുതൽ പലിസ്തീനിക്കു മുകളിൽ നിരന്തരമായി നടത്തുന്ന ആക്ര−മണങ്ങൾ 50 ലക്ഷം പലസ്തീനികളെ അഭയാർത്ഥികളാക്കി മാറ്റി. പലസ്തീൻ ജനങ്ങളുടെ തൊഴിലില്ലായ്മ 55 ശതമാനത്തിലധികമായി ഉയരുവാനും അവരുടെ വാർഷികവരുമാനം ശരാശരി ഇസ്രയേലുകാരന്റെ 25ൽ ഒന്നു മാത്രമാകാനും കാരണമാക്കി.

യുഎൻ അവതരിപ്പിച്ച 275ലേറെ സിയോണിസ്റ്റു വിരുദ്ധ പ്രമേയങ്ങൾ പാസാകാതിരിക്കുവാൻ ഇസ്രയേലിനു വേണ്ടി അട്ടിമറി കരുക്കൾ നീക്കുവാൻ അമേരിക്ക തയ്യാറായത് തങ്ങളുടെ യുദ്ധ കച്ചവടത്തിന്റെ പങ്കാളിയാക്കി ഇസ്രയേലിനെ നിർത്തുക എന്ന ലക്ഷ്യം വെച്ചാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകത്തിലാകെ നടത്തിവരുന്ന അട്ടിമറി പ്രവർത്തനങ്ങളിൽ കൈതാങ്ങായി പ്രവർത്തിച്ചു വരുന്നത് ഇസ്രയേൽ എന്ന സിയോണിസ്റ്റ് രാജ്യത്തിന്റെ രഹസ്യ വിഭാഗമായ മൊസാദാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും കൊലപാതക പരന്പരകൾ, കലാപങ്ങൾ തുടങ്ങി നിരവധി അനാശാസ്യ പ്രവർത്തനങ്ങൾ അവർ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി. ഏറ്റവും വലിയ ആയുധ വ്യാപാര രാജ്യങ്ങളിലൊന്നായ ഇസ്രയേൽ, കച്ചവടങ്ങൾ കൊഴുപ്പിക്കുന്നതിനായി അധികാരികളെ ബ്ലാക് മെയിൽ ചെയ്ത സംഭവങ്ങൾ ഒറ്റപ്പെട്ട വാർത്തകളല്ല. 2008−2009 കാലഘട്ടത്തിലെ അവരുടെ പലസ്തീൻ വിരുദ്ധ ആക്രമണങ്ങൾ ഇസ്രയേലിന്റെ ആയുധ കച്ചവടം കൂടുതൽ കൊഴുപ്പിച്ചു. അമേരിക്ക ഇന്നു വ്യാപകമായി ജനങ്ങളെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ചു വരുന്ന ഡ്രോൺ വിമാനങ്ങളുടെ സാങ്കേതികത ഇസ്രയേലിന്റേതാണ്.

ഇസ്രയേൽ നടത്തുന്ന പലസ്തീൻ വിരുദ്ധ കലാപത്തിൽ‍ അവരെ പിന്തുണക്കുവാൻ ബഹുരാഷ്ട്ര കുത്തകകളായ ഐ.ബി.എം, മൈക്രോസോഫ്റ്റ് ഇന്റൽ, മോട്ടറോള തുടങ്ങിയ കന്പനികൾ എന്നും തയ്യാറായി വരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലൂടെ ജൂതന്മാരായ കച്ചവടക്കാർ സ്വന്തമാക്കിയത് 2000 കോടി ഡോളറാണ്. അമേരിക്കൻ ജനസംഖ്യയിൽ‍ 1.7 ശതമാനം മാത്രം വരുന്ന അവർ അമേരിക്കൻ ഭരണ കേന്ദ്രങ്ങളിൽ നിർണ്ണായക പങ്കു വഹിക്കുന്നു. സിയോണിസ്റ്റുകളുമായി അകലം പാലിക്കുന്നു എന്ന് അവകാശപ്പെട്ട മുൻ അമേരിക്കൻ രാഷ്ട്രപതി ഒബാമയുടെ ബഡ്ജറ്റ് ഡയറക്ടർ പീറ്റർ ഒർസാഗ്, വൈറ്റ് ഹൗസിന്റെ പ്രധാനി ഡേവിഡ് അക്സലറോഡ് തുടങ്ങിയവർ സിയോണിസ്റ്റ് പ്രത്യയശാസ്ത്ര പ്രചാരകരാണ്. മാധ്യമലോകത്തെ അതികായനായ മർഡോക്ക്, പാരമൗണ്ട് പിക്ചേഴ്സിന്റെ ചെയർമാൻ ബ്രാഡ്ഗ്രേ, വാൾട്ട് ഡിസ്നി നേതാവ് റോബർട്ട് ഇഗോർ, സോണി പിക്ചേഴ്സ് പ്രധാനി മൈക്കിൾ ലിൻടൺ തുടങ്ങിയവരും വർണർ ബ്രദേഴ്സിന്റെയും യൂണിവേഴ്സൽ സ്റ്റുഡിയോയുടെയും അധിപന്മാർ സിയോണിസ്റ്റുകളാണ്. ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ പ്രമുഖർ സിയോണിസ്റ്റുകൾ തന്നെ. 

ഇന്ത്യയുടെ എക്കാലത്തെയും ഉത്തമസുഹൃത്താണ് പലിസ്തീൻ ജനത എന്നത് ഗാന്ധിജിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. 1937ലെ കൊൽക്കത്താ കോൺഗ്രസ് സമ്മേളനം  പലസ്തീൻ ജനങ്ങളെ ഒറ്റകെട്ടായി പിന്തുണച്ചു. ആൽബർട്ട് ഐൻസ്റ്റീൻ യഹൂദരാജ്യത്തിനായി 1947ൽ നെഹ്റുവിനോടായി നടത്തിയ അഭ്യർത്ഥനയെ നെഹ്റു സങ്കുചിത ദേശീയതയെ അംഗീകരിക്കുവാൻ കഴിയുകയില്ല എന്നു വ്യക്തമാക്കിയിരുന്നു. പലസ്തീനെതിരായി ഇന്ത്യൻ രാഷ്ട്രീയത്തെ തിരിച്ചു വിടുവാൻ അമേരിക്കയും സിയോണിസ്റ്റുകളും നടത്തി വന്ന ആസൂത്രണങ്ങളിൽ കൂട്ടു പങ്കാളിയാകുവാൻ തുടക്കം മുതൽ വ്യഗ്രത കാട്ടിയിരുന്നവരാണ് ഇന്ത്യയിലെ ഹൈന്ദവ രാഷ്ട്രീയ പ്രത്യയശാസ്ത്രക്കാർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പോലും ബ്രിട്ടീഷ് പക്ഷപാതിത്വം കാട്ടുവാൻ മടി കാട്ടിയിട്ടില്ലാത്ത സവർക്കർ മുതൽ വാജ്പേയി വരെയുള്ളവർ ഇസ്രയേലിന്റെ രൂപീകരണം മുതൽ അവരെ പിന്തുണച്ചവരാണ്. ഇസ്രയേൽ ജനത ആർഷഭാരത സംസ്കാരത്തിന്റെ സമാനതകൾ പങ്കു വെയ്ക്കുന്നവരാണെന്ന് പലകുറി ഓർമ്മിപ്പിക്കുവാൻ ആർഎസ്എസ് തയ്യാറായിട്ടുണ്ട്. അമേരിക്കൻ−ജൂത കമ്മിറ്റിയുടെ പ്രസ്താവനയിലെ ഞങ്ങൾ 12 കോടി മുസ്ലീം ഭീകരതയ്ക്ക് നടുവിലാണെന്ന വാദത്തെ പിന്തുണച്ചു കൊണ്ട് 12 കോടി ദേശീയ വിരുദ്ധരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്നവരാണ് ഭാരതീയർ എന്ന് ബി.ജെ.പിയും ബജ്രംഗ്ദളും പറയുന്നു. ലോകത്തിന്റെ മുഖ്യശത്രുവായി മുസ്ലീം സമൂഹത്തെ കാണണമെന്ന സാമ്രാജ്യത്വ വാദത്തെ പൂർണ്ണമായും പിന്തുണക്കുന്നവരാണ് ഇന്ത്യയിലെ ഹൈന്ദവ വർഗ്ഗീയ വാദികൾ. അമേരിക്കൻ ജൂത കൗൺസിലുമായി നിരന്തരമായി ആശയ വിനിമയം നടത്തുന്ന ഇന്ത്യയിലെ ഹൈന്ദവ സംഘടനകൾ ഇതിന്റെ തുടർച്ചക്കാർ മാത്രം.

ആർഎസ്എസിന്റെ മൂന്നാം ചീഫ് ആയിരുന്ന ഡെത്തത്രയ ഡിയോറയുടെ മുന്നാമത്തെ സഹോദരൻ ദശകങ്ങളായി ഇന്ത്യൻ സർക്കാരിൽ നിന്നു സിയോണിസ്റ്റുകൾക്ക് പിന്തുണ ലഭിക്കുവാൻ ആവശ്യമായ ചരടുവലികൾ 1950കളിൽ തന്നെ തുടങ്ങിയിരുന്നു. നരസിംഹറാവിനെയും മറ്റും സിയോണിസവുമായി അടിപ്പിക്കുന്നതിൽ പ്രധാന ചരടുവലിച്ച ആർഎസ്എസ് പ്രമുഖൻ വ്യക്തമാക്കുന്ന കാര്യം, സിയോണിസം ഉയർത്തുന്ന മത രാഷ്ട്ര മൗലികവാദം ആർഎസ്എസ് ഉയർത്തുന്ന ഹൈന്ദവ മതമൗലികതയുമായി ഒത്തു പോകുന്നുണ്ട് എന്നാണ്.

ഇന്ത്യൻ സേനയ്ക്കായി പരമാവധി ആയുധ കച്ചവടം ഉറപ്പിക്കുവാൻ ഇഷ്ടപ്പെടുന്ന സിയോണിസം ഭരണക്കാർ ഇഷ്ടപ്പെടുന്നത് അയൽപ്പക്ക രാജ്യങ്ങളെ ശത്രുക്കളായി കാണുന്ന രാഷ്ട്രീയത്തെയാണ്. ഇന്ത്യൻ ജനാധിപത്യം ഉയർത്തിവിട്ട പലസ്തീൻ വിമോചന സമരം രണ്ടു മതങ്ങൾ തമ്മിലുള്ള സംഘർഷമല്ല. ലോകത്ത് യുദ്ധത്തെയും വംശീയ വർഗ്ഗീയ കലാപങ്ങളെയും തള്ളിപ്പറയുവാൻ കഴിയുന്ന ജനങ്ങൾ സിയോണിസത്തിനെതിരായ സമരത്തിൽ പങ്കാളിയാകേണ്ടതുണ്ട്. അതിനെ അട്ടിമറിക്കുവാൻ മോഡിയും കൂട്ടരും നടത്തുന്ന ശ്രമങ്ങളെ തള്ളിപ്പറയുവാൻ ഇന്ത്യൻ ജനത ബാധ്യസ്ഥരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed