ടിയാൻ: ചില വർത്തമാന യാഥാർഥ്യങ്ങൾ

ധനേഷ് പത്മ
ആനുകാലിക സംഭവങ്ങൾ, നിലവിലെ രാഷ്ട്രീയ പശ്ചാത്തലം. ടിയാനിലൂടെ തിരക്കഥാകൃത്ത് മുരളീ ഗോപി പറയാൻ ശ്രമിച്ചത് ഇതെല്ലാമാണ്. പലയിടത്തും ജാതീയതയിലെ േമന്മ ഉയർത്തിപ്പിടിച്ചതും ബ്രാഹ്്മണിസത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ സംഭവങ്ങൾ ചിത്രത്തെ രസംകൊല്ലിയാക്കുന്നുണ്ട്. പക്ഷെ മെയ്ക്കിംഗിലെ ജിയൻ കൃഷ്ണകുമാറിന്റെ മേന്മയും പൃഥ്വിരാജിന്റെ കഥാപാത്രവും സിനിമയെ രക്ഷിച്ചെടുത്തിരിക്കുകയാണ്. ഹനീഫ് മുഹമ്മദാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
ആൾദൈവങ്ങൾ എങ്ങനെ സമൂഹത്തിൽ രൂപപ്പെടുന്നു? ജനങ്ങൾ എങ്ങനെ അവരുടെ ആരാധകരാകുന്നു? അതിലേയ്ക്ക് ജനങ്ങളെ എത്തിക്കാൻ പ്രവർത്തിക്കുന്ന റാക്കറ്റുകൾ, ഇതെല്ലാമാണ് ചിത്രത്തിലെ പ്രധാന വിഷയങ്ങൾ. മലയാള സിനിമ ഒരുപക്ഷെ സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെയാണ് ടിയാന്റെ നടത്തം. കേരളത്തിന് പുറത്ത് നടക്കുന്ന കഥയിൽ വടക്കേ ഇന്ത്യയാണ് പശ്ചാത്തലം.
ചിത്രത്തിലൂടെ മതേതരത്വത്തെ വാണിജ്യവൽക്കരിക്കാൻ സിനിമ ശ്രമിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകൻ സംശയിച്ചാൽ പഴിപറയാൻ ഒരു പക്ഷെ സാധിച്ചേക്കില്ല. തന്റെ തൂലിക ചലിപ്പിച്ചിരിക്കുന്ന രീതിയിൽ തിരക്കഥാകൃത്ത് പലപ്പോഴും മേൽജാതീയത ഉയർത്തിപിടിച്ചതായി കാണുന്പോൾ തന്നെ ഹിന്ദു മുസ്ലീം ഐക്യത്തെ കാണിക്കുന്നതും വിശ്വാസങ്ങൾ എല്ലാം ഒന്നാണെന്ന് പറയുന്നതിലും ഒരു ചേർച്ചയില്ലായ്മ ചിത്രത്തിലുണ്ട്. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇന്ദ്രജിത്ത് പട്ടാഭിരാമഗിരി എന്ന ബ്രാഹ്മണ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അസ്ലൻ മുഹമ്മദ് എന്ന ഇസ്ലാം വിശ്വാസിയായ കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.
ആൾദൈവങ്ങളുടെ ആശ്രമം പണിയുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വിഷയുമായി സഞ്ചരിക്കുന്ന ചിത്രം അസ്ലൻ മുഹമ്മദിന്റെ ഭൂതകാലവും വർത്തമാന കാലവും പറയുന്നുണ്ട്. ഭൂതകാലത്ത് അസ്ലം മുഹമ്മദ് എന്തായിരുന്നോ അതിൽ നിന്നെല്ലാം വിഭിന്നമായി സഞ്ചരിക്കുന്ന കഥാപാത്രമായാണ് അസ്ലൻ പിന്നീട് കാണപ്പെടുന്നുത്. ജീവിതത്തിൽ മാറ്റം ആഗ്രഹിച്ച് ഇറങ്ങി നടക്കുന്ന അസ്ലൻ അഘോരികളുടെ അടുത്തെത്തുന്നതും ശേഷമുണ്ടാകുന്ന മാറ്റവും പിന്നീട് പട്ടാഭിരാമന്റെ ജീവിതത്തിലേയ്ക്ക് അസ്ലൻ എത്തിപ്പെടുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആൾദൈവമായി വേഷമിട്ട മുരളി ഗോപി നിരാശപ്പെടുത്തുന്നുണ്ട് പലപ്പോഴും. തന്നെ ആക്രമിക്കാൻ വരുന്ന ആൾദൈവങ്ങളുടെ ശിങ്കിടികളോട് താൻ ആദിശങ്കരന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഗിരിപരന്പരയിലെ അവസാന കണ്ണിയാണെന്ന് പറഞ്ഞ് ഇന്ദ്രജിത്തിന്റെ പട്ടാഭിരാമഗിരിയെന്ന കഥാപാത്രം പൂണുൽ ഉയർത്തി തടയുന്പോൾ ആക്രമിക്കാനെത്തിയവർ നിസ്സഹായരായി നിൽക്കുന്നിടത്ത് കഥാകൃത്ത് കാണിച്ചിരിക്കുന്ന മേൽക്കോയ്മ നിരാശാജനകമാണ്. താഴ്ന്ന ജാതിയിലുള്ള ബാലൻ സ്നേഹത്തിന്റെ പേരിലായാൽ പോലും ബ്രാഹ്്മണനെ വണങ്ങുന്ന കാഴ്ചയും ചിത്രത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നും മാറിസഞ്ചരിക്കുന്നതാണ്.
കഥാപാത്രങ്ങളെല്ലാം തന്നെ മികച്ചതാകുന്പോഴും കഥയിലെഉദ്ദേശശുദ്ധിയുടെ വൈരുദ്ധ്യത ചിത്രത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. എങ്കിലും ഒരു തവണ കാണാൻ കഴിയുന്ന സിനിമയാണ് ടിയാൻ. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച സതീഷ് കുറുപ്പ് അതിന് ഏറെ അഭിനന്ദനമർഹിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളായി എത്തിയ സുരാജ് വെഞ്ഞാറമൂട്, അനന്യ, പത്മപ്രിയ, ഷൈൻ ടോം ചാക്കോ, പാരീസ് ലക്ഷ്മി എന്നിവരെല്ലാം കഥാപാത്രങ്ങൾക്ക് പൂർണ്ണത നൽകി. ഗോപിസുന്ദറിന്റെ പശ്ചാത്തലം സംഗീതം ചിത്രത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു.