ഔചിത്യബോധം നഷ്ടമാകുന്പോൾ...

പ്രദീപ് പുറവങ്കര
ഒരു കഥ ഓർക്കുന്നു. അത് ഇങ്ങിനെയാണ്. ഒരു വിദ്യാലയത്തിൽ തന്റെ ക്ലാസിലെ കുട്ടികളോട് നിങ്ങളിൽ പകുതിയാളുകളും തീരെ വിവരമില്ലാത്തവരാണെന്ന് ഒരദ്ധ്യാപകൻ പറഞ്ഞപ്പോൾ കുട്ടികൾ വല്ലാതെ പ്രതിക്ഷേധിച്ചു. ഉടനെ തന്നെ അദ്ധ്യാപകൻ തന്റെ വാക്കുകൾ മാറ്റി, താൻ അങ്ങിനെയല്ല ഉദ്ദേശിച്ചതെന്നും, ക്ലാസിലെ പകുതി പേരും വലിയ വിവരമുള്ളവരാണെന്നാണ് പറഞ്ഞതെന്നും തിരുത്തി. സന്തോഷത്തോടെ കുട്ടികൾ അവരുടെ പ്രതിക്ഷേധം അവസാനിച്ചു. സത്യത്തിൽ അദ്ധ്യാപകൻ പറഞ്ഞത് രണ്ടും ഒരേ കാര്യമാണെന്ന് ചിന്തിക്കാൻ കുട്ടികൾക്ക് ആയില്ല എന്ന് സാരം. കേരളത്തിന്റെ മുൻ ഡിജിപിയായ ടി.പി സെൻകുമാർ നൽകിയ അഭിമുഖത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ ഒരു കഥയ്ക്ക് പ്രാധാന്യമുണ്ടെന്ന് തോന്നുന്നു.
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ആർക്കും ആരെയും വിമർശിക്കാം. അതിനുള്ള അവകാശം നമ്മുടെ ഭരണഘടന തന്നെ നൽകുന്നുണ്ട്. പക്ഷെ ശ്രീ സെൻകുമാറിനെ പോലെ ഉന്നതസ്ഥാനത്തിരുന്ന് വിരമിച്ച ഉടനെ കുറേ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്പോൾ അദ്ദേഹം അതുവരെ ചെയ്ത കർമ്മങ്ങളുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നുന്നത് സ്വാഭാവികമാണ്. പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്പോഴാണ് അത് ഔചിത്യപൂർണ്ണമായി മാറുന്നതെന്ന് അറിയാത്തയാളല്ല അദ്ദേഹം. അതുകൊണ്ടാണ് ഇപ്പോൾ കേരളീയ പൊതുസമൂഹത്തിൽ നിന്നും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ വരുന്നത്. ഇന്ത്യ നിലവിൽ ഭരിക്കുന്ന രാഷ്ട്രീയകക്ഷിയാണ് ബിജെപി. അതുകൊണ്ട് തന്നെ ആ പാർട്ടിയിൽ വിശ്വസിക്കുന്നത് കൊണ്ടോ, അതിന്റെ പ്രവർത്തനങ്ങളുമായി യോജിച്ച് പോകുവാനോ ഒരിന്ത്യൻ പൗരനും മറ്റൊരാളിൽ നിന്ന് സമ്മതം വാങ്ങിക്കേണ്ടതില്ല. പക്ഷെ അത്തരം രാഷ്ട്രീയ വിശ്വാസങ്ങളെ ഉയർത്തി കാണിക്കാൻ വേണ്ടി തന്റെ ജോലിയെയും അതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെയും അടിസ്ഥാനമാക്കി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുന്പോൾ അത് സമൂഹത്തിൽ ഭിന്നത ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
നമ്മുടെ നാട്ടിലെ എല്ലാ സംഘർഷങ്ങൾക്കും കാരണം ഒരു പ്രത്യേക വിഭാഗമാണെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും തന്നെ സാധ്യമല്ല. ശബ്ദമുണ്ടാകണമെങ്കിൽ രണ്ടു കൈപ്പത്തികളും ചേർന്ന് ഒന്നിച്ച് അടിക്കണം എന്ന തത്വമാണ് ഇവിടെ ഓർക്കേണ്ടത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന് തന്റെ ഭൂതം, ഭാവി, വർത്തമാനം എന്നിവയെ പറ്റി ഒരു അഭിമുഖം നൽകുന്പോൾ മുൻ കാലങ്ങളിൽ നമ്മുടെ നാട്ടിൽ ഉണ്ടായ സംഘർഷങ്ങളെ ശരിയായ അർത്ഥത്തിൽ വിശകലനം ചെയ്ത് ഭാവിയിൽ ഇങ്ങിനെയുള്ള അക്രമങ്ങൾ എങ്ങിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന നല്ല നിർദ്ദേശങ്ങൾ നൽകാമായിരുന്നു. അതിന് പകരം സാമുദായികമായി കേരളം വിഭജിക്കപ്പെട്ടുവെന്ന് പറയുന്പോൾ അത് അങ്ങിനെ ചിന്തിക്കാത്തവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്. എല്ലാ വിഭാഗങ്ങളിലും വർഗീയമായി ചിന്തിക്കുന്നവരുണ്ടെങ്കിലും എല്ലാവരും അങ്ങിനെയാണെന്ന് പറയാൻ സാധ്യമല്ല എന്ന യാഥാർഥ്യം ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. ഏറ്റവും ചിന്തിക്കേണ്ട ഒരു കാര്യം ഇത്രയും വലിയ ഉദ്യോഗസ്ഥന്‍റെ വായിൽ നിന്ന് ഇങ്ങിനെയൊരു പ്രസ്താവന വരുന്പോൾ നിഷ്പക്ഷ സമീപനം ഉള്ളവരിൽ പോലും വർഗീയതയുടെ വിഷം കയറി വരും. അതുകൊണ്ട് തന്നെ അദ്ദേഹം നടത്തിയ പ്രസ്താവന നിരുത്തരവാദപരമായി പോയി എന്ന് പറയാതെ വയ്യ. നീതി ഉറപ്പാക്കേണ്ടവരിൽ നിന്ന്, ജനങ്ങളെ ഒന്നായി കണ്ട് കാര്യങ്ങൾ മുന്പോട്ട് പോകാൻ ബാധ്യസ്ഥരായ ആളിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്പോൾ അത് ഇരുട്ടിനെ വിളിച്ചുവരുത്തിയത് പോലെയും തോന്നുന്നു.