ആണവ കൊറിയ

വി.ആർ സത്യദേവ്
ഉത്തരകൊറിയയെന്ന ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ ലോകത്തിനു മുന്നിലുയർത്തുന്ന ഭീഷണിയുടെ മുഖം കൂടുതൽ കൂടുതൽ വികൃതമാവുകയാണ്. അവരുടെ അണ്വായുധ പരീക്ഷണ പരന്പരയിൽ ഒന്നുകൂടി കഴിഞ്ഞ ദിവസം അരങ്ങേറി. അന്തർവാഹിനിയിൽ നിന്നും അണ്വായുധം വിക്ഷേപിക്കാവുന്ന മിസൈൽ തങ്ങൾ വിജയകരമായി പരീക്ഷിച്ചെന്നാണ് വടക്കൻ കൊറിയ ഇന്നലെ അവകാശപ്പെട്ടത്. ശനിയാഴ്ച ഉത്തരകൊറിയയുടെ വടക്കൻ തീരത്ത് നിന്നും ഒരു അന്തർവാഹിനിയിൽ നിന്നും നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന് അറിയിച്ച് ദക്ഷിണ കൊറിയൻ സൈനിക മേധാവി രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യം ഉത്തരകൊറിയൻ നേതൃത്വം നിഷേധിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങളും വ്യവസ്ഥകളുമായെത്തിയത്. വാർത്ത സ്ഥിരീകരിക്കുന്നതിനൊപ്പം പുതിയൊരുപാധിയും ഉത്തരകൊറിയ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
ദക്ഷിണകൊറിയയുമായിച്ചേർന്നുള്ള സംയുക്തസൈനികാഭ്യാസത്തിൽ നിന്നും അമേരിക്ക പിന്മാറിയാൽ ആണവപീക്ഷണങ്ങളിൽ നിന്നും പിന്മാറാമെന്നാണ് ഉത്തരകൊറിയയുടെ വാഗ്ദാനം. ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി സു യോംഗാണ് ഇക്കാര്യങ്ങളാവശ്യപ്പെട്ട് രംഗത്തെത്തിയത്. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഉത്തര കൊറിയയ്ക്കു ബാദ്ധ്യതയുണ്ടെന്നും ഇതിന്റെ ഭാഗം മാത്രമാണ് തങ്ങളുടെ ആണവ പരിപാടികൾ എന്നുമാണ് റി സു യോംഗിന്റെ നിലപാട്. എന്നാലീ വിലപേശലിനോട് അമേരിക്ക അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ തന്നെ ഈ നിർദ്ദേശം തള്ളിക്കളഞ്ഞിട്ടുണ്ട്.
ഒബാമയുടെ നിലപാട് ആഗോള അണവ ഭീഷണി ഫലപ്രദമായി നേരിടുന്ന കാര്യത്തിൽ ഗുണപരമാകുമോ എന്നത് സംശയകരമാണ്. ദക്ഷിണ കൊറിയൻ പ്രതിരോധങ്ങളുടെയും അമേരിക്കൻ പ്രകോപനങ്ങളുടെയും ആഗോള ഉപരോധങ്ങളുടെയും ഒക്കെ വെളിച്ചത്തിലും ഉത്തരകൊറിയയുടെ ആണവ പരിപാടികൾ ഘട്ടം ഘട്ടമായി പുരോഗമിക്കുക തന്നെയാണ്.
2006 ലാണ് ആദ്യമായി ആണവ പരീക്ഷണം നടത്തിയതെന്നും അതു വിജയമായിരുന്നെന്നും ഉത്തര കൊറിയ അവകാശപ്പട്ടത്. ഓരോ തവണയും അമേരിക്കയടക്കമുള്ളവർ ഇതൊരു വ്യജ അവകാശ വാദമാണെന്ന് ആരോപിച്ചു പുച്ഛിച്ചു തള്ളാറാണു പതിവ്. എന്നാൽ പരീക്ഷണം നടന്നുവെന്ന് തിരിച്ചറിയുന്ന പ്രദേശത്ത് അതു നടന്നു എന്നു പറയപ്പെടുന്ന സമയത്ത് അതിശക്തമായ ഭൂചലനങ്ങളുണ്ടായതായി ദക്ഷിണകൊറിയയുടേതടക്കമുള്ള ഭൂകന്പമാപിനികൾ രേഖപ്പെടുത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ അഞ്ചിനു മുകളിൽ രേഖപ്പെടുത്തപ്പെട്ട ഈ ഭൂചലനങ്ങളൊക്ക ആണവ വിസ്ഫോടന പരീക്ഷണങ്ങൾ കൊണ്ടുണ്ടായതു തന്നെയാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.
2006 ഒക്ടോബർ 9 നു നടന്ന ആദ്യ പരീക്ഷണവേളയിലും അമേരിക്ക ഇതൊരു തട്ടിപ്പാണെന്നാണ് ആദ്യം പ്രതികരിച്ചത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശമായ പുംഗ്യേ റീയിലായിരുന്നു ഭൂമിക്കടിയിൽ അന്നു പരീക്ഷണം നടത്തിയത്. അന്ന് അതിന്റെ ആണവ വികിരണങ്ങളൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്. തുടർന്നു പക്ഷെ ആ രാജ്യത്തിനെതിരേ അമേരിക്ക ഉപരോധം കൊണ്ടുവരികയും ചെയ്തു. എന്നാൽ മൂന്നു വർഷങ്ങൾക്കു ശേഷം മെയ് 25 ന് കൊറിയ വീണ്ടും ലോകത്തെ ഞെട്ടിച്ചു. രണ്ടു മുതൽ എട്ടുവരെ കിലോ ടൺ ശേഷിയുള്ള സ്ഫോടനമായിരുന്ന അതെന്നു വിലയിരുത്തപ്പെടുന്നു. അടുത്തത് 2013 ഫെബ്രുവരി 12 നായിരുന്നു. അന്നു വെളുപ്പിന് അതിശക്തമായ ഭൂചലനം രേഖപ്പെടുത്തപ്പെട്ടതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. ഇത് ആണവപരീക്ഷണത്തിന്റെ ഭാഗമായ സ്ഫോടനം മൂലമുള്ളതു തന്നെയാണെന്ന് വിലയിരുത്തപ്പെട്ടു.
ഇക്കൊല്ലമാദ്യമായിരുന്നു അടുത്ത പരീക്ഷണം. ജനുവരി ആറിന് അവരുടെ സ്ഥിരം പരീക്ഷണ സ്ഥലമായ പുംഗ്യേ റീയിൽ അന്നു നടന്നത് അതുവരെ നടത്തിയതിൽ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. അതിശക്തമായ ഹൈഡ്രജൻ ബോംബാണ് അന്നു പരീക്ഷിച്ചതെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്. തലസ്ഥാനമായ പ്യോംഗ്യാംഗിൽ നിന്നും 270 മൈൽ കിഴക്കു പടിഞ്ഞാറ് പുംഗ്യേ റീയിൽ പത്തു കീലോമീറ്റർ ആഴത്തിൽ പരീക്ഷണം നടത്തിയെന്നാണ് കൊറിയ അന്നവകാശപ്പെട്ടത്. ഉത്തര കൊറിയൻ സർവ്വാധിപൻ കിം ജോംഗ് അണ് അന്നിക്കാര്യം ദേശീയ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. അതിനു തൊട്ടു പിന്നാലേ ഒരു ആണവ യുദ്ധത്തിനു തയ്യാറാകാൻ കിം സ്വന്തം സൈനികരോട് ആഹ്വാനവും ചെയ്തു. ഒടുവിൽ കഴിഞ്ഞ മാസം മറ്റൊരു പ്രധാന പ്രഖ്യാപനവും കിം നടത്തി. അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള പുതിയൊരു പോർമുന ഉത്തരകൊറിയൻ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു എന്നായിരുന്നു അന്ന് കിം പ്രഖ്യാപിച്ചത്. ആ പുതിയ സാങ്കേതിക വിദ്യയും ആയുധങ്ങളും കിം പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും അവരുടെ ദേശീയ വാർത്താ ഏജൻസികൾ അന്നു പുറത്തു വിട്ടിരുന്നു. ആ ആയുധങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച പരീക്ഷിച്ചത് എന്നാണ് ഇപ്പോൾ അവരവകാശപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച ഉത്തരകൊറിയയുടെ കിഴക്കൻ തീരനഗരമായ സിപാനോയുടെ തീരത്ത് തന്പടിച്ച അന്തർവാഹിനിയിൽ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണം. എന്നാൽ പരീക്ഷണ സ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അവർ പുറത്തു വിട്ടിട്ടില്ല. പരീക്ഷണത്തിനുപയോഗിച്ച മിസൈൽ പറന്നുയർന്നത് അന്തർവാഹിനിയിൽ നിന്നല്ല, മറിച്ച് കടലിൽ തയ്യാറാക്കിയ ഒരു പ്ലാറ്റ്ഫോമിൽ നിന്നാണോ എന്നു ചില വിദഗദ്ധർ സംശയം ഉന്നയിച്ചിട്ടുണ്ട്. പരീക്ഷണം നടന്നിതിനടുത്തു തയ്യാറാക്കിയ പ്രത്യേക സങ്കേതത്തിലിരുന്ന് ഉത്തരകൊറിയൻ നായകൻ ഇതു വീക്ഷിച്ചതായും കൊറിയ അവകാശപ്പെട്ടു.
ദക്ഷിണ കൊറിയയിലെ പാവഭരണകൂടത്തിന്റെയും അമേരിക്കൻ സാമ്രാജ്യത്ത്വത്തിന്റെയും നേർക്ക് ഏതു നേരത്തു വേണമെങ്കിലും ആക്രമണമഴിച്ചുവിടാൻ ശേഷിയുള്ളതാണ് കഴിഞ്ഞ ദിവസം പരീക്ഷിച്ച ആയുധങ്ങളെന്നാണ് കിം ഇതിനെപ്പറ്റി പിന്നീടു വിശേഷിപ്പിച്ചത്. ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസപരിപാടികളുമായി മുന്നോട്ടു പോകുമെന്ന കടുംപിടുത്തത്തിൽ നിന്നും അമേരിക്ക പിന്മാറിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും മാത്രമല്ല ലോകത്തിനുത ന്നെ അതു ദോഷം ചെയ്യുമെന്നും കിം ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രധാനമായും അമേരിക്കക്കും ദക്ഷിണകൊറിയയ്ക്കുമെതിരായ ഭീഷണിയും സമ്മർദ്ദവുമായിത്തന്നെയാണ് ഉത്തര കൊറിയ തങ്ങളുടെ ആണവ പരിപാടികളെ ഉപയോഗിക്കുന്നത്.
പരന്പരാഗത ശത്രുക്കളായ ദക്ഷിണകൊറിയ അമേരിക്കയുടെ സഹായത്തോടെ തങ്ങൾക്കുമേൽ അധീശത്വം നേടാനുള്ള സാധ്യത എന്നുമവരെ ഭയപ്പെടുത്തുന്നു. സ്വയം ശാക്തീകരിക്കുക എന്നതു മാത്രമാണ് ഏതൊരു രാജ്യത്തിനും ഇത്തരം സാഹചര്യങ്ങളിൽ കരണീയമായ മാർഗ്ഗം. എന്നാലത് ആണവായുധങ്ങൾ വികസിപ്പിക്കുന്നതടക്കമുള്ള മാർഗ്ഗങ്ങളാകുന്പോൾ അതുയർത്തുന്നത് ആഗോള ഭീഷണി തന്നെയാവുന്നു. ഈ ആഗോള ഭീഷണിയിലൂന്നിയാണ് ഇക്കാര്യത്തിൽ അമേരിക്ക തങ്ങളുടെ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതും ഉപയോഗിക്കുന്നതും. ഏതു മേഖലകളിലും സംഘർഷ സാധ്യത വർദ്ധിക്കുന്പോഴാണ് അവിടങ്ങളിൽ ആയുധ വിൽപ്പനയ്ക്കുള്ള സാദ്ധ്യതയും വർദ്ധിക്കുന്നത്. അയൽ രാജ്യവുമായുങ്ങ് തർക്കം മുറുകുന്പോൾ ദക്ഷിണ കൊറിയക്ക് കൂടുതലായുധങ്ങളും അമേരിക്കയുടെ കൂടുതൽ സഹായവും ആവശ്യമായി വരുന്നു. ഉത്തരകൊറിയൻ മിസൈലുകളെ പ്രതിരോധിക്കാൻ നിലവിൽ ദക്ഷിണകൊറിയ പേട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. താഡ് എന്ന പേരിലറിയപ്പെടുന്ന ചെലവേറിയ പ്രതിരോധ സംവിധാനം വേറെയും. ഇതെല്ലാം അമേരിക്ക നൽകുന്നതാണ്. ഇവയൊന്നും ഒട്ടും സൗജന്യമായല്ല നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചുരുക്കത്തിൽ ദക്ഷിണ കൊറിയൻ ഭീഷണി അതിശക്തമാകുന്പോൾ ഫലത്തിൽ അമേരിക്കൻ ആയുധ നിയമ്മാണ രംഗം കൂടുതലുണരുകയാണ്, ശക്തിപ്പെടുകയാണ് ചെയ്യുന്നത്.
തങ്ങളുടെ പക്ഷത്തുള്ള ദക്ഷിണ കൊറിയയുടെ ഭീതിയകറ്റാനും കരുത്തു കാട്ടാനുമായി അമേരിക്കയുടെ ബി− 52 ബോംബർ വിമാനങ്ങൾ കൊറിയനതിർത്തിയിൽ പറന്നു തുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ എഫ്− 16 ദക്ഷിണ കൊറിയയുടെ എഫ്− 15 വിമാനങ്ങളും അതിന് അകന്പടിയാകുന്നു. ഭീതിയോ സംരക്ഷണമോ സ്വയരക്ഷയോ സ്വാർത്ഥമോ എന്തുമാകട്ടെ ആയുധങ്ങളുടെ സാന്നിദ്ധ്യവും പ്രയോഗവും ലോകത്തിന്‍റെ ആധി വർദ്ധിപ്പിക്കുന്നതു തന്നെയാണ്.
ഇതിനിടെ അടുത്തൊരു ആണവപരീക്ഷണത്തിനുകൂടി ഉത്തര കൊറിയ തയ്യാറെടുക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ് മെയ് ആദ്യ പകുതിയിൽ നടക്കുമെന്നാണറിയുന്നത്. 1980 നു ശേഷം ആദ്യമായി നടക്കുന്ന പാർട്ടി കോൺഗ്രസാണ് ഇത്. ഇതിനോടനുബന്ധിച്ച് കിമ്മിന്റെ പ്രതിശ്ചായ കൂടുതൽ മെച്ചപ്പെടുത്താൻ അത്തരമൊരു സ്ഫോടനം ഗുണകരമാകുമെന്ന് ഉത്തരകൊറിയൻ നേതൃത്വം കണക്കുകൂട്ടുന്നു. കാര്യകാരണങ്ങളെന്തായാലും ആഗോള ആണവഭീഷണിയുടെ ആക്കം വർദ്ധിപ്പിക്കുന്നതാണ് മേഖലയിലെ അനാവശ്യവും സർവ്വ നാശകരവുമായ ഈ ആയുധപരീക്ഷണ മത്സരം എന്ന കാര്യത്തിൽ തർക്കമില്ല.